Essential Commodities | നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില; 'ജനജീവിതം ദുഃസഹം, വിപണിയില്‍ ഇടപെടാതെ സര്‍കാര്‍, പ്രതിപക്ഷവും നോക്കുകുത്തി'
മൊഗ്രാല്‍: (www.kasargodvartha.com) നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ച് വിപണിയില്‍ വില വര്‍ധിപ്പിക്കുകയും, ജനജീവിതം ദുസ്സഹമാവുകയും ചെയ്യുമ്പോഴും വിപണിയില്‍ ഇടപെടാതെ സര്‍കാര്‍ മൗനത്തില്‍. പ്രതിപക്ഷമാകട്ടെ കടമ നിര്‍വഹിക്കാതെ നോക്കുകുത്തിയുമായി.
ദിവസമെന്നോണം സാധനങ്ങളുടെ വില സെഞ്ചുറിയിലേക്ക് കുതിക്കുന്നത്. പെരുന്നാള്‍ വിപണി മുന്നില്‍ക്കണ്ട് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇഞ്ചിക്ക് പിന്നാലെ തക്കാളിയും സെഞ്ച്വറി കടന്നത് ഇതിന് ഉദാഹരണമാണ്.
സാധാരണക്കാരായ വീട്ടമ്മമാര്‍ കറി ഉണ്ടാക്കാന്‍ വാങ്ങുന്ന പരിപ്പിന് പോലും ഇരട്ടി വില വര്‍ധനവാണ് വിപണിയിലുള്ളത്. കോഴിയിറച്ചിക്കും, മീനുകള്‍ക്കുമൊപ്പം പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുെ വില കൂട്ടിയത് ജന ജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്.
ഒരു ഭാഗത്ത് വൈദ്യുതി ബിലിന്റെയും നികുതി വര്‍ധനവിന്റെയും ഞെട്ടലിലാണ് സാധാരണക്കാര്‍. ഇതിനിടയിലാണ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങളുടെ വില കയറ്റവും. ഒരുതരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാര്‍ അനുഭവിക്കുന്നത്.
ഭരണപക്ഷത്തോടൊപ്പം, പ്രതിപക്ഷവും മൗനത്തിലായതോടെ അടുക്കള പൂട്ടേണ്ട അവസ്ഥയിലാണുള്ളത്. വിലകയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു.