city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ കാസര്‍കോടിന് നഷ്ടമായത് തന്റേടിയായ നേതാവിനെ

കാസര്‍കോട്: (www.kasargodvartha.com 23/11/2016) 25 വര്‍ഷക്കാലം കാസര്‍കോട് നഗരസഭയുടെ കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ കാസര്‍കോടിന് നഷ്ടമായത് തന്റേടിയായ നേതാവിനെ. അഖിലേന്ത്യാ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായാണ് കൊപ്പല്‍ അബ്ദുല്ല ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പിന്നീട് നാഷണല്‍ ലീഗിന്റെയും മുസ്ലിം ലീഗിന്റെയും കൗണ്‍സിലറായെത്തി. സ്വതസിദ്ധമായ ശൈലിയില്‍ കാര്യങ്ങള്‍ ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന തന്റേടിയായിരുന്നു കൊപ്പല്‍ അബ്ദുല്ല.

കാസര്‍കോട്ടെ പൊതു വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു കൊപ്പല്‍. എട്ടു വര്‍ഷം മുമ്പ് നാഷണല്‍ ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിലായിരുന്നു കൊപ്പലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ സുലൈമാന്‍ ഹാജി ബാങ്കോടിനൊപ്പം ജനകീയ വികസന മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക സീറ്റായിരുന്ന പള്ളം വാര്‍ഡില്‍ മത്സരിച്ച ഹാരിസ് ബന്നുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ചെര്‍ക്കളം അബ്ദുല്ല, എം എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, എം.സി ഖമറുദ്ദീന്‍, എന്‍ എ അബൂബക്കര്‍ തുടങ്ങിയ മുന്‍ നിര നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് കൊപ്പല്‍ അബ്ദുല്ല കാസര്‍കോട്ടെ രാഷ്ട്രീയത്തില്‍ സജീവമായത്. മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ് മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്നു. നാഷണല്‍ ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെങ്കിലും നാഷണല്‍ ലീഗിന്റെ ദേശീയ- സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലായിരുന്നു കൊപ്പല്‍ അബ്ദുല്ല. കൊപ്പല്‍ എക്‌സ്പ്രസ് എന്ന പേരില്‍ എം.ജി റോഡില്‍ ഹെല്‍പ് ലൈന്‍ സ്ഥാപനവും നടത്തിവന്നിരുന്നു.

വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാക്കുന്നതിനും കൊപ്പലിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയും സഹായവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കാസര്‍കോട് നഗരത്തിലടക്കം ഇരുചക്രവാഹന യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുന്നതിനായി ടൂ വിലേഴ്‌സ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയുമായിരുന്നു. കാസര്‍കോട് നഗരത്തിലെ മാലിന്യ പ്രശ്‌നമടക്കമുള്ള കാര്യങ്ങളിലും റോഡ് ഗതാഗത സൗകര്യം ഏര്‍പെടുത്തുന്നതിലും ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അവഗണനക്കെതിരെ കൊപ്പലിന്റെ നേതൃത്വത്തില്‍ സമര പരിപാടികളടക്കം നടന്നിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കാസര്‍കോട് ഗവ. ഹൈസ്‌കൂളിലും തളങ്കര മുസ്ലിം ഹൈസ്‌കൂളിലുമായിരുന്നു കൊപ്പലിന്റെ വിദ്യാഭ്യാസം. പഠന കാലത്ത് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പൊതുപ്രവര്‍ത്തനത്തിന് ടൂവീലറിലായിരുന്നു കൊപ്പലിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെ ടൂവീലര്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹം അതിനായി ഒരു സംഘടന തന്നെ രൂപീകരിച്ചത്. പുഞ്ചിരിതൂകി കൊണ്ട് എല്ലാവരുമായി എളുപ്പത്തില്‍ സൗഹൃദ ബന്ധം സ്ഥാപിക്കുന്നതില്‍ കൊപ്പലിന്റെ കഴിവ് വേറിട്ട് നില്‍ക്കുന്നു. എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന കൊപ്പലിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്.

Related News:
കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ കാസര്‍കോടിന് നഷ്ടമായത് തന്റേടിയായ നേതാവിനെ

Keywords: Kasaragod, Kerala, Death, Leader, INL, Muslim-league, Koppal Abdulla no more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia