Missing Child Found| 'അമ്മയുടെ വീട്ടിലുണ്ടെന്ന് പിതാവിന്റെ വീട്ടുകാരും അച്ഛന്റെ വീട്ടിലുണ്ടെന്ന് മാതാവിന്‌റെ വീട്ടുകാരും കരുതി'; കൊല്ലത്ത് കാണാതായ 2 വയസുകാരനെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: (www.kasargodvartha.com) അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസുകാരനെ കണ്ടെത്തി. പൊലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരുമൊക്കെച്ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. അന്‍സാരി- ഫാത്വിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറെ നേരമായിട്ടും കുട്ടിയെ കാണാതായിട്ടും മറ്റു വീടുകളില്‍ കുട്ടി ഉണ്ടാവാമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് അന്വേഷിക്കാത്തതെന്നാണ് വിവരം.
അമ്മ വീട്ടില്‍ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസിലാക്കിയതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. അതേസമയം, കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. വീടിന് സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ രാത്രി ഒരു മണിയോടെ തിരച്ചില്‍ നിര്‍ത്തി. പ്രദേശത്തെ കിണറുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിക്ക് തന്നെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫര്‍ഹാന്‍ രാത്രി മുഴുവന്‍ റബര്‍ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.
Updated
Keywords: News,Kerala,State,Kollam,Missing,Child,Police,Top-Headlines,Family, Kollam: 2 Year Old Child Missing, Search Continues