മനുഷ്യ മുഖമുള്ള ചിലന്തി; അമ്പരന്ന് ജനം
Sep 14, 2020, 13:43 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.09.2020) മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തി ജനങ്ങളിൽ കൗതുകവും ഒപ്പം അമ്പരപ്പും ഉളവാക്കി. വെള്ളരിക്കുണ്ട് ചീർക്കയത്തെ പാട്ടത്തിൽ അപ്പുകുട്ടൻ നായരുടെ കൃഷി തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഈ അപൂർവ്വ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ഓറഞ്ചും മഞ്ഞയും കറുപ്പും വെളുപ്പും തവിട്ടും കലർന്ന പഞ്ചവർണ്ണ നിറത്തിലാണ് ചിലന്തിയുടെ രൂപം. മനുഷ്യ മുഖം വ്യക്തമാക്കുന്ന തരത്തിൽ മുഖവും വായയും കണ്ണും മൂക്കും ചെവിയും ഉൾപ്പെടെ എല്ലാം ഒത്തിണങ്ങിയ തരത്തിലാണ് ചിലന്തിയുടെ രൂപം. ചെവിയുടെ രണ്ട് ഭാഗത്തും രോമങ്ങളുമുണ്ട്. കുരുമുളക് വള്ളിയിൽ വലകെട്ടി തൊട്ടിലാടും വിധത്തിൽ മലർന്നു കിടന്ന് ഇര പിടിക്കുന്ന രീതിയിലായിരുന്നു ഈ ചിലന്തി.
അപ്പുകുട്ടൻ നായരുടെ മകനും മാധ്യമ പ്രവർത്തകനുമായ സുധീഷ് പുങ്ങം ചാലാണ് ഈ അപൂർവ്വ ഇനം ചിലന്തിയെ തന്റെ മൊബൈൽ കാമറയിൽ പകർത്തിയത്. ലോകത്ത് 43,000 ഇനം ചിലന്തികൾ ഉണ്ടെന്നാണ് കണക്ക്. കേരളത്തിൽ മാത്രം 500 ഓളം ഇനത്തിൽ ചിലന്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യ സാദൃശ്യ മുഖമുള്ള ചിലന്തിയെ ആദ്യമായാണ് കണ്ടെത്തുന്നത്.
Keywords: Kerala, News, Kasaragod, Vellarikundu, Animal, Agriculture, Photo, Spider, Human-Faced, Cheerkayam, Human-faced spider found.