ശമ്പള പരിഷ്കരണം: സർകാർ ഡോക്ടർമാർ ജനുവരി 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും; സമര പ്രചാരണ വാഹന ജാഥ കാസർകോട്ട് നിന്ന് പ്രയാണം ആരംഭിച്ചു; 17 ന് തിരുവനന്തപുരത്ത് സമാപിക്കും
കാസർകോട്: (www.kasargodvartha.com 05.02.2022) സർകാർ ഡോക്ടർമാരോട് തുടരുന്ന അവഗണനയ് ക്കെതിരെ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ ജനുവരി 17 വരെ കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ വാഹന പ്രചാരണ ജാഥയും ജനുവരി 18 ന് കൂട്ട അവധിയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർകാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ കടുത്ത അവഗണന തുടരുന്ന സാഹചര്യത്തിൽ അത്യാഹിത അടിയന്തര കോവിഡ് ചികിത്സകളെ ബാധിക്കാതെ ജനുവരി 18ന് സംസ്ഥാനവ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിൻറെ പ്രചാരണാർഥമാണ് വാഹന പ്രചാരണ ജാഥ.
14 ജില്ലകളിലൂടെയും കടന്നു പോകുന്ന ജാഥ ജനുവരി 17ന് സെക്രടറിയേറ്റ് പടിക്കൽ സമാപിക്കും. സമാപന യോഗം സംസ്ഥാന പ്രസിഡൻറ് ഡോ ജി എസ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹ്‌മദ്, ജോ. സെക്രടറി ഡോ. സി പി ബിജോയ്, ജില്ലാ പ്രസിഡന്റ് ഡോ. രമേശ് ഡി ജി, സെക്രടറി ഡോ. മുഹമ്മദ് റിയാസ്, സംസ്ഥാന സമിതി അംഗം ഡോ. സുരേഷ് വി എന്നിവർ സംബന്ധിച്ചു.
കെ ജി എം ഒ എ സമര പ്രചാരണ വാഹന ജാഥ ആരംഭിച്ചു
കാസർകോട്: കെ ജി എം ഒ എയുടെ സമര പ്രചാരണ വാഹന ജാഥ മംഗൽപാടിയിൽ നിന്നാരംഭിച്ചു. ഔദ്യോഗിക ഉദ്‌ഘാടനം കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് നടന്നു. സംസ്ഥാന ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് ഉദ്‌ഘാടനം ചെയ്തു. ശമ്പള കമീഷൻ റിപോർട് ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചിനെതിരെയും കിട്ടിക്കൊണ്ടിരുന്ന പല അലവൻസുകളും റദ്ദാക്കിയതിനെതിരെയും കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ സർകാർ ഡോക്ടർമാർ നിസഹകരണ സമരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
സർകാരിൽ യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാവാത്തതിനെ തുടർന്നാണ് കെ ജി എം ഒ എ രോഗീ ചികിത്സയെ ബാധിക്കുന്ന ഒരു സമരരീതിയിലേക്ക് നീങ്ങാൻ സംഘടന തീരുമാനിച്ചതും ജനുവരി 18 ന് കൂട്ട അവധി പ്രഖ്യാപിച്ചതും. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആശുപത്രികൾ സ്തംഭിപ്പിക്കുന്ന സ്ഥിതിയിലേക്ക് തള്ളി വിടരുതെന്നും ടി എൻ സുരേഷ് കൂട്ടിച്ചേർത്തു.
സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്‌റ്റൻ ഡോ. ബിജോയ് സി പി, ജില്ലാ പ്രസിഡൻ്റ് ഡോ. രമേഷ് ഡിജി, സംസ്ഥാന സമിതി അംഗം ഡോ. സുരേഷൻ വി, ഐഎംഎ കാസർകോട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. നാരായണ നായിക്, ഡോ രാജറാം, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
മംഗൽപാടി താലൂകാശുപത്രി, സി എച് സി പെരിയ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. ഡോ. രാജ് മോഹൻ, ഡോ. ധനേഷ്, ഡോ. രാമദാസ്, ഡോ. മോഹനൻ ഇ, ഡോ. വിനോദ് കുമാർ, ഡോ. ധന്യാ മനോജ്, ഡോ. ഷകീൽ അൻവർ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
Keywords: Kerala, Kasaragod, News, Top-Headlines, Government, Doctors, Thiruvananthapuram, COVID-19, Treatment, Inauguration, State, Report, Secretariat, President, Government doctors will go on strike on January 18 .
< !- START disable copy paste -->