city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 21.03.2017) സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അശാന്തി സൃഷ്ടിച്ചുകൊണ്ട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടി അറസ്റ്റുചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മത-രാഷ്ടീയ-സംഘടനാ നേതാക്കള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.

മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം



കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തണം: കാസര്‍കോട് സംയുക്ത ജമാഅത്ത്

കാസര്‍കോട്: പഴയ ചൂരിയില്‍ പള്ളിയില്‍ കയറി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തെ സംയുക്ത ജമാഅത്ത് ശക്തമായി അപലപിച്ചു. പവിത്രമായ ആരാധനാലങ്ങള്‍ പോലും കൊലക്കളമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നു കടുത്ത ശിക്ഷ നല്‍കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, ട്രഷറര്‍ എന്‍ എ അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


കൊലയാളികളെ ഉടന്‍ പിടികൂടി സമാധാനന്തരീക്ഷം നിലനിര്‍ത്തണം: എസ് വൈ എസ്

കാസര്‍കോട്: ചൂരിയില്‍ കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ അതിക്രമിച്ച് കയറി മദ്രസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ അതിക്രൂരമായി വെട്ടിക്കൊന്നത് സാംസ്‌കാരിക സമൂഹത്തിന് അപമാനമാണെന്ന് എസ് വൈ എസ് സംസ്ഥാന  വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആരോപിച്ചു. കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും സംഘര്‍ഷം വ്യാപിക്കാതിരിക്കാനും നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനും ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സഹചര്യം ഉണ്ടാകരുത്. അക്രമികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാകുന്നതിന് ഭരണ കൂടവും മതരാഷ്ട്രീയ നേതൃത്വവും ഒന്നിച്ച് നില്‍ക്കണം. കൊലയാളികള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം വേണം. ആരാധാനാലയങ്ങളില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത് കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സാദിഖ് ആവളം തുടങ്ങിയവരും പ്രതിഷേധിച്ചു.


മൗലവിയുടെ കൊല നിഷ്ഠുരം; അടിയന്തിര നടപടി വേണം: സമസ്ത പ്രസിഡന്റ്

കാഞ്ഞങ്ങാട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ചു കയറി ക്രൂരമായി കഴുത്തറുത്ത് കൊന്ന നടപടി അത്യന്തം നിന്ദ്യവും നീചവും നികൃഷ്ടവും നിഷ്ഠൂരവുമാണെന്നും നാടിന്റെ സാമാധാനം കെടുത്താനുള്ള നിഗൂഢമായ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.

കേരളീയ സമൂഹത്തിന് ആകെ അപമാനവും അപമതിപ്പുമുണ്ടാക്കുന്ന ബീഭല്‍സമായ ഈ അരും കൊലയില്‍ തങ്ങള്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി. ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി വിശ്വാസികളെ ആരാധനയിലേക്ക് ക്ഷണിക്കുന്ന വാങ്ക് വിളിക്കാരനെ കൊലപ്പെടുത്തിയവര്‍ ലക്ഷ്യം വെക്കുന്നത് സംഘര്‍ഷങ്ങളും കലാപങ്ങളുമാണ്. അത്തരക്കാരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കേണ്ടത് ശാന്തിക്കും സമാധാനത്തിനും സൗഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന ഇസ്ലാമത വിശ്വാസികളുടെ ബാധ്യതയാണ്.

ഒരു ദശാബ്ദത്തില്‍ അധികമായി കാസര്‍കോട്ടും പരിസരങ്ങളിലും നടക്കുന്ന സാമുദായിക നിറമുള്ള കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍ രക്ഷപ്പെട്ട ചരിത്രമാണ് നാം കണ്ടു വരുന്നത്. അന്വേഷണ സംവിധാനത്തിന്റെ പാളിച്ചയും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വന്‍ സാമ്പത്തിക പിന്തുണയുമാണ് ഇതിന് കാരണമായി തീരുന്നത്. വന്‍ ശക്തികളുടെ നിഗൂഢമായ ആസൂത്രണം ഇത്തരം സംഭവങ്ങള്‍ക്കുണ്ടെന്നതിന്റെ സൂചനയായിട്ട് വേണം ഇതിനെ കാണാന്‍. ഈ സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുള്ളവരും പ്രമദമായ കൊലക്കേസുകള്‍ തെളിയിക്കുന്നതിലും ശിക്ഷിപ്പിക്കുന്നതിലും പ്രാവിണ്യം തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്താനും പ്രതികളെയും പ്രതികള്‍ക്ക് പിന്നില്‍ കളിക്കുന്നവരെയും ശിക്ഷിപ്പിക്കാനും ഭരണകൂടം അടിയന്തിരമായി മുന്നോട്ട് വരണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇരുട്ടിന്റെ ശക്തികളുടെ കലാപനീക്കം തിരിച്ചറിഞ്ഞ് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ബഷീര്‍ വെള്ളിക്കോത്ത്്, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തീന്‍ മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, ബഷീര്‍ ആറങ്ങാടി, കെയു ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, എഞ്ചനീയര്‍ ഷരീഫ് എന്നിവര്‍ സംബന്ധിച്ചു.


കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം; ആരുടെയും വിവേകം വികാരത്തിന് അടിമപ്പെടുത്തരുത്: സൈനുല്‍ ആബിദീന്‍ തങ്ങള്‍

മംഗളൂരു: ഇരുളിന്റെ മറവില്‍ അറുംകൊല ചെയ്യപ്പെട്ട പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കര്‍ണാടക കുടക് സ്വദേശി റിയാസ് മൗലവിയുടെ  കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്ത് കൊണ്ടുവരണമെന്നും പ്രതികളാരായാലും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് കടുത്ത ശിക്ഷ നല്‍കണമെന്നും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.

കൊലപാതകത്തിന്റെ പേരില്‍ ആരുടെയും വിവേകം വികാരത്തിന് അടിമപ്പെടുത്തരുതെന്ന് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി. സുന്നി യുവജന സംഘം കാസര്‍കോട് മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചവും സംഭവത്തില്‍ അനുശോചിച്ചു.


ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ മതേതരവിശ്വാസികളും അണിനിരക്കണം: ഇര്‍ഷാദ് ഹുദവി ബെദിര 

കാസര്‍കോട്: ചൂരിയില്‍ മദ്രസ അധ്യാപകനെ കൊലപ്പെടുത്തി സമാധാനന്തരീക്ഷം തകര്‍ത്ത് ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ മതേതരവിശ്വാസികളും അണിനിരക്കണമെന്ന് എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല ജനറല്‍ സെക്രട്ടറിയും സൈബര്‍ വിംഗ് കണ്‍വീനറുമായ ഇര്‍ഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു.

സമുദായത്തില്‍ മത സൗഹാര്‍ദ്ദവും, സഹിഷ്ണുതയും പറഞ്ഞ് കൊടുക്കുന്ന മതപണ്ഡിതന്മാരെ തന്നെ കൊല ചെയ്ത് ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ മതേതരവിശ്വാസികളും അണിനിരക്കണം. ജില്ലയില്‍ നടന്ന പല കൊലപാതകങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കൊലപാതകങ്ങളില്‍ ഒരൊറ്റ കുറ്റവാളികളെയും ശിക്ഷിക്കാതിരിക്കുക വഴി എത്ര കൊലപാതകം ചെയ്താലും ചുളുവില്‍ രക്ഷപ്പെടാന്‍ ആവുമെന്ന കുറ്റവാളികളുടെ ആത്മവിശ്വാസമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാവുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തണം: യൂത്ത് ലീഗ്

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും, പള്ളി ഇമാമുമായ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നും പിന്നിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.

കാസര്‍കോട് നടക്കുന്ന ഇത്തരം കൊലപാതകങ്ങളിലെ പ്രതികള്‍ അനായാസം ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. നിയമപാലകരുടെയും ജുഡിഷ്യറിയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകളാണ് ഇതിന് കാരണം. കൊലയാളി സംഘങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നവരെ കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്നും
യൂത്ത് ലീഗ് നേതാക്കള്‍ അവശ്യപ്പെട്ടു.


കൊലപാതകം കാസര്‍കോടിനെ കലുഷിതമാക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗം; കരുതലോടെ പ്രതികരിക്കുക: എന്‍ വൈ എല്‍
 
കാസര്‍കോട്: യാതൊരു പ്രകോപനവുമില്ലാതെ ഒരു മദ്രസാധ്യാപകനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം പ്രതിഷേധാര്‍ഹവും മനുഷ്യത്വ രഹിതവുമാണെന്ന് എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡണ്ട് അജിത് കുമാര്‍ ആസാദ്, ജില്ല വൈസ് പ്രസിഡണ്ട് ഹനീഫ് പി എച്ച് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇത് ഒരു പക്ഷെ കാസര്‍കോടിന്റെ സമാധാനന്തരീക്ഷം തകര്‍ത്ത് അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള അസൂത്രിത നീക്കമാവാമെന്നും മതേതര കക്ഷികള്‍ കരുതലോടെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പ്രതികളെ ഉടന്‍ കണ്ടെത്തി നാടിന്റെ സമാധാനന്തരീക്ഷം പുനസൃഷ്ടിക്കണമെന്നും അധ്യാപകന്റെ കുടുംബത്തിന്റെയും സംഘടനയുടെയും ദുഃഖത്തില്‍ എന്‍ വൈ എല്‍ പങ്ക് ചേരുന്നതായി നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചണിനിരക്കണം: കെ പി സതീഷ് ചന്ദ്രന്‍

കാസര്‍കോട്: ചൂരിയില്‍ മദ്രസ അധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇത്തരം അനിഷ്ഠ സംഭവങ്ങളുടെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് അത്തരം അവസരം നല്‍കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താനാവണം. നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ പിടികൂടണം: ബി ജെ പി

കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പ്രതിഷേധിച്ചു. നിഷ്ഠുരമായ കൊലപാതകത്തെ ബി ജെ പി അപലപ്പിക്കുന്നതായും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കൊലപാതകം നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: ചൂരിയില്‍ മദ്രസാധ്യാപകനെ ദാരുണമായി കൊലപ്പെടുത്തിയത് സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേകര അഭിപ്രായപ്പെട്ടു.

പ്രതികളെ ഉടന്‍ പിടികൂടാന്‍ പോലീസ് ജാഗ്രത പാലിക്കണം. ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് സൗഹൃദവും സമാധാനവും സ്ഥാപിക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


കലാപമുണ്ടാക്കാനുള്ള ഗൂഡ ശ്രമം: മില്ലത്ത് സാന്ത്വനം ജി സി സി കമ്മിറ്റി

ദോഹ: കാസര്‍കോട് ചൂരിയിലെ മദ്രസ്സാ അധ്യാപകനെ യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ഗൂഡ ശക്തികളുടെ നീക്കമാണെന്നും ഇതില്‍ പ്രകോപിതരാവാതെ സമധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മില്ലത്ത് സാന്ത്വനം ജി സി സി കമ്മിറ്റി ആവശ്യപ്പെട്ടു.

അക്രമികളെ ഉടന്‍ പിടികൂടണമെന്നും പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സമാന സ്വഭാവമുള്ള കേസുകളില്‍ മുമ്പും കാസര്‍കോട്ട് പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.

നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പഴുതടച്ചുള്ള അന്വേഷണത്തിനായി പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സഹകരിക്കണമെന്നും കമ്മിറ്റി ഭാരവാഹികളായ ജലീല്‍ പടന്നക്കാട്, ഹനീഫ് അറബി, അസീസ് പൂച്ചക്കാട്, നബീല്‍ ഇരിക്കൂര്‍, റഷീദ് ഉപ്പള, ഹനീഫ് തുരുത്തി, ഉമ്മര്‍ കൂളിയങ്കാല്‍, കെ കെ ഹനീഫ, ലത്തീഫ് പള്ളിപ്പുഴ, ഹാരിസ് എരിയപ്പാടി, ശബീര്‍ താനൂര്‍, സലാം കളനാട്, അഡ്വ. ഷൈഖ് ഹനീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.


മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം: സോളിഡാരിറ്റി

കാസര്‍കോട്: സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് മേഖലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കി മാറ്റാനാണ് ചില ക്ഷുദ്ര ശക്തികളുടെ ശ്രമമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പഴയ ചൂരിയില്‍ മദ്രസ അധ്യാപകനായ റിയാസ് മൗലവിയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത കാട്ടണം. കാസര്‍കോട് നഗരങ്ങളിലും പരിസരങ്ങളിലും കഴിഞ്ഞ കാലങ്ങളിലുണ്ടായ കൊലപാത കേസുകളില്‍ ഒരാളുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് അക്രമസംഭവങ്ങള്‍ക്ക് പ്രചോദനമാവുന്നത്. ശാസ്ത്രീയമായി കേസ് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയണം. അക്രമം അഴിച്ച് വിട്ട് ആധിപത്യം സ്ഥാപിക്കുന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും നടപ്പാക്കാനുള്ള സംഘ്പരിവാര്‍ ശ്രമിത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ വിശാലമായ മതേതര ചേരി രൂപപ്പെടണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ എം റിയാസ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അമീര്‍, അനീസ് റഹ് മാന്‍, ഫാരിഖ് അബ്ദുല്ല, മഷൂഖ് എന്നിവര്‍ സംസാരിച്ചു.


ജില്ലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുത്: ജിദ്ദ കാസര്‍കോട് കെ എം സി സി

ജിദ്ദ: മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ മൃഗീയ കൊലപാതകം അങ്ങേയേറ്റം അപലനീയമാണന്നും ഇതിനു പിന്നില്‍ പൈശാചനീയമായ ഗൂഡലക്ഷ്യം ഉണ്ടോ എന്ന് അധികാരികള്‍ പെട്ടന്ന് തന്നെ ഉറപ്പു വരുത്തി സമാധാന അന്തരീക്ഷം സൃഷ്ട്ടിക്കണമെന്നും പ്രതികളെ പെട്ടന്ന് തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അതേ സമയം ജനങ്ങള്‍ ഏത് വിഭാഗം ആയാലും ആത്മസംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങള്‍ പരത്തരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഫാസിസ്റ്റ് ശക്തികള്‍ എന്ത് പ്രകോപനം ഉണ്ടാക്കിയാലും കാസര്‍കോട്ടെ ജനാധിപത്യ മതേതര ശക്തികള്‍ ഇതിനെതിരെ ഒറ്റ കെട്ടായി നില കൊള്ളണമെന്നും ജില്ലയെ കലാപ ഭൂമിയാക്കാന്‍ ഒരു വിധത്തിലും അനുവദിക്കരുതെന്നും സര്‍ക്കാര്‍ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നും അന്‍വര്‍ ചേരങ്കൈ പറഞ്ഞു. ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, ഖാദര്‍ മിഹ്‌റാജ്, ബഷീര്‍ ചിത്താരി തുടങ്ങിയവര്‍ അടിയന്തിര യോഗത്തില്‍ പങ്കെടുത്തു.


കൊലയ്ക്കുപിന്നില്‍ ഗൂഢകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോപുലര്‍ ഫ്രണ്ട്

കാസര്‍കോട്: സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട്ട് ആരാധാനാലയത്തില്‍ കയറി മദ്രസാ അധ്യാപകനം കൊലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു. ഗൂഢശക്തികള്‍ അവരുടെ അജണ്ടയാണ് കൊലപാതകത്തിലൂടെ നടപ്പിലാക്കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ വൈ മുഹമ്മദ് പ്രസ്താവനയിലൂടെ പറഞ്ഞു.

കാസറകോട്ടും പരിസരങ്ങളിലും സ്ഥിരം കുറ്റവാളികളായ പല കൊലക്കേസിലും പ്രതികളായവര്‍ വിരഹിക്കുന്നുണ്ട്. ഇവര്‍ക്കനുകൂല നിലപാടുകളാണ് മാറി മാറി വരുന്ന ഭരണകൂടം കൈകൊള്ളുന്നത്. ഇതാണ് കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണമെന്നും, ഇത്തരക്കാര്‍ക്ക് വിരുന്നൊരുക്കുന്നവരും മതവേദികളില്‍ സാമൂഹിക അംഗീകാരം കൊടുക്കുന്നവരും ഇവരുടെ അജണ്ടകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


സമാധാനഭംഗത്തിലെ രാഷ്ട്രീയ ചാകര കൊയ്യാന്‍: സംഘ് പരിവാര്‍ ശ്രമം: എം സി ഖമറുദ്ദീന്‍

കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി കഴുത്തറത്ത് കൊന്ന കിരാതന്മാരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല, ആസൂത്രിതമായ ഗൂഡാലോചനയും ഉന്നതമായ രാഷ്ട്രീയ പിന്തുണയും, കൊലക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യന്‍ കലാപങ്ങളും, ഗുജറാത്ത് മോഡല്‍ കൊലപാതകവും, കാസര്‍കോട്ട് പരീക്ഷിക്കപ്പെടാന്‍ ചില കേന്ദ്രങ്ങള്‍ കോപ്പുകൂട്ടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഒരു വിഭാഗത്തിന്റെ സ്വത്തിനും, ജീവനും രക്ഷയില്ലാത്ത അപകടാവസ്ഥ സംജാതമായിരിക്കുന്നു. ഏകപക്ഷീയമായി നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടും യാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലും, മതിയായ ശിക്ഷ ഉറപ്പു വരുത്തുന്നതിലും പോലീസ് സംവിധാനവും, നീതിപീഠവും പരാജയപ്പെടുന്ന ദുരവസ്ഥയും ഉണ്ടായിട്ടുണ്ട്.

ശാന്തിയും സമാധാനവും ഒരു വിഭാഗത്തിന് മാത്രം പഥ്യമാകുമ്പോള്‍ കൊലപാതകവും മാഫിയ പ്രവര്‍ത്തനങ്ങളുമായി നാടിന്റെ ക്രമസമാധാന സംവിധാനത്തിന് ഭംഗം വരുത്തുന്ന ഒരു വിഭാഗം ക്രിമിനലുകള്‍ െൈസ്വര്യവിഹാരം നടത്തുന്നു. സമാധാന ഭംഗത്തിന്റെ രാഷ്ട്രീയ ചാകര കൊയ്ത്തിന് കണ്ണും നട്ട് ക്രിമിനലുകള്‍ക്ക് എല്ലാവിധ ഒത്താശയും സാമ്പത്തിക സഹായവും നല്‍കുന്നവരുടെ ഗൂഢാലോചനയും, സാമ്പത്തിക സ്രോതസും, പുറത്ത് കൊണ്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്. അദ്ദേഹം പറഞ്ഞു.

സമാധാനത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ പള്ളികളില്‍ പോലും കൊലപാതകങ്ങള്‍ നടത്താന്‍ മാത്രം ധൈര്യമുളള ക്രിമിനലുകള്‍ കത്തി വെച്ചത് മതേതരത്തിന്റെയും, മാനവികതയുടെയും കഴുത്തിലാണെന്നും ഖമറുദ്ദീന്‍ പറഞ്ഞു. ഇസ്ലാമിന്റെ ലക്ഷ്യവും, സന്ദേശവും സമാധാനമാണ്.
ഈ പാതയില്‍ നിന്നും വ്യതിചലിക്കാതെ മനുഷ്യത്യത്തിന്റെ പാതയില്‍ നിലകൊളളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കാസര്‍കോടിനെ അശാന്തിയിലാഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒന്നിക്കുക: ചെര്‍ക്കളം

കാസര്‍കോട്; റിയാസ് മൗലവിയെ പളളിക്കകത്ത് ക്രൂരമായി കൊലപ്പെടുത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മാനവീക പ്രതിരോധത്തിന് ജനാധിപത്യ സംവിധാനത്തില്‍ നിലകൊണ്ടു തന്നെ മുസ്‌ലിം ലീഗ് മുന്‍കൈ എടുക്കുമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായ അക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ആവര്‍ത്തിച്ചുളള അനിഷ്ഠ സംഭവങ്ങള്‍ തുടര്‍ന്നു വരുമ്പോള്‍ നിയമ പാലകര്‍ നിസ്സംഗത പാലിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. കുറ്റവാളികളെയെയും ഗൂഡാലോചകരെയും എത്രയു പെട്ടെന്ന് അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം.

അല്ലാത്തപക്ഷം നീതിക്കും സുരക്ഷക്കും ആവശ്യമായ ശക്തമായ പ്രക്ഷോഭവഴി മുസ്ലിം ലീഗിന് തേടേണ്ടി വരുമെന്നും ചെര്‍ക്കളം മുന്നറിയിപ്പ് നല്‍കി.


കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ജനദാതള്‍ (എസ്)

കാസര്‍കോട്: മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജനദാതള്‍ (എസ്) സംസ്ഥാന സെക്രട്ടറി ഉമര്‍ പാടലടുക്ക ആവശ്യപ്പെട്ടു.


Related News:  മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്




   പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് നഗരം; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി

Keywords:  Kerala, kasaragod, madrasa, Teacher, news, Protest, Murder, Murder-case, SDPI, Youth League, Samyuktha-Jamaath, Accuse, arrest, BJP, Adv.Srikanth, Riyas Moulavi, Old Choori, Zainul Abideen Thangal, SYS 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia