Controversy | ഡോ.പി സരിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം സ്റ്റെതസ് കോപ്; 'വോടര്‍മാരുടെ ചങ്കിടിപ്പ് അറിയാം'
● പാലക്കാട് മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ നാല് പേരുടെ പത്രിക തള്ളിയിരുന്നു
● 12 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്
● യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്
പാലക്കാട്; (KasargodVartha) ഒടുവില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി സരിന് സ്റ്റെതസ് കോപ് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു. ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സരിന് ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെ ചിഹ്നമായി ലഭിച്ചത് നേട്ടമാകുമെന്ന കണക്കൂകൂട്ടലിലാണ് ഇടതുമുന്നണി. സിപിഎം ചിഹ്നത്തില്‍ ഡമ്മിയായി നാമനിര്‍ദേശപത്രിക നല്‍കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സരിന്‍ ഇടതുപാളയത്തിലെത്തിയത്. വാര്‍ത്താ സമ്മേളനം നടത്തി കോണ്‍ഗ്രസിനേയും മുതിര്‍ന്ന നേതാക്കളേയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ സിപിഎമ്മില്‍ ചേരുന്നു എന്ന വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് മുമ്പുതന്നെ സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ചിഹ്നത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാന്‍ സ്റ്റെതസ് കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്റെ പ്രതികരണം. ഇപ്പോഴിതാ കണക്കു കൂട്ടല്‍ പോലെ സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ നാല് പേരുടെ പത്രിക തള്ളിയിരുന്നു. 12 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി), സരിന്‍ പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍ ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍ ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ദീഖ് വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍ എസ് (സ്വതന്ത്രന്‍), രാജേഷ് എം (സ്വതന്ത്രന്‍), എന്‍ ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണു സ്ഥാനാര്‍ഥികള്‍.
#DrPSari #ElectionSymbol #KeralaElections #LDF #Stethoscope