city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം

കാസര്‍കോട്: (www.kasargodvartha.com 17/02/2015) സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ അവസാനത്തെ കണ്ണിയായിരുന്നു.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ അവസാനകാലം വരെ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു.

രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.

2014 ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡണ്ട് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു.

അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍. 1954ല്‍ എസ്.വൈ.എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ്.വൈ.എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ്.വൈ.എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.

1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ കാണാന്‍ കഴിയുന്നു.

ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മാറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ നിമിത്തമായതും. എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ്് ദാന സമ്മേളന വേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.

ഗുരുനാഥന്മാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്്മദ് മുസ്‌ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍.സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥന്മാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.

തബര്‍റുക്കിന്റെ ഉസ്താദുമാര്‍: പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949 -73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78- 79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍). രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍.

അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ്.വൈ.എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ്.എസ്.എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍.

സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി.

സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ട് (1982 - 95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട്, 1976 -89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡണ്ട്, 2014 ഫെബ്രുവരി ഒമ്പതിന് സമസ്ത പ്രസിഡണ്ട്, അല്‍ മുജമ്മഅ് പ്രസിഡണ്ട്.

1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം

Keywords : Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Jamia-Sa-adiya-Arabiya. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia