city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ ജില്ലക്കാരായ ഭരണപക്ഷ അധ്യാപക സംഘടന നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആക്ഷേപം; ഹെഡ്മാസ്റ്റര്‍ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍

കാസര്‍കോട്:  (www.kasargodvartha.com 02.06.2020) സംസ്ഥാനത്ത് 302 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ നിയമിച്ച് ഉത്തരവ് ഇറങ്ങിയിട്ടും പ്രൈമറി ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ നിയമന നടപടികള്‍ ഇഴയുന്നു. 3,616 ഗവ.പ്രൈമറി സ്‌കൂളുകളില്‍ 919 എച്ച്.എം കസേരകളാണ് തിങ്കളാഴ്ച്ചയോടെ ഒഴിഞ്ഞത്. സ്‌കൂള്‍ വകുപ്പുതല പരീക്ഷ ജയിച്ചവരെ നിയമിക്കണമെന്ന ഹൈക്കോടതി വിധി മറികടന്ന് ഭരണപക്ഷ അധ്യാപക സംഘടനാ നേതാക്കളെ സഹായിക്കാനുള്ള അണിയറ നീക്കമുണ്ടെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പ് നീക്കങ്ങള്‍.

ഹൈക്കോടതി വിധിക്കെതിരെ നാല് മാസത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
50 വയസ്സായാല്‍ പ്രമോഷന്‍ യോഗ്യത എന്ന മാനദണ്ഡം അനുസരിച്ച് ഹെഡ്മാസ്റ്ററായ നേതാവിന് പദവി നഷ്ടമാവുകയും മറ്റൊരു നേതാവിന്റെ പ്രമോഷന്‍ സാധ്യത അടയുകയും ചെയ്യുന്ന ഹൈക്കോടതി വിധിയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.

കേരള ഹൈക്കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ജനുവരി 27ന് പുറപ്പെടുവിച്ച വിധി (ഒപി/കെ.എ.ടി/105/2019) അനുസരിച്ച് പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് യോഗ്യതാ പരീക്ഷ പാസ്സായവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ.

കോഴിക്കോട് ജില്ലയില്‍ തോട്ടുമുക്കം ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ മലപ്പുറം വെട്ടിലപ്പാറയിലെ ടി.വി.തോമസ് ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി വിധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്ന് നിരവധി അദ്ധ്യാപകര്‍ റിവ്യൂ ഹരജിയും ഫയല്‍ ചെയ്തിരുന്നു. വിദ്യാഭ്യാസ അവകാശ നിയമ (ആര്‍.ടി.ഇ)ത്തിന്റെ അനുബന്ധമായി സംസ്ഥാന നിയമസഭ പാസാക്കിയ ചട്ടങ്ങള്‍ പ്രകാരം ഹെഡ്മാസ്റ്റര്‍ക്ക് ടെസ്റ്റ് യോഗ്യത നിര്‍ബന്ധമാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നേരത്തെ വിധിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

1978ലാണ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസ്തികക്ക് യോഗ്യത പരീക്ഷ ജയിക്കണം എന്ന നിയമം വന്നത്. പുതിയ ഏര്‍പ്പാടായതിനാല്‍ 50 വയസ് കഴിഞ്ഞവര്‍ക്ക് ഇളവ് അനുവദിച്ചു. ഈ വഴിയിലൂടെയുള്ള സ്ഥാനക്കയറ്റം പത്ത് വര്‍ഷം പിന്നിട്ടതോടെ വിഷയം സുപ്രീം കോടതിയില്‍ വരെ എത്തി. 1988ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാനും തല്‍പര കക്ഷികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പഴുത് തേടി. യോഗ്യത പരീക്ഷ ജയിച്ച് പ്രമോഷന്‍ കാത്ത് കഴിയുന്ന അദ്ധ്യാപകരെ മറികടന്ന് പ്രായം മാനദണ്ഡമാക്കിയുള്ള നിയമനങ്ങള്‍ തുടരുന്നതിനെതിരെ നടന്ന നിയമ പോരാട്ടങ്ങളുടെ ഫലമായിരുന്നു ട്രൈബ്യൂണലിന്റേയും ഹൈക്കോടതി ഡിവിഷന്‍  ബെഞ്ചിന്റേയും വിധികള്‍.

എന്നാല്‍ നിയമ സഭ 2011ല്‍ പാസാക്കിയ ആര്‍.ടി.ഇ ചട്ടം, 2018ല്‍ ഇത് നിര്‍വ്വചിച്ച് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്, ട്രൈബ്യൂണല്‍-ഹൈക്കോടതി വിധികള്‍ എന്നിവ മറികടക്കാന്‍ പഴുത് തേടുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം വകുപ്പുതല പരീക്ഷ യോഗ്യതയില്ലാതെ പ്രായം പരിഗണിച്ച് ഹെഡ്മാസ്റ്ററായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയായ ഭരണകക്ഷിയുടെ അധ്യാപക സംഘടന സംസ്ഥാന ഭാരവാഹി തലശ്ശേരിയില്‍ ജോലി ചെയ്യുന്നുണ്ട്.ഹൈക്കോടതി വിധി പ്രകാരം അദ്ദേഹം തരംതാഴ്ത്തലിന് വിധേയനാവും. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ മറ്റൊരു സംസ്ഥാന ഭാരവാഹി തിരുവനന്തപുരം ചാലയില്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ ഹെഡ്മാസ്റ്റര്‍ കസേര പ്രതീക്ഷിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച വിരമിച്ച ഭരണകക്ഷിയുടെ അധ്യാപക സംഘടനാ നേതാക്കളായ മൂന്ന് അധ്യാപകരെ ഒരു ദിവസത്തേക്ക് ഹെഡ്മാസ്റ്റര്‍/എ.ഇ.ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്ല്യങ്ങള്‍ മുന്‍നിറുത്തിയുള്ള ഈ നടപടി സ്വജന പാതത്തില്‍ സര്‍ക്കാര്‍ ഏതറ്റം വരേയും എന്നതിന്റെ സൂചന.

പ്രൈമറി ഹെഡ്മാസ്റ്റര്‍ ഒഴിവുകള്‍ ജില്ല തിരിച്ചുള്ള കണക്ക്:
കാസര്‍കോട് 52
കണ്ണൂര്‍ 70
വയനാട് 34
കോഴിക്കോട്  83
മലപ്പുറം 112
പാലക്കാട് 57
തൃശ്ശൂര്‍ 61
എറണാകുളം 62
കോട്ടയം 42
പത്തനംതിട്ട 38
ഇടുക്കി 23
ആലപ്പുഴ 56
കൊല്ലം 106
തിരുവനന്തപുരം 123.
കണ്ണൂര്‍ ജില്ലക്കാരായ ഭരണപക്ഷ അധ്യാപക സംഘടന നേതാക്കള്‍ക്ക് വേണ്ടിയെന്ന് ആക്ഷേപം; ഹെഡ്മാസ്റ്റര്‍ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍


Keywords: Kasaragod, News, Kerala, School, Government, Examination, High-Court, court order, Govt. not implement the HC order on headmaster appointment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia