ടാങ്കർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു; സുഹൃത്തുക്കൾക്ക് ഗുരുതര പരുക്ക്
Dec 20, 2022, 10:10 IST
ബേക്കൽ: (www.kasargodvartha.com) ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കൾക്ക് ഗുരുതര പരുക്കേറ്റു. ചന്ദ്രഗിരി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മൗവ്വലിലെ അബ്ദുർ റഹ്മാന്റെ മകനുമായ അശ്ഫാഖ് (18) ആണ് മരിച്ചത്. പള്ളിക്കര ജൻക്ഷനിൽ തിങ്കളാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ രണ്ട് സുഹൃത്തുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
ടർഫ് മൈതാനത്ത് ഫുട്ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക് പെരിയ റോഡിൽ നിന്നും കെ എസ് ടി പി സംസ്ഥാന പാതയിലേക്ക് കയറുന്നതിനിടെ ബേക്കൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അശ്ഫാഖിൻ്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സുഹ്യത്തുക്കൾക്കും തലയ്ക്കാണ് പരുക്കേറ്റത്. അപകട സമയത്ത് സമീപത്ത് ഉണ്ടായിരുന്നവർ ഇവരെ ഉടൻ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്ഫാഖിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala,news,Top-Headlines,Bekal,kasaragod,Accidental Death,Tanker-Lorry,Bike,Police,Investigation, Student died in collision between tanker lorry and bike.