city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം മാതൃക: റവന്യൂമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 20.01.2020) ഭവന നിര്‍മ്മാണ പദ്ധതികള്‍  ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് റവന്യൂവകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭയുടെ ലൈഫ് മിഷന്‍,പിഎംഎവൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അരനൂറ്റാണ്ടായി വിവിധ ഭവന നിര്‍മ്മാണ പദ്ധതികളിലൂടെ നിരവധി പേര്‍ക്കാണ്  കേരളത്തില്‍ വീട്  നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. 73 ,74 ഭരണ ഘടനാ ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവനരഹിതരെ കണ്ടെത്തി,ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യം 55000 പേരുടെ  നിര്‍മ്മാണം പൂര്‍ത്തിയാവാത്ത വീട് പൂര്‍ത്തീകരിക്കുന്നതിനും രണ്ടാംഘട്ടത്തില്‍ ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനും  ആണ് നേതൃത്വം നല്‍കിയത്. മൂന്നാംഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിച്ചത് നല്‍കും.സംസ്ഥാനത്ത് ഒട്ടാകെ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് ലക്ഷം വീടുകളുടെ പ്രഖ്യാപനം ജനുവരി 26 ന്  മുഖ്യമന്ത്രി നടത്തും.

കാഞ്ഞങ്ങാട് നഗരസഭയിലെ 175 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടും, അവരുടെ സ്ഥലം നിലമാണെന്ന് ഡേറ്റാബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് നരസഭയില്‍ പൂര്‍ത്തീകരിച്ചത് 565 ഭവനങ്ങള്‍

ലൈഫ്, പിഎംഎവൈ പദ്ധതിയിലൂടെ കാഞ്ഞങ്ങാട് നഗരസഭയില്‍ 565 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു.351 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ങ്ങള്‍ നടന്നു വരുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ ലൈഫ് മിഷന്‍,പിഎംഎവൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട്  നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി എം കെ ഗിരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍,ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍,വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മഹമ്മൂദ് മുറിയനാവി,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഭാഗീരഥി,കൗണ്‍ലിര്‍മാരായ എച്ച് റംഷീദ്,കെ മുഹമ്മദ് കുഞ്ഞി, സികെ വത്സലന്‍,എം  എം നാരായണന്‍ നാരായണന്‍,ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വല്‍സന്‍,നഗരസഭാ ലൈഫ് മിഷന്‍ ചാര്‍ജ്ജ് ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ,്  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ഗംഗാ രാധാകൃഷ്ണന്‍ സ്വാഗതവും പി വി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.കുടുംബസംഗമത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സഹായ പദ്ധതികളെ  പരിചയപ്പെടുത്തുന്നതിന് വിവിധ വകുപ്പുകളുടെ സ്റ്റാളും  സജ്ജമാക്കിയിരുന്നു.സംഗമത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി

ദുരിത കടലില്‍ തുണയായ സര്‍ക്കാറിന് നന്ദി

ഇടിഞ്ഞു പൊഴിഞ്ഞു വീഴായ വീടിന് കീഴില്‍ ഹൃദ്രോഗിയായ ഭര്‍ത്താവിന് ഒപ്പം കഴിയുമ്പോള്‍ ശ്യാമളയ്ക്ക് ഒന്നേ മനസില്‍ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ.അടച്ചുറപ്പുള്ള വീട് സ്വന്തമാക്കുക. അതായിരുന്നു ആ 60 കാരിയുടെ എക്കാലത്തെയും ആഗ്രഹം.ആഗ്രഹത്തിന് വല്ലപ്പോഴും സാഹചര്യങ്ങള്‍ വിലങ്ങ് തടിയായി വന്നപ്പോഴും സര്‍ക്കാര്‍  ശ്യാമളയെ  കൈവിട്ടില്ല. പിഎംഎവൈ പദ്ധതിയിലൂടെ ഭവനം നിര്‍മ്മാണത്തിന്  ധനസഹായം നല്‍കിയാണ് സര്‍ക്കാര്‍ ഇവരെ തുണച്ചത്.കാഞ്ഞങ്ങാട് നഗരസഭയിലെ  ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശിനിയാണ് ഇവര്‍.വികലാംഗനും ഹൃദ്രോഗിയായ ഭര്‍ത്താവ് നാരായണനും മകന്‍ നിഷാന്തും നിഷാന്തിന്റെ ഭാര്യ രാജിയും പേരമക്കളും അടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. മകള്‍  നിഷ വിവാഹിതയായി,ഭര്‍ത്താവിനൊപ്പമാണ് താമസം.വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് മകന്‍ നിഷാന്തിനെ  വാഹനാപകടത്തില്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് നഷ്ടമായത്.

ദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും സര്‍ക്കാര്‍ നല്കിയ തുണയെ ഇവര്‍ സ്മരിക്കുന്നു. പിഎംഎവൈ പദ്ധതി പ്രകാരം ഭവനം നിര്‍മ്മാണം  പൂര്‍ത്തീയാക്കിയ ഇവര്‍,ആ വീട്ടിലാണ് ഭര്‍ത്താവിനും മരുകള്‍ക്കും പേരമക്കള്‍ക്കും ഒപ്പം ഇപ്പോള്‍ താമസിക്കുന്നത്.ഭര്‍ത്താവിന് ലഭിക്കുന്ന വികലാംഗ പെന്‍ഷനും,തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന കൂലിയും ആണ് ഈ കുടുംബത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഒപ്പം നല്ലവരായ നാട്ടുകാരുടെ സഹായവും സ്നേഹവും.

611 കുടുംബങ്ങളുടെ സ്വപ്ന സാക്ഷാത്കാരം; ആത്മ നിര്‍വൃതിയോടെമഞ്ചേശ്വരം ബ്ലോക്ക് ലൈഫ് ഗുണഭോക്താക്കള്‍ സംഗമിച്ചു

മഞ്ചേശ്വരം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ കാലങ്ങളായി ഹൃദയത്തില്‍ ചേര്‍ത്തു വച്ചിരുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരം പങ്കുവെക്കുന്നതിനുള്ള വേദിയായി കുടുംബ സംഗമം മാറി. മഞ്ചേശ്വരം കലാസ്പര്‍ശം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം എം സി കമറുദ്ദീന് എ ംഎല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് മികച്ച സൗകര്യങ്ങളോടെയാണ് വീട് ലഭ്യമാക്കുന്നതെന്നും ഗുണഭോക്താക്കളെ കൈയൊഴിയാതെ തുടര്‍സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, പുത്തിഗെ, പൈവളികെ, എന്മകജെ പഞ്ചായത്തുകള്‍ക്ക് എംഎഎല്‍എ ഉപഹാരം നല്‍കി. തുടര്‍ന്ന് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്കില്‍ നിര്‍മാണം പൂര്‍ത്തിയായത് 611 വീടുകള്‍

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 611 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇതില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 68 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്‍മകജെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 77 വീടുകളും, മംഗല്‍പാടിയില്‍ 65ഉം, മഞ്ചേശ്വരം 50, മീഞ്ച 71, പൈവളികെ 68, പുത്തിഗെ 61, വോര്‍ക്കാടിയില്‍ 55 വീടുകളുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഒരു വീടും പട്ടികജാതി വിഭാഗത്തില്‍ ഏഴും പട്ടികവര്‍ഗ വിഭാഗത്തില്‍ 20ഉം ഫിഷറീസ് രണ്ട് വീടുകളും നിര്‍മിച്ചിട്ടുണ്ട്. ഇത് കൂടാതെ പി എം എ വൈ റൂറല്‍ പദ്ധതിയില്‍ 66 വീടുകളും നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ 182 വീടുകളും രണ്ടാംഘട്ടത്തില്‍ 429 വീടുകളുമാണ് നിര്‍മിച്ചത്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

നേരത്തേ വിവിധ പദ്ധതികളിലായി സഹായ ധനം അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയാണ് 2017 നവംബറില്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നടത്തിയത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാമത്തെ ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കുള്ള വീട് നിര്‍മ്മാണവുമാണ് നടത്തുന്നത്.

ജീവന മന്ത്രമോതി കൃഷി വകുപ്പ്

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് കാര്‍ഷികവൃത്തിയുടെ അതിജീവന മന്ത്രമോതി കൃഷി വകുപ്പ്. 'ജീവനി: നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം' എന്ന പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ചെടികളും വിത്തുകളും നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫില്‍ നിന്നും ചെടികളടങ്ങിയ കിറ്റ് സ്വീകരിച്ച് എംസി കമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഗത്തി ചീര, പപ്പായ, മാതളനാരങ്ങ, ക്ലസ്റ്റര്‍ ബീന്‍സ്, കറിവേപ്പ് എന്നീ ചെടികളാണ് കിറ്റിലുള്ളത്. സബ്‌സിഡിയോടെ അമ്പത് രൂപക്കാണ് കിറ്റ് നല്‍കുന്നത്. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ പുരയിടത്തില്‍ ചുരുങ്ങിയ സ്ഥലത്ത് തന്നെ കൃഷി ചെയ്ത് ഫലം കൊയ്യാന്‍ സാധിക്കുന്നതിലൂടെ കൃഷിയോടുള്ള താത്പര്യം വര്‍ധിപ്പിക്കാനുമാണ് ജീവനി പദ്ധതി നടപ്പാക്കുന്നത്.

അദാലത്തില്‍ ഭാഷാ സംഗമവും

ലൈഫ് ഗുണഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച അദാലത്ത് ഭാഷാ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വിവിധ വകുപ്പുകളുടെ 18 സ്റ്റാളുകളാണ് അദാലത്തിനായി തയ്യാറാക്കിയത്. ഈ സ്റ്റാളുകളില്‍ വിവരങ്ങള്‍ കന്നഡയിലും മലയാളത്തിലും തയ്യാറാക്കിയിരുന്നു. ഓരോ വകുപ്പില്‍ നിന്നും ലഭ്യമാവുന്ന സേവനങ്ങള്‍ ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഇരുഭാഷകളിലും വേദിയില്‍ അവതരിപ്പിച്ചിരുന്നു. ഇതു കൂടാതെ ആവശ്യക്കാര്‍ക്ക് തുളു ഭാഷയിലും ഉറുദുവിലും ബ്യാരിയിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംശയങ്ങള്‍ തീര്‍ത്തു കൊടുത്തു. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ പങ്കാളികളാക്കുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം നേടാനും സ്റ്റാളുകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. റേഷന്‍കാര്‍ഡ്, വിവിധ ക്ഷേമ പെന്‍ഷനുകള്‍, സ്വയം തൊഴില്‍ പദ്ധതി, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, തൊഴില്‍കാര്‍ഡ്, സംരംഭങ്ങള്‍ ആരംഭിക്കല്‍, ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍, ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സ്റ്റാളുകളുണ്ടായിരുന്നു. പരമാവധി പരാതികള്‍ക്കും ഉടന്‍ തന്നെ പരിഹാരം ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ശംശാദ് ഷുക്കൂര്‍, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ബി എ അബ്ദുല്‍ മജീദ്, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് വൈ ശാരദ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ മുഹമ്മദ് മുസ്തഫ, ബഹറിന്‍ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹസീന, സദാശിവ, എ സപ്രീന, ബി സവിത, എം പ്രദീപ് കുമാര്‍, ബി മിസ്ബാന, ബി എം ആശാലത, സായിറാ ബാനു, ജോയിന്റ് ബിഡിഒ കെ നൂതന കുമാരി, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം മാതൃക: റവന്യൂമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Revenue Minister, E.Chandrashekharan, Kanhangad, House, Government, Family, Revenue minister on Life mission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia