ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; നിയമഭേദഗതി നിലവില്‍ വന്നു
തിരുവനന്തപുരം: (www.kasargodvartha.com 07.02.2022) ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. രണ്ടാഴ്ച മുമ്പാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി സംസ്ഥാന സര്‍കാര്‍ നല്‍കിയത്. എന്നാല്‍ ഒപ്പിടാതെ ഗവര്‍ണര്‍ നിയമോപദേശമടക്കം തേടുകയായിരുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍കാരിനോട് നേരത്തേ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. യുഎസില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സിന്റെ സാഹചര്യം വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സില്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പുവച്ചത്.
ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. ഒപ്പിടാതെ മടക്കിയാല്‍ സര്‍കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍കാര്‍ തീരുമാനം.
ലോകയുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓര്‍ഡിനന്‍സെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോകയുക്ത വിധി സര്‍കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.
ലോകായുക്ത ജഡ്ജിയുടെ യോഗ്യതയിലും ഇളവ് വരുത്താന്‍ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈകോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം.
ഹൈകോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാല്‍ വിരമിച്ച ഹൈകോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Keywords: News, Kerala, State, Thiruvananthapuram, Government, Top-Headlines, Pinarayi-Vijayan, Governor Arif Mohammad Khan Signed Lokayukta Amendment Ordinance