ഡിടിപിസിയുടെ മാലിന്യ മുക്ത ബേക്കല്‍ പദ്ധതിക്ക് സര്‍ക്കാറിന്റെ ഭരണാനുമതി
ഉദുമ: (www.kasargodvartha.com 11.10.2020) ഡിടിപിസിയുടെ മാലിന്യ മുക്ത ബേക്കല്‍ പദ്ധതിക്ക് സര്‍ക്കാറിന്റെ ഭരണാനുമതി. എംഎല്‍എ കെ കുഞ്ഞിരാമനും ഡിടിപിസി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും താല്പര്യമെടുത്ത് സെക്രട്ടറി ബിജു രാഘവനും പ്രൊജക്ട് മനേജര്‍ സുനില്‍ കുമാറും ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ച മാലിന്യ മുക്ത ബേക്കല്‍ ഡെസ്റ്റിനേഷന്‍ പദ്ധതിക്ക് 98,33,000 രൂപയുടെ ഭരണാനുമതി ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ് നല്കി.
പദ്ധതിക്ക് വേണ്ടി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശുപാര്‍ശ നല്‍കുകയും പള്ളിക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വെളുത്തോളിയിലെ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് പ്ലാന്റില്‍ പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കുകയുമായിരുന്നു. സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനും മാലിന്യശേഖരണത്തിനായി സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനും, മെഷിനറി വാങ്ങാനും, സൗന്ദര്യവല്‍ക്കരണം നടത്താനുമാണ് തുക ചിലവഴിക്കുക. മൊബൈല്‍ ആപ്പ് വഴി ഒരോ സ്ഥലത്തെയും മാലിന്യ നിര്‍മാര്‍ജന കണക്കുകള്‍ കൃത്യതയോടെ മനസിലാക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും സോഫ്റ്റ് വെയറിന്റെ നിര്‍മാണം.
പള്ളിക്കര പഞ്ചായത്ത് വക സ്ഥലത്ത് ബിആര്‍ഡിസിയാണ് തുടക്കത്തില്‍ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തീപിടുത്തത്തില്‍ ഒരു ഷെഡ് കത്തി നശിച്ചതോടെ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വക ഒരു കെട്ടിടം പണി പൂര്‍ത്തീകരിച്ചത് കൂടാതെ പള്ളിക്കര പഞ്ചായത്ത് കത്തി നശിച്ച ചില മെഷിനറികള്‍ വാങ്ങാനും, ദിവല്സര പദ്ധതി പ്രകാരം അനുവദിച്ച മറ്റൊരു കെട്ടിടത്തിന്റെ പണിയും, വൈദ്യുതീകരണ ജോലിയും ചെയ്യുന്നതിനായി 65 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതോടൊപ്പം ബേക്കല്‍ ഡെസ്റ്റിനേഷനിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവിടെ വെച്ച് സംസ്കരിക്കും. കൃത്യതയോടെ ഈ പ്ലാന്റ് ഉപയോഗപ്പെടുത്തിയാല്‍ ജില്ലയിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും റീസൈക്കിള്‍ ചെയ്യാന്‍ ഈ പ്ലാന്റിനെ ഉപയോഗപ്പെടുത്താനാവും.
Keywords: Uduma, news, Kerala, MLA, District Collector, Kasaragod, DTPC, Project, MLA, Government, Government approves DTPC's waste-free Bekal project