സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹത മാനദണ്ഡത്തിലെ ഭൗതീക സാഹചര്യങ്ങൾ പരിശോധിച്ച് റിപോർട് ചെയ്യേണ്ട കാര്യങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് നഗരസഭ ചെയർമാൻ; 140 എംഎൽഎ മാർക്കും സന്ദേശമയച്ചു
Jun 3, 2021, 22:14 IST
കാസർകോട്: (www.kasargodvartha.com 03.06.2021) സാമൂഹ്യ സുരക്ഷാ പെൻഷൻ ഉത്തരവിലെ അർഹതാ മാനദണ്ഡങ്ങളിൽ അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങൾ പരിശോധിച്ച് റിപോർട് ചെയ്യേണ്ട കാര്യങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ആവശ്യപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തി 140 എംഎൽഎ മാർക്കും ഇ- മെയിൽ സന്ദേശം അയച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധമായ ചില ഉത്തരവുകൾ പെൻഷന് അർഹരായ ഭൂരിഭാഗം ആളുകൾക്കും ലഭ്യമാകാത്ത രീതിയിൽ അർഹതാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ട്. അർഹതാ മാനദണ്ഡങ്ങളിൽ പൊതുവായ മാനദണ്ഡങ്ങൾ കൂടാതെ അപേക്ഷകന്റെയും ഗുണഭോക്താവിന്റേയും ഭൗതീക ജീവിത സാഹചര്യങ്ങൾ കൂടി അന്വേഷിച്ച് റിപോർട് ചെയ്യുന്നതിന് ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.
2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ കെട്ടിടമുള്ളവർ അർഹതാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് പറയുന്നു.
കൂടാതെ താമസിക്കുന്ന വീട്ടിൽ എസി ഉള്ളവർക്കും, കുടുംബത്തിൽ 1000 സിസി യിൽ കൂടുതൽ എഞ്ചിൻ കപാസിറ്റിയുള്ള എസി വാഹനങ്ങൾ ഉള്ളവർക്കും പെൻഷൻ നിഷേധിക്കുന്നു.
എന്നാൽ സ്വന്തമായി വീടോ, വാഹനമോ ഇല്ലാതെ ആശ്രിതർ എന്ന നിലയിൽ മക്കളുടെയോ കുടുംബക്കാരുടെയോ കൂടെ താമസിക്കുന്നവർക്ക് ഈ മാനദണ്ഡങ്ങൾ കാരണം പെൻഷന് അർഹതയില്ലാത്ത സാഹചര്യമുണ്ടാകുന്നു. മാത്രമല്ല ഈ മാനദണ്ഡം വിധവകൾക്കും വികലാംഗർക്കും കൂടി ബാധകമായിട്ടാണ് ഉദ്യോഗസ്ഥർ റിപോർട് ചെയ്യുന്നത്.
ഇത് കാരണം അർഹരായ വിധവകൾക്കും വികലാംഗർക്കും കൂടി പെൻഷൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം എംഎൽഎമാരോട് അഭ്യർഥിച്ചു.
Keywords: Kerala, News, Kasaragod, Kasaragod-Municipality, Pension, MLA, Report, Adv. V M Muneer, Kasargod Municipal chairman said that relief should be granted on matters which have to be examined and reported on the physical conditions of the Social Security pension eligibility criteria; Sent messages to 140 MLAs.
< !- START disable copy paste -->