KSRTC | നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ ബ്രേക് തകരാറിലായി; കെഎസ്ആര്‍ടിസി ബസ് റോഡരികിലേക്ക് ഇടിച്ചുനിര്‍ത്തി വന്‍ അപകടം ഒഴിവാക്കി ഡ്രൈവര്‍
മാനന്തവാടി: (www.kasargodvartha.com) മനോധൈര്യം കൈവിടാതെ വന്‍ അപകടം ഒഴിവാക്കി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ബസിന്റെ ബ്രേകിംഗ് സംവിധാനം തകരാറിലായത്. ബസ് തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഗണേഷ് ബാബു ഉടനെ റോഡരികിലുള്ള മണ്‍കൂനയിലേക്ക് ബസ് തിരിച്ചത്. ഇതോടെ മുന്‍ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു.
കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വച്ചായിരുന്നു സംഭവം. പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന സംസ്ഥാന പാതയിലെ മൊക്കത്ത് നിന്നും ബസില്‍ ആളെ കയറ്റി മുന്നോട്ട് പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക് ചവിട്ടിപ്പോഴാണ് ബ്രേക് തകരാറിലാണഎന്ന കാര്യം ഗണേഷ് അറിയുന്നത്. തൊട്ടു മുന്നില്‍ കുത്തനെയുള്ള ഇറക്കമാണെന്നും ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു എന്നും ഗണേഷ് പറഞ്ഞു.
അതേസമയം യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍.
Keywords: News, Kerala, Top-Headlines, Accident, Driver, KSRTC, KSRTC-bus, Wayanad: KSRTC bus lose brake while running.