എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌തു; എ കെ എം അശ്‌റഫ് കന്നഡയിൽ; ഇ ചന്ദ്രശേഖരനും എൻ എ നെല്ലിക്കുന്നിനും ഹാട്രിക്; അഡ്വ. സി എച് കുഞ്ഞമ്പുവിനും എം രാജഗോപാലനും രണ്ടാമൂഴം
May 24, 2021, 18:51 IST
തിരുവനന്തപുരം: (www.kasargodvartha.com 24.05.2021) 15-ാം കേരളാ നിയമസഭയുടെ ആദ്യസമ്മേളനത്തിന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കം. കാസർകോട്ടെ അഞ്ച് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌തു. അംഗങ്ങൾ പ്രോടെം സ്പീകെർ പിടിഎ റഹീം മുമ്പാകെയാണ് പ്രതിജ്ഞ ചെയ്‌തത്.
ആന്റിജൻ പരിശോധന നടത്തി കോവിഡ് പ്രോടോകോൾ പാലിച്ചാണ് സഭേ സമ്മേളനം നടന്നത്. അക്ഷരമാലാ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി അബ്ദുൾ ഹമീദ് സത്യപ്രതിജ്ഞ ചെയ്‌തു.
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ കെ എം അശ്‌റഫ് കന്നഡയിൽ അല്ലാഹുവിന്റെ നാമത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. കാസർകോട് മണ്ഡലത്തിലെ എൻ എ നെല്ലിക്കുന്നും അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഉദുമയിൽ നിന്നുള്ള അഡ്വ. സി എച് കുഞ്ഞമ്പു, കാഞ്ഞങ്ങാട് നിന്നുള്ള ഇ ചന്ദ്രശേഖരൻ, തൃക്കരിപ്പൂരിൽ നിന്നുള്ള എം രാജഗോപാലൻ എന്നീ ഇടത് എംഎൽഎമാർ സഗൗരവം പ്രതിജ്ഞയെടുത്തു.
നിയമനിർമാണ സഭയിൽ ദൈവ നാമത്തിൽ സത്യവാചകം ചൊല്ലിയത് തുളുനാടിന്റെ പ്രതീക്ഷകൾ നിറവേറ്റാനാണെന്ന് എ കെ എം അശ്‌റഫ് പ്രതികരിച്ചു. ജില്ലയുടെ ഏറ്റവും കൂടുതൽ ജനസംഖ്യ വസിക്കുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം മണ്ഡലം കാലാനുസൃതവും വിപ്ലവകരവുമായ വികസന തേരോട്ടത്തിന് സാക്ഷിയാകാൻ പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ആഞ്ഞു വീശിയ പ്രതികൂല രാഷ്ട്രീയ കൊടുങ്കാറ്റിനിടയിൽ പിടിച്ചു നിന്ന 41 മണ്ഡലങ്ങളിൽ മഞ്ചേശ്വരം ഉൾപെട്ടതിനു കാരണവും ആ പ്രതീക്ഷ തന്നെയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ഉയരുമെന്ന് വാക്ക് നൽകുന്നുവെന്ന് എൻ എ നെല്ലിക്കുന്ന് പ്രതികരിച്ചു. അല്ലാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞാ വാചകം ചൊല്ലുമ്പോൾ ഭക്തി മാത്രമായിരുന്നില്ല, ഭയവും മനസ്സിനെ വല്ലാതെ കീഴടക്കിയിരുന്നു. എന്നെ വിശ്വസിച്ച മണ്ഡലത്തിലെ ഒരു മനുഷ്യനും എന്നെച്ചൊല്ലി നാണിക്കേണ്ട ഒരവസ്ഥ ഉണ്ടാകാരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന. പലരെയും മാറ്റി നിർത്തി എന്നെ മാത്രം എന്റെ പ്രിയപ്പെട്ട വോട്ടർമാർ തിരുവനന്തപുരത്തേക്ക് പറഞ്ഞയച്ചത് എന്തിനാണെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പിന്തുണയും സഹകരണവും അഡ്വ. സി എച് കുഞ്ഞമ്പുവും എം രാജഗോപാലനും അഭ്യർഥിച്ചു.
ഇ ചന്ദ്രശേഖരനും എൻ എ നെല്ലിക്കുന്നിനും ഇത് ഹാട്രിക് സത്യപ്രതിജ്ഞ ആയിരുന്നുവെങ്കിൽ എം രാജഗോപാലനും അഡ്വ. സി എച് കുഞ്ഞമ്പുവിനും രണ്ടാമൂഴം ആയിരുന്നു. എ കെ എം അശ്‌റഫ് മാത്രമായിരുന്നു കന്നിക്കാരൻ.
Keywords: Thiruvananthapuram, Kerala, News, MLA, N.A.Nellikunnu, E.Chandrashekharan, C H Kunhambu, M Rajagopalan, AKM Ashraf, Muslim-league, CPIM, Manjeshwaram, Kasargod MLA's were sworn in.