Wasps Attack | കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിനെ തുരത്തി കടന്നല്‍ കൂട്ടം; കുത്തേറ്റ റേന്‍ജ് ഇന്‍സ്‌പെക്ടറും സംഘാംഗങ്ങളും ആശുപത്രിയില്‍
തിരുവനന്തപുരം: (www.kasargodvartha.com) കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിനെയും വാഹനത്തിനെയും പൊതിഞ്ഞ് കടന്നല്‍ കൂട്ടം. കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ എക്‌സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടറെയും സംഘാംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാമനപുരത്താണ് അപ്രതീക്ഷിത സംഭവം നടന്നത്. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്‌സൈസ് അന്വേഷണത്തിനായി ഇവിടെ എത്തിയത്.
റേന്‍ജ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍കുമാറും സംഘവും ചേര്‍ന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ച് ബൈകുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം ജീപ് നിര്‍ത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം.
ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്നെത്തി കുത്തുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപിലും കടന്നലുകള്‍ കയറിയെങ്കിലും വാഹനം അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം ദൂരെ മാറ്റിയിട്ട് കടന്നലുകളുടെ തുരത്തുകയായിരുന്നു.
പരുക്കേറ്റ എക്‌സൈസ് ഇന്‍സ്പെക്ടര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിജിന്‍ എന്നിവര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഈസമയം, അതുവഴി കടന്നുപോയ പല യാത്രക്കാര്‍ക്കും കടന്നല്‍ കുത്തേറ്റു.