സംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 15.11.2021) സംസ്ഥാനത്ത് തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മഴ തുടരുന്നതിനാല്‍ റെഡ് അലേര്‍ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം, അറബിക്കടലിലെ ചക്രവാതചുഴി എന്നിവയാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പെടെ അവധി ബാധകമാണ്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്. കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം എംജി, കേരള, കുസാറ്റ്, കുഫോസ്, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
Keywords: Thiruvananthapuram, News, Kerala, Rain, ALERT, Top-Headlines, School, Examination, Heavy rains will continue; Orange alert in 6 districts