Conservation | പ്രകൃതിയെ പരിപാലിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച കണ്ടല്‍ കാടുകളുടെ കൂട്ടുകാരന്‍; പ്രാദേശിക കൃഷി ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നീലേശ്വരത്തെ കൂടുതല്‍ അറിയാം
● മണ്ണിന്റെയും ചെടികളുടെയും ജീവന്റെയും മണമുള്ള പരീക്ഷണങ്ങള്‍.
● അപൂര്‍വസസ്യങ്ങളെക്കുറിച്ച് അഘാത പഠനം.
● സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രചോദനം.
● കൃഷി രീതികളിലെ നൂതനമായ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം.
● ലഹരിയില്ലാത്ത മധുരപാനീയം കണ്ടുപിടിച്ചതും ദിവാകരന്‍.
ഡോ. കൊടക്കാട് നാരായണന്‍
നീലേശ്വരം: (KasargodVartha) പ്രാദേശിക കൃഷി ശാസ്ത്രജ്ഞനായ ദിവാകരന്‍ നീലേശ്വരം, കേരളത്തിന്റെ പച്ചപ്പിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിത്വമാണ്. കാസര്‍കോട് ജില്ലയിലെ കടിഞ്ഞി മൂലയിലെ തന്റെ തോട്ടത്തില്‍ നിന്ന് ലോകത്തിന് മുഴുവന്‍ പച്ചപ്പിന്റെ സന്ദേശം പകരുന്ന ദിവാകരന്‍, കേവലം ഒരു കര്‍ഷകന്‍ മാത്രമല്ല, ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമാണ്. 8ാം ക്ലാസ് വരെ മാത്രമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത.
അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിരിക്കുന്നത് കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അനുഭവവും അദ്ദേഹത്തെ ഒരു പ്രാദേശിക ശാസ്ത്രജ്ഞനാക്കി മാറ്റിയിരിക്കുന്നു. അപൂര്‍വ്വ സസ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു പ്രചോദനമാണ്.
ദിവാകരന്റെ പരീക്ഷണങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നുള്ള പുരസ്‌കാരം. അതിനുശേഷം, അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. എന്നാല്‍, ഈ പുരസ്‌കാരങ്ങളെക്കാള്‍ വലിയ അംഗീകാരമാണ് കേരളത്തിന്റെ പച്ചപ്പിന് നല്‍കിയ സംഭാവന.
കണ്ടല്‍ക്കാടുകള്‍ കേരളത്തിന്റെ സംരക്ഷണ കവചമാണെന്ന് ദിവാകരന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ തോട്ടത്തില്‍ നിരവധി തരം കണ്ടല്‍ ചെടികള്‍ വളര്‍ത്തി, അവയെ നശിച്ചുപോയ കണ്ടല്‍ക്കാടുകളില്‍ നട്ടുപിടിപ്പിച്ചു. കേരളത്തിലെ പല പ്രദേശങ്ങളിലും ഇദ്ദേഹത്തിന്റെ പരിശ്രമഫലമായി പുതിയ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിട്ടുണ്ട്.
ദിവാകരന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഒരു പ്രചോദനമാണ്. അദ്ദേഹം തെളിയിച്ചത് ഒരു വ്യക്തിക്ക് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ്.
അപൂര്‍വ സസ്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ദൂരികരിക്കാന്‍ കള്ളുചെത്ത് തൊഴിലാളിയായ ദിവാകരന്റെ വീട്ടിലെത്തുന്നവര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തൊട്ട് അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞന്‍ വരെയുണ്ടത്രെ. സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ല കാര്‍ഷിക മേഖലയിലെ കണ്ടുപിടിത്തങ്ങളെന്ന് തികഞ്ഞ ജാഗ്രതയോടെയും നിരീക്ഷണങ്ങളിലൂടെയും തെളിയിച്ച് ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടുന്നതില്‍ വിജയിച്ച നാട്ടുകാരുടെ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനാണ് ദിവാകരന്‍.
2007ല്‍ കാര്‍ഷിക സര്‍വകലാശാല നടത്തിയ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ കൃഷി രീതികളിലെ നൂതനമായ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം ലഭിച്ചതോടെയാണ് ദിവാകരന്‍ നാട്ടുകാരുടെ പ്രാദേശിക 'കര്‍ഷക ശാസ്ത്രജ്ഞനായി' മാറിയത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടുമെന്നതുകൊണ്ടാണ് മുപ്പത് വര്‍ഷം മുമ്പ് തന്റെ ജീവിത മാര്‍ഗ്ഗമായ കൂലിപ്പണിയും തോണിപ്പണിയും ഒഴിവാക്കി കള്ള് ചെത്തു തൊഴിലിലേക്ക് മാറിയത്. പിന്നീട് ദിവാകരന്‍ കാര്‍ഷികമേഖലയില്‍ നടത്തിയ പരീക്ഷണങ്ങളും അതിലെ ഞെട്ടിക്കുന്ന വിജയങ്ങളും ശാസ്ത്ര വിദ്യാര്‍ഥികളെ പോലും അത്ഭുതപ്പെടുത്തി. അതോടെ ദിവാകരനെ തേടി ആദരവുകളുടെ പ്രവാഹം തന്നെ ഉണ്ടായി.
നാട്ടുകാര്‍ മുതല്‍ മന്ത്രിമാരില്‍ നിന്നടക്കം കാര്‍ഷിക പരീക്ഷണത്തിനുള്ള പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. വനമിത്ര പുരസ്‌കാരം, പ്രകൃതി മിത്ര പുരസ്‌കാരം, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഹരിതപുരസ്‌കാരം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌കാരം, സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ അക്ഷയ ശ്രീ, ഫാദര്‍ മാത്യു വടക്കഞ്ചേരി അവാര്‍ഡ്, 2018 ലെ മൃഗ സംരക്ഷണ വകുപ്പ് സുരഭി അവാര്‍ഡ്, ശ്രേഷ്ഠ ഔഷധ മിത്ര, കതിര്‍ അവാര്‍ഡ്, 2007 ല്‍ റോട്ടറി ക്ലബിന്റെ ബെസ്റ്റ് ഫെര്‍ഫോമന്‍സ് അവാര്‍ഡ്. 2008 ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ മികച്ച ശാസ്ത്രജ്ഞനുള്ള അവാര്‍ഡ്, 2015 ലെ കേരള വനം വന്യജീവി അവാര്‍ഡ് തുടങ്ങി നൂറിലധികം പുരസ്‌കാരങ്ങളും ദിവാകരനെ തേടിയെത്തി.
അംഗീകാരങ്ങളുടെ പട്ടിക ഇനിയും നീളും. പുരസ്‌ക്കാരങ്ങള്‍ ഓരോന്നായി ദിവാകരനെ അന്വേഷിച്ചെത്തുമ്പോഴും വേറിട്ട പുതിയ പരീക്ഷണങ്ങളുമായി ദിവാകരന്‍ വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകും. മണ്ണിന്റെയും ചെടികളുടെയും ജീവന്റെയും മണമുള്ള പരീക്ഷണങ്ങള്‍. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും 66-കാരനായ ദിവാകരന്‍ കള്ള് ചെത്ത് ഇന്നും മുടക്കിയിട്ടില്ലെന്നതാണ് മറ്റൊരു വാര്‍ത്ത. ആലാമിപ്പള്ളിയിലെ കള്ളുഷാപ്പില്‍ ദിവസം പത്ത് ലിറ്റര്‍ കള്ളുമായി പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ എത്തും.
ദിവാകരന്‍ ആദ്യം നടത്തിയ പരീക്ഷണം കള്ളില്‍ നിന്ന് തന്നെയാണല്ലോ. പൂങ്കുലയില്‍ നിന്നും കൂടുതല്‍ കള്ള് ഉല്പാദിപ്പിക്കാനുള്ള ടെക്നോളജിയും ലഹരിയില്ലാത്ത മധുരപാനീയം (ഇന്നത്തെ നീര) കണ്ടുപിടിച്ചതും ദിവാകരനാണ്. നീര ടോണിക്, ജാം, ചോക്കലേറ്റ്, ഐസ്‌ക്രീം, പാല്‍പൊടി, പെസ്റ്റ് എന്നിവ നീരയില്‍ നിന്നും കണ്ടെത്തിയ ദിവാകരന്‍ പിന്നീട് ഇങ്ങോട്ട് കാര്‍ഷിക പരീക്ഷണങ്ങളുടെയും അവയുടെ വിജയത്തിന് പിന്നാലെയുമാണ്.
നീരയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ശാസ്ത്രജ്ഞന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കൈയടി നേടി. കഴിഞ്ഞ 13 വര്‍ഷമായി കണ്ടല്‍ കാടുകള്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചാരണം നടത്തുകയാണ് ദിവാകരന്‍. കടിഞ്ഞി മൂലയിലെ പുരയിടത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്തെ നഴ്‌സറിയില്‍ കണ്ടല്‍ തൈകള്‍ വളര്‍ത്തി നല്‍കുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും കണ്ടല്‍ച്ചെടികള്‍ കൊണ്ട് ഹരിതാഭമാക്കണമെന്നാണ് ദിവാകരന്റെ സ്വപ്നം. അതിനായി കടിഞ്ഞിമൂലയിലെ പുഴയോരത്തെ പുരയിടത്തില്‍ പ്രകൃതിയുടെ വര്‍ണ്ണ വിസ്മയം തന്നെയുണ്ട്. എല്ലാ ജില്ലകളിലും കണ്ടല്‍ തുരുത്തുകള്‍ തുടങ്ങാന്‍ ദിവാകരന്‍ ഒരുക്കിയിരിക്കുന്നത് ഏതാണ്ട് രണ്ടു ലക്ഷത്തോളം കണ്ടല്‍ തൈകളാണ്. തന്റെ ജീവിത സമ്പാദ്യമാത്രയും ഇതിനായി ചെലവിടുന്നത് അദ്ദേഹത്തിന് ഒരു തരം ലഹരിയാണ്. ഇതിനു പുറമെയാണ് തോട്ടത്തിലെ അപൂര്‍വ ഔഷധ സസ്യങ്ങളും, ചെടികളും.ചിരട്ടയില്‍ തീര്‍ത്ത പട്ടിക്കൂട്, അനാര്‍ പഴം ഉല്പാദനം വര്‍ധിപ്പിക്കാന്‍ ചുറ്റും ചെമ്പരത്തി കൂട്ടം, വേറിട്ട കാഴ്ചകള്‍ വേറെയും.
വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് അവ സമൂഹത്തിനാകെ പ്രയോജനപ്പെടുത്തുന്നതിലും ദിവാകരന്‍ സജീവമാണ്. നന്നാറി മുതല്‍ നറുനീണ്ടി വരെ. നീല അമരി മുതല്‍ നീലക്കുറിഞ്ഞി വരെ. ദിവാകരന്റെ ഔഷധോദ്യാന ശേഖരത്തില്‍ മുന്നൂറിലധികം ഔഷധ സസ്യങ്ങളും അപൂര്‍വ വൃക്ഷങ്ങളും ഇടം നേടിയിട്ടുണ്ട്. മദനപ്പൂ എലിപ്പട്ടി അഥവാ കൊടവാഴ, വയ്യങ്കത, സൗഹൃദച്ചീര, അപൂര്‍വമായ കരിമരം, കമ്പകം, തുടങ്ങിയ മരങ്ങളും പൂതം കൊല്ലി, ഇരുപ്പ, അര്‍ബുദം കൊല്ലി, കമണ്ഡലു, രുദ്രാക്ഷം, ഭദ്രാക്ഷം തുടങ്ങിയ ഇനം അപൂര്‍വ ഔഷധ സസ്യങ്ങള്‍ തോട്ടത്തില്‍ വളര്‍ത്തുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ജീവനം' എന്ന പേരില്‍ സ്‌കൂള്‍ മുറ്റങ്ങളില്‍ ഔഷധ തോട്ടങ്ങളും സൗജന്യമായി നിര്‍മ്മിച്ച് നല്‍കി വരുന്നു. ഇതിനകം ദിവാകരന്റെ 'ജീവനം' പദ്ധതി നൂറ്റമ്പത് സ്‌കൂളുകള്‍ പിന്നിട്ടു. ഇതേ പദ്ധതി കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലും ഒരുക്കിയിട്ടുണ്ട്. ഇതിനകം പതിനായിരത്തോളം ഔഷധ ചെടികളും ദിവാകരന്‍ വിതരണം നടത്തിയിട്ടുണ്ട്. 'ഗൃഹവനം' എന്ന പേരില്‍ മറ്റൊരു പരിസ്ഥിതി പദ്ധതിയും ഇദ്ദേഹം നടപ്പാക്കി വരുന്നു.
തിരുവനന്തപുരം കോട്ടുകാല്‍ പഞ്ചായത്തില്‍ നിന്നായിരുന്നു തുടക്കം. കാസര്‍കോട് ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 15,000 കണ്ടല്‍ തൈകള്‍ നല്‍കി സ്വന്തം ജില്ലയിലെ കണ്ടല്‍ച്ചെടി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനകം എട്ട് ജില്ലകളില്‍ കണ്ടല്‍ തുരുത്തുകള്‍ സൃഷ്ടിക്കാന്‍ ദിവാകരന് സാധിച്ചു. ഹരിത കേരളം മിഷനും തൊഴിലുറപ്പ് പദ്ധതിയും സഹകരിച്ചു കൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പച്ചത്തുരുത്തുകള്‍ വ്യാപിപ്പിച്ചു. ഓരോ പഞ്ചായത്തുകളിലേക്കും ലക്ഷക്കണക്കിന് മരങ്ങളും ഫല വൃക്ഷത്തൈകളും ദിവാകരന്‍ നല്‍കി.
ജീവനം പദ്ധതിയില്‍ തിരുവനന്തപുരം തൊട്ട് ഇങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇതിനകം നട്ടു പിടിപ്പിച്ചത് 3 ലക്ഷം തൈകളാണ്. നീലേശ്വരത്ത് നടന്ന ജൈവോത്സവത്തില്‍ എത്തിയ 5600 പേര്‍ക്കും സൗജന്യമായി ദിവാകരന്‍ ഫല വൃക്ഷത്തൈകള്‍ നല്‍കി. പെരിയ കേരള കേന്ദ്ര സര്‍വകലാശാലാ വളപ്പിലും മാവുങ്കാല്‍ ആനന്ദാശ്രമത്തിലും നട്ടു പിടിപ്പിച്ച നൂറു കണക്കിന് മരങ്ങള്‍ ദിവാകരന്റെ നഴ്‌സറിയില്‍ നിന്ന് നല്‍കിയതാണ്. സംരക്ഷിക്കുമെന്നുറപ്പു നല്‍കുന്നവര്‍ക്ക് മാത്രമാണു തൈകള്‍ സൗജന്യമായി നല്‍കുന്നതെന്ന് മാത്രം. നാടിനെ പച്ചപ്പണിയിക്കാന്‍ ഒരു മനുഷ്യന്റെ പരിശ്രമങ്ങള്‍ ശ്രദ്ധനേടുന്നത് അദ്ദേഹത്തിന്റെ സമര്‍പ്പിത ശൈലി മൂലമാണല്ലോ. 30 വയസായപ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടു താല്‍പര്യം തോന്നിത്തുടങ്ങിയെന്ന് ദിവാകരന്‍ പറയുന്നു.
തന്റെ ജീവിതം തന്നെ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി നീക്കി വെച്ച പഴയങ്ങാടിയിലെ കല്ലേന്‍ പൊക്കുടന്‍ തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയാണെന്ന് ദിവാകരന്‍ വിശ്വസിക്കുന്നു. വടക്കെ മലബാറിലെ പുഴയോരത്തും ചതുപ്പു നിലങ്ങളിലും കാണപ്പെടുന്ന കണ്ടലുകളുടെ വിത്തുകള്‍ തേടിയുള്ള ദിവാകരന്റെ യാത്ര ആരംഭിച്ചത് അന്നു തൊട്ടാണ്. മൂന്നു പതിറ്റാണ്ടിന്റെ പ്രായം.
കണ്ടലിന്റെ പൊയ്ക്കാലുകള്‍ പോലെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കരുത്തുമുണ്ട്. തുടക്കത്തില്‍ നിലത്തു വീണ വിത്തുകളാണു ശേഖരിച്ചിരുന്നത്. പ്രസവിക്കുന്ന സസ്യങ്ങളായി ഇവയെ കണക്കാക്കുന്നു. മുളയോടു കൂടിയാണു വിത്തുകള്‍ വരുന്നത്. ഒരു ചെടിയില്‍ ഒരു സമയം ഇരുന്നൂറിലേറെ വിത്തുകളുണ്ടാകും. വേലിയേറ്റ സമയത്ത് പലപ്പോഴും ഭൂരിഭാഗം വിത്തുകളും ഒഴുകിപ്പോകും. ചുരുക്കം വിത്തുകള്‍ മാത്രമാണ് വളരുക. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് വിത്തു ശേഖരണം.
ദിനചര്യ പോലെ കണ്ടല്‍ ചെടികളുടെ സംരക്ഷണം ക്ഷമയോടെ കൊണ്ടു നടക്കുന്ന ദിവാകരന് രാവിലെ ഷാപ്പില്‍ കള്ളു കൊടുത്തു കഴിഞ്ഞാല്‍ പരിസ്ഥിതി ദിനം ആരംഭിക്കുകയായി. കണ്ടല്‍ വിത്തുകള്‍ ശേഖരണത്തിനായുള്ള യാത്ര, വിവിധ സ്ഥലങ്ങളില്‍ തൈകള്‍ എത്തിക്കല്‍, സ്‌കൂളുകളിലും കോളേജുകളിലും കണ്ടല്‍ക്കാടുകളെ കുറിച്ചുള്ള ക്ലാസുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഏറെ വൈകും. പിന്നെ നഴ്‌സറിയിലെ പെടികള്‍ക്കുള്ള പരിചരണം.
കണ്ടല്‍ ചെടികള്‍ ഉപ്പുവെള്ളത്തില്‍ മാത്രമേ വളരുകയുള്ളൂ എന്ന ധാരണ തിരുത്തി കുറിച്ചതാണ് ദിവാകരന്റെ മറ്റൊരു ശാസ്ത്രം. ശുദ്ധജലത്തില്‍ വളരുന്ന കണ്ടലുകള്‍ വികസിപ്പിച്ചെടുത്തതില്‍ സാഹസികത നിറഞ്ഞ പരീക്ഷണങ്ങളുണ്ട്.എട്ടു വര്‍ഷത്തോളമായി ശുദ്ധജലത്തില്‍ വളരുന്ന കണ്ടല്‍ ചെടികള്‍ ദിവാകരന്റെ നഴ്‌സറിയിലുണ്ട്. ഭ്രാന്തന്‍ കണ്ടല്‍, നല്ല കണ്ടല്‍, ഉപ്പൂറ്റി, കര കണ്ടല്‍, പൂക്കണ്ടല്‍, ആപ്പിള്‍ കണ്ടല്‍ തുടങ്ങി പതിനാറിലധികം കണ്ടലുകള്‍ ദിവാകരന്റെ ശേഖരത്തിലുണ്ട്. ഒന്നര ലക്ഷത്തോളം വൃക്ഷത്തൈകളും ഒരു ലക്ഷത്തോളം കണ്ടല്‍ തൈകളും ഇതിനകം പല സ്ഥലങ്ങളിലേക്കു നല്‍കിക്കഴിഞ്ഞു.
വരുമാനത്തിന്റെ ഭൂരിപക്ഷവും കണ്ടല്‍ തൈകള്‍ക്കായി ഇദ്ദേഹം ചെലവഴിക്കുന്നു. സ്വന്തം വീട്ടിലെ കാര്‍ഷിക നേഴ്‌സറിയില്‍ നിന്നും ദിവാകരന്‍ വളര്‍ത്തിയ രണ്ടുലക്ഷത്തിലധികം കണ്ടല്‍ ചെടികള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴയോരങ്ങളില്‍ യാതൊരു പ്രതിഫലവും കൂടാതെ വച്ചു പിടിപ്പിച്ചു. വിവിധ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ രഷ്ട്രീയ യുവജന സംഘടനകള്‍, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഇത്.
പുഴയോരത്ത് മതിലുകള്‍ കെട്ടി മണ്ണൊലിപ്പ് തടയുന്നത് ഒരേ സമയം പ്രകൃതി വിഭവങ്ങളുടെ ചൂഷണമാണ്. കല്ലുകള്‍ ചൂടാകുമ്പോള്‍ പുഴയിലെ വെള്ളം പെട്ടെന്ന് വറ്റുന്നു. മത്സ്യങ്ങളടക്കമുള്ള ജല ജീവികളുടെ ആവാസ വ്യവസ്ഥ തന്നെ അപകടത്തിലാകുന്നു. ഇതിന് ബദലായി കണ്ടല്‍ക്കാടുകള്‍ നടുന്നത് എത്രയോ ഫലപ്രദമാണെന്ന് സ്വന്തം പരീക്ഷണത്തിലൂടെ ദിവാകരന്‍ തെളിയിച്ചു. പാമ്പുകളും പഴുതാരയും കൊതുകും കുറെ മാലിന്യങ്ങളും നിറഞ്ഞ ചെളിക്കുണ്ടു മാത്രമാണ് കണ്ടല്‍ക്കാടുകള്‍ എന്നാണ് വിദ്യാസമ്പന്നരായ ആളുകളുടെ പോലും ധാരണ.2004 ലെ സുനാമിയില്‍ തമിഴ് നാട്ടിലെ പിച്ചാവരം, മുത്തുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങള്‍ സുനാമി തിരമാലകള്‍ വിഴുങ്ങാതെ രക്ഷപ്പെട്ടത് കണ്ടലിന്റെ കരുത്തു കൊണ്ടാണെന്ന് അറിഞ്ഞതോടെയാണ് കണ്ടല്‍ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. മത്സ്യങ്ങളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണത്.
മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറിയാണ്. കണ്ടലുകളുടെ നാശം മത്സ്യസമ്പത്തിനെയാണ് ബാധിക്കുക. മലിനീകരണം തടയല്‍, വെള്ളവും വായുവും ശുദ്ധീകരിക്കല്‍, കാറ്റിനെയും തിരമാലകളെയും ചെറുക്കല്‍, പ്രളയത്തിന്റെ തീവ്രത കുറക്കല്‍ തുടങ്ങി കണ്ടലുകളുടെ കഴിവ് അപാരമാണ്. കണ്ടലുകളുടെ വിലമതിക്കാനാവാത്ത മറ്റൊരു സവിശേഷത കാര്‍ബണ്‍ സ്വീക്വ സ്‌ട്രേഷന്‍ ആണ്. അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ദീര്‍ഘകാലത്തേക്ക് കരുതി വെച്ച് ആഗോള താപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനുള്ള പ്രതിഭാസം. കണ്ടല്‍ കാടുകള്‍ക്ക് നിത്യ ഹരിത വനങ്ങളെക്കാള്‍ അന്തരീക്ഷത്തില്‍ നിന്നും 4-5 ഇരട്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത് മണ്ണില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് ആധുനിക കാലത്തെ ഗവേഷണ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു.
കാലിത്തീറ്റ ,കോര്‍ക്ക്, ഔഷധങ്ങള്‍, ഭക്ഷണം, കണ്ടലുകളുടെ ഉപയോഗം നിരവധി. ദേശാടന പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഒരു പോലെ സുഖവാസ കേന്ദ്രമാണിത്.പത്ത് ജില്ലകളിലായി 1782 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ മാത്രമാണ് കേരളത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. 1975 ല്‍ 70000 ഹെക്ടര്‍ കണ്ടല്‍ ഉണ്ടായ കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് അതിന്റെ 2 ശതമാനത്തില്‍ താഴെ മാത്രം.
മാലിന്യമുക്തമാക്കി ഭൂമിയെ പച്ചപ്പണിയിക്കാനാണ് കടിഞ്ഞി മൂലയിലെ പി.വി. ദിവാകരന്‍ തന്റെ ജീവിതം നീക്കിവെച്ചിരിക്കുന്നത്. ഭാര്യ രേണുകയും മക്കളായ രാകേഷ്, രൂപേഷ്, രൂപികയും പേരക്കുട്ടികളും ദിവാകരന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുന്നു. പശുപരിപാലനവും കൃഷി നനക്കലും ചെയ്യുന്നത് രേണുകയാണ്.
പരിസ്ഥിതി സംരക്ഷണത്തെ ഓര്‍മ്മിക്കാന്‍ നമുക്ക് ജൂണ്‍ 5 വരെ കാത്തിരിക്കണം. എന്നാല്‍ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റി വെച്ച ഒരു സാധാരണ മനുഷ്യനാണ് ദിവാകരന്‍. മേല്‍വിലാസം: ദിവാകരന്‍ നീലേശ്വരം. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍, കടിഞ്ഞി മൂല, നീലേശ്വരം പി.ഒ. മൊബൈല്‍ ഫോണ്‍: 9037275653.
#mangroveconservation #Kerala #environment #sustainability #divakarannilambur