city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്‌കൂളിനെതിരെ അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 27/01/2015) സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ ഹാജരാക്കി മത്സരിച്ച ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘനൃത്തം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലോകായുക്തയില്‍ നിന്നും വിധി സമ്പാദിച്ച് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം മത്സരിക്കുകയും എ. ഗ്രേഡ് ലഭിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.

ചെറുവത്തൂര്‍ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ തല മത്സരത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘ നൃത്തത്തില്‍ മത്സരിച്ചിരുന്നില്ല. സ്‌കൂള്‍ കലോത്സവ മാനുവല്‍ പ്രകാരം ഒരു കുട്ടിക്ക് മൂന്നു വ്യക്തികത ഇനത്തിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

ജില്ലാ കലോത്സവത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തിരുവാതിരയിലും കൂടിയാട്ടത്തിലും ചവിട്ടുനാടകത്തിലും മത്സരിച്ചിരുന്നു. എന്നാല്‍ രണ്ടിലധികം ഗ്രൂപ്പ് ഇനങ്ങളില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നതായുള്ള വിവരം ശ്രദ്ധയില്‍പെട്ട ഡി.ഡി.ഇ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘനൃത്തത്തില്‍ മത്സരിക്കാന്‍ സ്റ്റേജില്‍ കയറുന്നത് കാടങ്കോട് വെച്ച് തടഞ്ഞിരുന്നു.

ഇതിനെതിരെയാണ് വ്യാജ അപ്പീലുണ്ടാക്കി ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം സംഘനൃത്തത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച തങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മത്സരിക്കുകയും ചെയ്തിരുന്നു.

സംഘനൃത്തത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഒഴിവാക്കിയതായുള്ള പരാതിയില്‍ മാര്‍ച്ച് രണ്ടിന് ലോകായുക്തയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഡി.പി.ഐയ്ക്കും ഡി.ഡി.ഇയ്ക്കും സംഘനൃത്തത്തില്‍ ജില്ലയില്‍ നിന്നും മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ക്യാപ്റ്റന്‍ അപര്‍ണയ്ക്കും ഇപ്പോള്‍ നോട്ടീസയച്ചതോടെയാണ് അപ്പീല്‍ തിരുത്തിയ സംഭവം പുറത്തുവന്നത്.

സംഘനൃത്തത്തില്‍ ക്രമനമ്പര്‍ 106 പ്രകാരം ഡി.ഡി.ഇയ്ക്ക് അപ്പീല്‍ നല്‍കിയതായും സംഘനൃത്തത്തില്‍ രണ്ടാം സ്ഥാനം നേടിയ ഉദുമ സ്‌കൂളിന് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ക്രമനമ്പര്‍ 106 പ്രകാരം ഡി.ഡി.ഇയ്ക്ക് അപ്പീല്‍ ലഭിച്ചത് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തന്നെ വിപിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലായിരുന്നു. വഞ്ചിപ്പാട്ടിലാണ് വിപിന്‍ അപ്പീല്‍ അനുവദിക്കാന്‍ ഡി.ഡി.ഇയ്ക്ക് അപേക്ഷ നല്‍കിയത്. ഡി.ഡി.ഇ ഈ അപ്പീല്‍ അപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഈ അപ്പീല്‍ അപേക്ഷ സ്‌കാന്‍ ചെയ്ത് ഫോട്ടോഷോപ്പ് വഴി വ്യാജ അപ്പീലുണ്ടാക്കി സംഘനൃത്തത്തില്‍ മത്സരിച്ചതാണെന്നുള്ള രീതിയില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ പേരിലാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ബോധപൂര്‍വ്വം വ്യാജരേഖ ചമച്ചതിനും വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനുമെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഈ സംഭവത്തില്‍ ഡി.പി.ഐ യെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയ ശേഷം പോലീസില്‍ പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ഡി.ഡി.ഇ രാഘവന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റിജക്റ്റ് ചെയ്ത അപ്പീല്‍ മറ്റൊരു മത്സര ഇനത്തിന്റെ അപ്പീലാക്കി മാറ്റിയത് കലോത്സവങ്ങളുടെ അപ്പീലുകളും മറ്റും പരിശോധിച്ചിരുന്ന ഐ.ടി. അറ്റ് സ്‌കൂള്‍ അധികൃതരാണ് കണ്ടെത്തിയത്.
വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്‌കൂളിനെതിരെ അന്വേഷണം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia