കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും വഖഫ് സെക്രട്ടറിയായിരുന്ന ബി എം ജമാലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ ഹിന്ദി പത്രത്തിന്റെ എഡിറ്റർക്കും അഭിഭാഷകനുമെതിരെ കോടതി സമന്‍സ് അയച്ചു
Jul 21, 2020, 22:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2020) കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും കേന്ദ്ര വഖഫ് സെക്രട്ടറിയായിരുന്ന കോട്ടിക്കുളത്തെ ബി എം ജമാലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ ദൽഹിയിൽ പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ എഡിറ്റർക്കും അഭിഭാഷകനുമെതിരെ കോടതി സമന്‍സ് അയച്ചു.
ഡല്‍ഹിയിലെ ഹിന്ദി പത്രത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെയും കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ബി എം ജമാലിന്റെയും ഫോട്ടോകള്‍ അടക്കം ഉള്‍പ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ബി എം ജമാല്‍ ഹോസ്ദുര്‍ഗ്ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇവർക്ക് സമന്‍സയക്കാന്‍ ഉത്തരവായത്.
2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച പത്രത്തില്‍ ബി എം ജമാലിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി 14,47,400 രൂപ പിടിച്ചെടുത്തു എന്നും 1,45,68,169 രൂപ അനധികൃതമായി സമ്പാദിച്ചുവെന്നും നിരവധി ബംഗ്ലാവുകളുടെ രേഖകള്‍ പിടിച്ചെടുത്തു എന്നും മറ്റും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് ജമാലിന്റെ പരാതി.
59,00,139 രൂപ ശമ്പള വരുമാനവും 86,68,040 രൂപ മൊത്തം ചിലവുമുണ്ടെന്നു കാണിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് വിജിലന്‍സ് ബ്യൂറോ 2018 ഫെബ്രുവരി 27 ന് ബി എം ജമാലിന്റെ വസതിയില്‍ റെയിഡ് നടത്തിയത്.
യഥാര്‍ത്ഥത്തില്‍ വിജിലന്‍സിന്റെ പരിശോധനയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മാതാവിന്റെ ചികില്‍സാ ബില്ലുകള്‍, പ്ലംബറുടെ ബില്ലുകള്‍, സ്റ്റെബിലൈസറിന്റെ വാറന്റി കാര്‍ഡ് തുടങ്ങിയവ ലഭിച്ചതായാണ് മഹസ്സറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബി എം ജമാല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ വിജിലന്‍സ് നല്‍കിയ മറുപടിയില്‍ തന്നെ, തുടരന്വേഷണത്തില്‍ ജമാലിന്റെ യഥാര്‍ത്ഥ ശമ്പള വരുമാനം 1,04,00,112 രൂപ (പ്രൊവിഡന്റ് ഫണ്ട്, ഇന്‍കംടാക്‌സ് തുടങ്ങിയവയിലുള്ള വിഹിതമായ 29,59,977 രൂപ അടക്കം) ആണെന്നും എഫ് ഐ ആറില്‍ ചിലവായി കാണിച്ച 86,68,040 രൂപയില്‍ വീട്ടു വാടകയായി കാണിച്ച 25,68,000 രൂപ തെറ്റാണെന്നും താമസിച്ചിരുന്നത് ഔദ്യോഗീക വസതിയിലായിരുന്നെന്നും ഹൈക്കോടതി മുമ്പാകെ അറിച്ചിരുന്നതായും ജമാൽ ഹൊസ്ദുർഗ്ഗ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
തെറ്റായ കണക്കുകള്‍ കാണിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്നത് ഇതില്‍ നിന്നും വ്യക്തമായിരുന്നുവെന്ന് ജമാൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപകീര്‍ത്തികരമായ വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് നാലു ദിവസം മുമ്പുതന്നെ വാര്‍ത്തയുടെ ഡിജിറ്റല്‍ കോപ്പികള്‍ കേരളത്തില്‍ പലര്‍ക്കും വാട്‌സ്ആപ് മുഖേന അയച്ചിരുന്നു. വാര്‍ത്തയില്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ അപകീര്‍ത്തികരമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പത്രത്തിന്റെ എഡിറ്റര്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗമായിരുന്ന മുംബൈ സ്വദേശിയായ അഭിഭാഷകന്‍ എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ. കേസ് ഫയലില്‍ സ്വീകരിച്ച കോടതി പ്രതികളോട് ആഗസ്റ്റ് 14 ന് കോടതിയിൽ ഹാജരാകുവാനാവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുകയാണ്.
വഖഫ് ബോര്‍ഡ് സി ഇ ഒ ആയിരുന്ന സമയത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ശത്രുതയുള്ള ചിലരുമായി രണ്ടാം എതിർകക്ഷി ഗൂഢാലോചന നടത്തിയാണ് ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായിരിക്കെ ബി എം ജമാല്‍ സ്വീകരിച്ച ചില നടപടികളില്‍ രണ്ടാം എതിർ കക്ഷി അസന്തുഷ്ടനായിരുന്നു എന്നും അത്തരം നടപടികള്‍ക്ക് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചതിനാലുമാണ് എതിർകക്ഷികൾ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും ഹര്‍ജിയില്‍ ജമാൽ ആരോപിച്ചിട്ടുണ്ട്.
വാര്‍ത്തയില്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി 'മാനവേന്ദ്രസിംഗ്' എന്ന പേര് സ്വീകരിച്ചിരുന്നതായും ആരോപിച്ചിട്ടുണ്ട്. ബി എം ജമാലിനുവേണ്ടി അഡ്വ. പി നാരായണന്‍ ഹാജരായി.
Keywords: Kasaragod, Kerala, News, Kanhangad, delhi, News, Court, Summons against Delhi newspaper in Hosdurg magistrate court