മുത്തലിബിന്റെ കൊലയ്ക്കുപിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക
Oct 25, 2013, 12:51 IST
കാസര്‍കോട്: ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫ് ളാറ്റില്‍ താമസക്കാരനുമായ അബ്ദുല്‍ മുത്തലിബിനെ (38) കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പുറത്തുവന്നു. കേസിലെ പ്രതിയും ഗുണ്ടാസംഘത്തലവനുമായ ഉപ്പളയിലെ കാലിയാ റഫീഖിന്റെ സംഘാംഗമായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ അബ്ദുല്‍ മുത്തലിബ്.
ഇവര്‍ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷം കര്‍ണാടകയില്‍ റഫീഖിനേയും സംഘത്തേയും കൊല്ലപ്പെട്ട അബ്ദുല്‍ മുത്തലിബിന്റെ ഭാര്യാ സഹോദരന്‍ ഒരുകഞ്ചാവ് കേസില്‍ ഒറ്റുകൊടുത്തതിനെതുടര്‍ന്ന് റഫീഖും സംഘത്തില്‍പെട്ടവരും മാസങ്ങളോളം കര്‍ണാടക ജയിലിലായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാലിയാ റഫീഖും സംഘവും മുത്തലിബിന്റെ ഭാര്യാ സഹോദരനെ രണ്ട് മാസം മുമ്പ് കന്യാനയില്‍വെച്ച് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.
ഈ കേസിലും കാലിയാ റഫീഖ് പ്രതിയാണ്. റഫീഖിന്റെ കൈവശം കള്ളത്തോക്ക് ഉള്ളതായി പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. കേരളത്തില്‍ കൊലക്കേസടക്കം 12 ഓളം ക്രിമിനല്‍ കേസില്‍ പ്രതിയാണ് കാലിയാ റഫീഖ് എന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലും കൊലക്കേസടക്കം നിരവധി കേസുകളില്‍ റഫീഖ് പ്രതിയാണ്. റഫീഖിനെ പിടികൂടുന്നതിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. കുപ്രസിദ്ധ ക്രിമിനല്‍ പെരിയാട്ടടുക്കം റിയാസിന്റെ കൂട്ടാളികൂടിയാണ് കാലിയാ റഫീഖ്.
ഇതിനിടയിലാണ് മുന്‍ സംഘാംഗമായ അബ്ദുല്‍ മുത്തലിബിനെ വ്യാഴാഴ്ച രാത്രി കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മുത്തലിബ് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസിനെ ആക്രമിച്ച കേസിലും 302, 308, 307 വകുപ്പുകള്‍ പ്രകാരമുള്ള നരഹത്യാകേസുകളിലും ചാരായകേസുകളിലും പ്രതിയാണെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ രണ്ട് ബൈക്കുകളിലായാണ് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തില്‍പെട്ട ചിലരെ പോലീസ് വലയിലാക്കിയതായും വിവരമുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയാണെന്ന് കുമ്പള സി.ഐ. സിബി തോമസ് പറഞ്ഞു.
Related News:
യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി
Also read:
യുഎസ് 35 രാഷ്ട്ര നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി