city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിയാ റഫീഖിനെ തോക്കുമായി കൊല്ലാനെത്തിയ സംഭവം യാഥാര്‍ത്ഥ്യമാണോ? കൊല്ലാനെത്തിയ ആളുടെ പരാതിയില്‍ കൊല്ലിക്കാന്‍ ഏല്‍പിച്ചവര്‍ക്കെതിരെ കേസ്

ഉപ്പള: (www.kasargodvartha.com 15/12/2015) കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ പ്രെട്രോള്‍ പമ്പ് അക്രമക്കേസിലെ പ്രതിയായ യുവാവ് തോക്കുമായി കൊല്ലാനെത്തിയ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന ചോദ്യം പോലീസിനെ കുഴക്കുന്നു. റഫീഖിനെ കൊല്ലാനെത്തിയ ഉപ്പള കൊടിബയലിലെ മുഹമ്മദ് അഷ്ഫാഖിന്റെ (32) പരാതിയില്‍ ഉപ്പളയിലെ കസായി ഷരീഫ്, നേരത്തെ കൊല്ലപ്പെട്ട ഉപ്പളയിലെ മുത്തലിബിന്റെ സഹോദരന്‍ ത്വാഹിര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് 3 റെഡ് വിത്ത് 25 (ഒന്ന്) (എ) ആംസ് ആക്ട് പ്രകാരം കേസെടുത്തു.

സംഭവത്തിന്റെ ചുരുളഴിക്കാന്‍ കുമ്പള സി ഐ, പി കെ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 10ന് രാത്രി എട്ട് മണിക്ക് ഉപ്പള മണ്ണംകുഴി ഗ്രൗണ്ടിന് സമീപംവെച്ച് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്ത കേസിലെ പ്രതിയായ അഷ്ഫാഖ് റഫീഖിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന് അഷ്ഫാഖ് തന്നെയാണ് മാപ്പുസാക്ഷിയായി മഞ്ചേശ്വരം പോലീസില്‍ 14ന് വൈകിട്ട് 5.30ന് തോക്കുമായി ഹാജരായി നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്ക് തോക്ക് ഉപയോഗിച്ചുവെടിവെക്കാന്‍ കഴിയാത്തതിനാല്‍ റഫീഖും കൂടെയുണ്ടായിരുന്ന മറ്റുരണ്ടുപേരും തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും അഷ്ഫാഖിന്റെ മൊഴിയിലുണ്ട്.

അഷ്ഫാഖിനെ പിടികൂടിയ റഫീഖും സംഘവും പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. പ്രതിയേയും തോക്കും ഹാജരാക്കണമെന്ന് മഞ്ചേശ്വരം എസ് ഐ പ്രമോദ് ആവശ്യപ്പെട്ടെങ്കിലും പ്രതിയെ ഹാജരാക്കുന്നതില്‍ ചില നിബന്ധനകള്‍ റഫീഖ് മുന്നോട്ടുവെച്ചതോടെ പോലീസ് ഇതില്‍നിന്നും പിന്മാറി. റഫീഖിന് നേരെനടന്ന വധശ്രമം നാടകമാണോയെന്ന സംശയമാണ് പോലീസിന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് റഫീഖിന്റെ നിബന്ധനകള്‍ പോലീസ് ചെവിക്കൊള്ളാതിരുന്നത്. ഇതിനുശേഷം റഫീഖ് തന്നെ കൊല്ലാനെത്തിയെന്നു പറയപ്പെടുന്ന പ്രതിയെ ഉപ്പളയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഹാജരാക്കി വലിയ സംഭവമാക്കിമാറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം ചര്‍ച്ചാവിഷയമായതോടെ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഇതേകുറിച്ച് അന്വേഷിക്കാന്‍ കുമ്പള സി ഐയ്ക്ക് നിര്‍ദേശംനല്‍കി. രഹസ്യാന്വേഷണ വിഭാഗവും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരുമാസം മുമ്പാണ് കാലിയാ റഫീഖ് ജാമ്യത്തില്‍ പുറത്തിറങ്ങി ഉപ്പളയിലെത്തിയത്. റഫീഖിന് നേരെ കൊല്ലപ്പെട്ട മുത്തലിബിന്റെ സഹോദരനും മറ്റും വധഭീഷണി ഉയര്‍ത്തുന്നുവെന്നുള്ള മാധ്യമ റിപോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കസായി ഷരീഫിന്റേയും താഹിറിന്റേയും അടുത്ത പരിചയക്കാരനായ അഷ്ഫാഖ് തോക്കുമായി റഫീഖിനെ കൊല്ലാനെന്നുപറഞ്ഞ് രംഗത്തിറങ്ങിയത്. അഷ്ഫാഖിനെ കാലിയാ റഫീഖിന് നേരത്തെ പരിചയമുണ്ട്. അതുകൊണ്ടുതന്നെ അഷ്ഫാഖ് വിളിച്ചപ്പോള്‍ എല്ലാ സന്നാഹങ്ങളോടുകൂടി പറഞ്ഞ സ്ഥലത്ത് കാലിയാ റഫീഖ് എത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

അതേസമയം അഷ്ഫാഖിനെവെച്ച് കാലിയാ റഫീഖ് നാടകം കളിക്കുകയാണെന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. തന്നെ മദ്യംനല്‍കി കസായി ഷരീഫും താഹിറും കള്ളതോക്കുംതന്ന് കാലിയാ റഫീഖിനെ കൊല്ലാന്‍ അയച്ചുവെന്നാണ് അഷ്ഫാഖ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കാലിയാ റഫീഖിന് നേരെയുള്ള ഭീഷണി ഇല്ലാതാക്കാന്‍ ഷരീഫിനേയും താഹിറിനേയും ഏതെങ്കിലും കേസില്‍പെടുത്തി ജയിലിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമമാണോ ഈ വധശ്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം ഏറെകുറെ പോലീസ് അടിച്ചമര്‍ത്തിയിരുന്നതാണ്. കാലിയാ റഫീഖ് ജാമ്യത്തിലിറങ്ങി പുറത്തിറങ്ങിയതോടെയാണ് വീണ്ടും ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ ഇവിടെ സജീവമാവുകയും പരസ്പരം കൊമ്പുകോര്‍ക്കാനും തുടങ്ങിയിരിക്കുന്നത്.

തോക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും അഷ്ഫാഖിനെ മൊഴിയെടുത്തശേഷം വിട്ടയക്കുകയും ചെയ്തു.
കാലിയാ റഫീഖിനെ തോക്കുമായി കൊല്ലാനെത്തിയ സംഭവം യാഥാര്‍ത്ഥ്യമാണോ? കൊല്ലാനെത്തിയ ആളുടെ പരാതിയില്‍ കൊല്ലിക്കാന്‍ ഏല്‍പിച്ചവര്‍ക്കെതിരെ കേസ്

Keywords:  Uppala, Murder-attempt, Kasaragod, Kerala, Kaliya Rafeeq, Murder attempt: What's actually happened?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia