RTI Report | സംസ്ഥാനത്ത് എക്സൈസ് ഓഫീസർമാരുടെയും ജീവനക്കാരുടെയും ജോലി ഭാരമേറുന്നു; വിവരാവകാശ റിപോർടുമായി സാമൂഹ്യ പ്രവർത്തകൻ
മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ശ്രമങ്ങളെ ബാധിക്കുകയും ചെയ്യുന്നു
ചെറുവത്തൂർ: (KasargodVartha) സംസ്ഥാന എക്സൈസ് ഓഫീസർമാരുടെയും മറ്റു ജീവനക്കാരുടെയും ജോലി ഭാരമേറുന്നതായി വിവരാവകാശ റിപോർട്. ചെറുവത്തൂരിലെ സാമൂഹ്യ പ്രവർത്തകൻ എം വി ശിൽപരാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സർകാർ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് ശിൽപരാജ് എക്സൈസ് വകുപ്പിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുപ്രകാരം ഒരു ഉദ്യോഗസ്ഥൻ പ്രതിദിനം സംരക്ഷിക്കേണ്ട വിദ്യാർഥികളുടെ എണ്ണം 1,334 ലിലധികം വരുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. നിലവിൽ എക്സൈസ് വകുപ്പിലുള്ള അംഗീകൃത അംഗസംഖ്യ 5603 മാത്രമാണ്.
ഈ വർഷം മുതൽ ജൂൺ മാസം വരെ ലഭ്യമായിട്ടുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 46,689 കേസുകൾ സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 75 ലക്ഷത്തിലധികം വിദ്യാർഥികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2016 മാർച്ച് ഒൻപതിൽ പഠനം നടത്തിയ കണക്കാണിത്.
സമാന പഠനം എക്സൈസ് വകുപ്പിലും നടത്തണമെന്നതാണ് വിവരാവകാശ പ്രകാരമുള്ള ആവശ്യം. വിദ്യാർഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ നിയമിച്ച് നിലവിലുള്ളവരുടെ ജോലി ഭാരം കുറയ്ക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
മയക്കുമരുന്നും ലഹരിയുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യപ്പെടേണ്ട സർകാരിൻ്റെ പ്രധാന ഏജൻസിയാണ് എക്സൈസ് വകുപ്പ്. ഉദ്യോഗസ്ഥരുടെ അംഗ സംഖ്യ കുറവായത് കാരണം പൊലീസിനും ഇത്തരം കുറ്റകൃത്യങ്ങൾ തടയേണ്ട ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. സർകാരിൻ്റെ ഭാഗത്ത് നിന്നാണ് എക്സൈസിൻ്റെ അംഗസംഖ്യ വർധിപ്പിക്കേണ്ട നടപടി ഉണ്ടാകേണ്ടതെന്ന് ശിൽപരാജ് ചൂണ്ടിക്കാട്ടുന്നു.
#excise #kerala #understaffed #drugabuse #RTI #government #employee #shortage #socialissue #lawenforcement