city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി വിശ്രമം ലഭിക്കും; ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച വിശ്രമം സമ്പ്രദായം കാസര്‍കോട്ടും നടപ്പാക്കി

കാസര്‍കോട്: (www.kasargodvartha.com 18.05.2020) കോവിഡിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ആഴ്ചയിലെ ഓഫ് പോലും ലഭിക്കാതെ വിശ്രമമില്ലാതെ ജോലി ചെയ്ത് വന്നിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി വിശ്രമം ലഭിക്കും. ഡി.ജി.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച വിശ്രമം എന്ന സമ്പ്രദായം കാസര്‍കോട്ടും  നടപ്പാക്കിയതായി കാസര്‍കോട് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക് നാഥ് ബഹ്‌റ ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വയനാട്ടിലടക്കം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെ ഭൂരിഭാഗം പോലീസ് സേനാംഗങ്ങള്‍ക്കും കോറന്റെനില്‍ പോകേണ്ടി വന്ന സാഹചര്യം ഉണ്ടായതോടെയാണ് പോലീസിന്റെ പ്രവര്‍ത്തനം താറുമാറാകാതിരിക്കാന്‍ ഒരാഴ്ച ജോലി ഒരാഴ്ച വിശ്രമം എന്ന തീരുമാനത്തിലെത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ലോ ആന്റ് ഓര്‍ഡര്‍ എസ്.ഐമാര്‍ക്ക് ഒരാഴ്ചയും ക്രൈം എസ്.ഐക്ക് അടുത്ത ആഴ്ചയും ഡ്യൂട്ടി നല്‍കണമെന്നാണ് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നത്.

കോവിഡിന്റെ തുടക്കത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും വ്യക്തമായ കാരണമില്ലാതെ ലീവ് നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് മേലധികാരികള്‍ സ്വീകരിച്ചത്.

നിരന്തരമായ ജോലികാരണം പലവിധ മാനസീക പ്രയാസത്തിലായിരുന്ന, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ തീരൂമാനം ഏറെ ആഹ്‌ളാദം പകരുന്നതാണ്.

മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിലധികം ലീവ് ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസ് സേനാംഗങ്ങള്‍ ഊണും ഉറക്കവും ഒഴിഞ്ഞ് ജോലി ചെയ്ത് കൊണ്ടിരുന്നത്.

ഇപ്പോള്‍ ട്രൈയിനിംഗ് ക്യാമ്പില്‍ ഉണ്ടായിരുന്നവരെ പോലും ട്രെയിനിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് വിവിധ പോലീസ് സ്റ്റേഷനുകളില്‍ താല്‍കാലികമായി ഡ്യൂട്ടിക്ക് നിര്‍ത്തിയിരുന്നു.

ആവശ്യത്തിന് പോലീസ് ഫോഴ്‌സ് ഇല്ലാത്തത് കൊണ്ട് കോവിഡിന് മുമ്പ് പോലും കൃത്യമായ അവധി പോലീസ് സേനാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്ന പോലീസുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നതും മറ്റൊരു വിരോധാഭാസമായി നില്‍ക്കുകയാണ്.

ഇപ്പോള്‍ ഒരാഴ്ച വിശ്രമം ലഭിക്കുമെന്നത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളോടൊത്ത് കഴിയാന്‍ ഇഷ്ടം പോലെ സമയം ലഭിക്കും.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി വിശ്രമം ലഭിക്കും; ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച വിശ്രമം സമ്പ്രദായം കാസര്‍കോട്ടും നടപ്പാക്കി



Keywords: Kasaragod, Kerala, News, Police, Police-officer, Rest for Police officers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia