Train | കണ്ണൂർ-ഷൊർണൂർ പ്രത്യേക ട്രെയിൻ നവംബർ 1 മുതൽ എല്ലാ ദിവസവും ഓടും; കാസർകോട്ടേക്കും പാലക്കാട്ടേക്കും നീട്ടാനും സാധ്യത
● പരശുറാമിന്റെയും മംഗളയുടെയും ഇടയിലാണ് സർവീസ്
● നിലവിൽ ആഴ്ചയിൽ നാലു ദിവസം മാത്രം സർവീസ്
● കൂടുതൽ കോചുകളും ഉൾപെടുത്തിയേക്കുമെന്ന് സൂചന
കാസർകോട്: (KasargodVartha) നിലവിൽ ആഴ്ചയിൽ നാലു ദിവസം സർവീസ് നടത്തുന്ന കണ്ണൂർ-ഷൊർണൂർ സ്പെഷ്യൽ ട്രെയിൻ നവംബർ ഒന്നു മുതൽ ദിവസവും സർവീസ് നടത്തും. കൂടാതെ, ഈ ട്രെയിൻ കാസർകോട്ടേക്കും പാലക്കാട്ടേക്കും നീട്ടുമെന്നും അറിയുന്നു.
പുതിയ ടൈംടേബിൾ പ്രകാരം, പരശുറാമിന്റെയും മംഗളയുടെയും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഭാവിയിൽ ഈ ട്രെയിൻ കാസർകോട്-പാലക്കാട് എക്സ്പ്രസ് ആയി മാറുകയും കൂടുതൽ കോച്ചുകൾ ചേർക്കുകയും ചെയ്യുമെന്നാണ് വിവരം. ഇതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിക്കുകയാണ്.
രാവിലെ 6.45 ന് കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് എത്തുന്ന രീതിയിലും, ഉച്ചയ്ക്ക് 2.15 ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പത് മണിയോടെ കാസർകോട് എത്തുന്ന രീതിയിലും ട്രെയിൻ സർവീസ് നടത്തണമെന്നാണ് ജനപ്രതിനിധികളും പാസൻജേഴ്‌സ് അസോസിയേഷനുകളും നൽകിയ നിവേദനത്തിൽ നിർദേശിച്ചിരിക്കുന്നത്.
റെയിൽവേ അധികൃതർ ഈ നിർദേശങ്ങൾ പരിഗണിക്കുകയാണെങ്കിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള യാത്രക്കാർക്ക് പുതിയ ട്രെയിൻ സർവീസ് വലിയ ആശ്വാസമായിരിക്കും.
#Kannur #Shoranur #KeralaRailways #TrainNews #Travel #LocalNews