Seized | കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃത സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പെടെ 4 പേര്‍ പിടിയില്‍; ഉംറ തീര്‍ഥാടകരെയും കള്ളക്കടത്ത് സംഘം ഇരകളാക്കി; സ്വര്‍ണം കടത്തിയത് 13 ക്യാപ്സ്യൂളുകളായി
കോഴിക്കോട്: (www.kasargodvartha.com) കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ആറ് കേസുകളിലായിട്ട് അഞ്ച് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി ഉള്‍പെടെ നാലുപേര്‍ പിടിയിലായി.
പൊലീസ് പറയുന്നത്: നാല് ഉംറ യാത്രക്കാരില്‍ നിന്ന് 3455 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് ദിവസത്തിനിടെ പിടികൂടിയത് മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണത്തിന് ഏതാണ്ട് മൂന്ന് കോടിയോളം രൂപ വിലവും.
അഞ്ച് കിലോഗ്രാമോളം സ്വര്‍ണം ആറു വ്യത്യസ്ത കേസുകളിലായാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ജിദ്ദയില്‍നിന്നും ഉംറ തീര്‍ഥാടനത്തിന് സഊദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ 13 ക്യാപ്‌സൂളുകളാണ് പിടികൂടിയത്
മലപ്പുറം സ്വദേശിയായ ശുഹൈബില്‍ നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സ്യൂളുകളും, വയനാട് സ്വദേശിയായ യൂനസ് അലി (34)യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളും കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ ഖാദറി (22)ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും, മലപ്പുറം സ്വദേശിയായ മുഹമ്മദ് സുഹൈലി(24)ല്‍ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്‌സ്യൂളുകളുമാണ് പിടിച്ചെടുത്തത്.
കള്ളക്കടത്ത് സംഘം ഉംറ തീര്‍ഥാടകരെ ഇരകളാക്കിയാണ് സ്വര്‍ണം കടത്തിയത്. ഉംറ പാകേജിന്റെ ചെലവ് വഹിക്കാമെന്ന് പറഞ്ഞാണ് തങ്ങളെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് യാത്രക്കാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
സമാനമായ രീതിയില്‍ ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച ഏഴു യാത്രക്കാരാണ് ഇതോടെ പിടിയിലായത്. ഞായറാഴ്ച രാവിലെ എയര്‍ അറേബ്യ വിമാനത്തില്‍ ശാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ ജംശീറി (25)ല്‍ നിന്നും 1058 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി ശൈബുനീറി(39)ല്‍ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകള്‍ വീതം ഡി ആര്‍ ഐ ഉദ്യോഗസ്ഥരും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പിടികൂടിയ സ്വര്‍ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം യാത്രക്കാരുടെ അറസ്റ്റും തുടര്‍ നടപടികളും പൂര്‍ത്തിയാക്കിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
Keywords: News, Kerala, State, Top-Headlines, Airport, Gold, Seized, Arrested, Accuse, Kozhikode: 5 kg gold in 6 cases seized from Karippur Airport