city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നികലോന ബേനകാബ്...

നോവല്‍ / അതിജീവനം / അധ്യായം 33

- ഇന്ദ്രജിത്ത്

(www.kasargodvartha.com 31.01.2021) 'ഇതിന്‍റെ പേരില് എന്നോട് എത്ര കലമ്പീറ്റ്ണ്ട്? ഇപ്പൊ ഉപകാരം വന്നില്ലേ?'

അബായയും നിഖാബും അഴിച്ചുമാറ്റുന്നത്തിനിടയില്‍ ഭാര്യ പഴയ വഴക്കിനെക്കുറിച്ച് പറയുകയാണ്‌. ആരോടെന്നില്ലാതെയാണ് സംസാരിക്കുന്നതെങ്കിലും പോക്കര്‍ കേള്‍ക്കുകയാണ് ഉദ്ദേശ്യമെന്ന് വ്യക്തം. രണ്ടുമൂന്ന് കൊല്ലം മുമ്പ് കോഴിക്കോട് ടൗണില്‍ ഷോപ്പിങ്ങിനിറങ്ങിയതായിരുന്നു. ഒന്നിച്ചുള്ള എല്ലാ ഷോപ്പിംഗുകളെയും പോലെ അതും വഴക്കിലാണ് കലാശിച്ചത്. വാങ്ങാനുള്ള സാധാനങ്ങളുടെ പ്രയോറിറ്റി ആവും പലപ്പോഴും വഴക്കിന് കാരണമാവുക. ഷോപ്പിംഗ് കോഴിക്കോട് നഗരത്തിലാവുമ്പോള്‍ മറ്റൊന്നുകൂടിയുണ്ട്. പ്രീഡിഗ്രിക്കാലം മുതലുള്ള ഓര്‍മ്മകള്‍ നഗരത്തിന്‍റെ മുക്കിലും മൂലയിലും പതിഞ്ഞിരിപ്പുണ്ട്.  എവിടെച്ചെന്നാലും എന്തെങ്കിലും അയവിറക്കാനുണ്ടാവും. ഭാര്യയ്ക്കാണെങ്കില്‍ തിരിച്ചുപോകുന്നതിനുമുമ്പ് പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയെന്നതിനപ്പുറം വേറെ ലക്ഷ്യങ്ങളില്ല.

നികലോന ബേനകാബ്...

മര്‍കസ് കോംപ്ലക്സിലെത്തിയതായിരുന്നു. നഗരത്തില്‍ ഓരോയിടത്തും വില്പനയ്ക്കുവെച്ചിരുന്ന സാധനങ്ങള്‍ ഓരോരോ സംസ്കാരത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്നുതോന്നുന്നു. ഒരു ബിരിയാണി കഴിക്കണമെന്ന് പോക്കറിന് പൂതി. അതു കഴിഞ്ഞ് ഊദ്, സബായ, മിശ്ക് എന്ന മക്സ് തുടങ്ങി പല തരത്തിലുള്ള അത്തറുകള്‍ വില്ക്കുന്ന കടകളുടെ മുമ്പിലൂടെ മണംപിടിച്ച് നടക്കണം. ആ മണമാണ് ഏറ്റവും വലിയ ടൂര്‍. മനസ്സിനെ പറപറത്താനുള്ള കഴിവ് അതിനുണ്ട്. അതാവട്ടെ ഫിസിക്സ് ക്ലാസ്സില്‍ ചൊല്ലിപ്പഠിച്ച സീ ഇന്‍റുടെന്‍ റൈസ്ഡ് ടു എയ്റ്റ് എന്ന, അഥവാ എന്‍ ആര്‍ ഐ പശ്ചാത്തലമുള്ളവരുള്‍പ്പെടുന്ന ചില വിദ്യാര്‍ഥികളുടെ ശീലപ്രകാരമുള്ള സീ മള്‍ടിപ്ലൈഡ് ബൈ ടെന്‍ റൈസ്ഡ് ടു എയ്റ്റ് എന്ന സംഖ്യയേക്കാള്‍ വലിയ വേഗതയിലായിരിക്കും. വൈദ്യതകാന്തിക തരംഗത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മനസ്സ് എവിടെയാണ് എത്തുകയെന്നറിയില്ല. തളിയിലെ സാമ്പാറിന്‍റെയും കുറ്റിച്ചിറയിലെ മുട്ടമാലയുടെയും മണം മനസ്സിനെ കൂട്ടിക്കൊണ്ടുപോലെ കോഴിക്കോടിന്‍റെ തന്നെ ചരിത്രത്തിന്‍റെ രണ്ട് കൈവഴികളിലേക്കായിരിക്കും. എന്നാല്‍ മര്‍കസ് കോംപ്ലക്സിലെ മണങ്ങളുടെ ഡെസ്റ്റിനേഷന്‍ വിശാലമാണ്. അവിടത്തെ കടകളില്‍ ലഭ്യമായ ബിരിയാണിയും അത്തറും കിത്താബുകളും മുസ്ഹഫുകളും അബായയും കന്തൂറയും ജൂബയുമടങ്ങുന്ന സാധനങ്ങള്‍ ചരിത്രത്തിന്‍റെ പല ദിശകളിലൂടെ സഞ്ചരിച്ചത്തിനുശേഷം സ്വത്വബോധത്തിന്‍റേ ചില അറകളില്‍ സാമിപ്യം പങ്കുവെക്കുന്നവയാണല്ലോ. മാത്രമല്ല, പോക്കറിനെ സംബന്ധിച്ചിടത്തോളം, മര്‍ക്കസ് കോംപ്ലക്സ് എന്നതുതന്നെ ഭൂതകാലത്തേക്ക് മനസ്സിനെ പറത്തുന്ന സാധനമാണ്. ആദ്യമായി നഗരം കണ്ട കാലത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയുടെ തുടക്കത്തില്‍ അതിന്‍റെ പണിനടക്കുകയായിരുന്നു. റഫീഖ് മാഷാണ് പറഞ്ഞത് കാരന്തൂര്‍ മാര്‍ക്കസിന്‍റേതാണ് ആ കെട്ടിടസമുച്ചയാമെന്ന്. പഠനാവശ്യാര്‍ത്തം നാട്ടില്‍ നിന്നകലെ വന്ന് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ സന്ദേശവാഹകരുടെ സ്ഥാനമാണ് റഫീഖ് മാഷിനും സ്വാദിഖ് മാഷിനും മുഹമ്മദ്‌ മാഷിനുമുണ്ടായിരുന്നത്. മൂന്നുപേരും നാട്ടില്‍ അധ്യാപകരാണ്. അവര്‍ അവരവരുടെ നാടുകളിലേക്ക് വരുമ്പോള്‍ പോക്കറിന്‍റെ വിവരമന്വേഷിക്കാന്‍ വീട്ടുകാര്‍ ഏല്പിക്കും. ആവശ്യമായ സാധങ്ങനങ്ങള്‍ കൊടുത്തുവിടും. മലപ്പുറം ജില്ലയില്‍ നിന്നുള്ള മുഹമ്മദ്‌ മാഷിനെക്കാള്‍ ഇക്കാര്യത്തില്‍ സൗകര്യം കോഴിക്കോട് ജില്ലക്കാരായ റഫീഖ് മാഷിനും സ്വാദിഖ് മാഷിനുമാണ്.

ഊദിന്‍റെയും അല്ലാത്തതുമായ അത്തറുകളുടെ മണത്തിന്‍റെ ചിറകിലേറി കാലവും ദേശവും താണ്ടാനുള്ള മോഹംപൊലിഞ്ഞത്, ബിരിയാണിക്കടയിലെ സപ്ലയര്‍ക്കുള്ള ടിപ്പ് നിക്ഷേപിച്ച്, ജീരകവും വായിലിട്ട് പുറത്തിറങ്ങിയതിനുശേഷമാണ്. മുമ്പില്‍കാണുന്നത് പര്‍ദ, ബുര്‍ഖ, അബായ, നിഖാബ്, നഖാബ്, നിഖാബ്,  മഫ്ത തുടങ്ങിയ ബോര്‍ഡുകളോടെ സുന്ദരിമാരുടെ ചിത്രങ്ങളുമായി നില്ക്കുന്ന കടകളാണ്. നഖാബ്, നിഖാബ്, നകാബ് വെവ്വേറെ സാധനനങ്ങളാന്ന ധാരണ തിരുത്തിയത് ക്വാര്‍ട്ടേഴ്സിലായിരുന്ന കാലത്ത് എന്നും ‘നികലോ ന ബേനകാബ്’ പാടി നടക്കാറുണ്ടായിരുന്ന ഉര്‍ദുമാഷാണ്.

മുമ്പില്‍ കാണുന്ന പര്‍ദക്കടകളിലൊന്നില്‍ കയറണമെന്ന് ഭാര്യയ്ക്ക് പൂതി. അവളുടെ പൂതി കേവലം മണം പിടിക്കലില്‍ ഒതുങ്ങില്ലെന്ന് പോക്കറിനറിയാം. വില കൂടിയ എന്തെങ്കിലും കൈപ്പിടിയിലൊതുക്കിയാല്‍ മാത്രമേ തൃപ്തയാവൂ.

പര്‍ദ, ബുര്‍ഖ, അബായ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മേല്‍വസ്ത്രം അണിയുകയെന്നത് ഫാഷനായി മാറിയിരിക്കുന്നു. തീപിടിച്ച വിലയാണ് ഓരോന്നിനും. സീസണനുസരിച്ച് ഫാഷന്‍ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവ അണിയുകയെന്നത് സ്റ്റാറ്റസ് സിംബലാണ്. അഭിമാനം, ആഭിജാത്യം തുടങ്ങിയ ബോധ്യങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍. സോഷ്യല്‍ ഡിസയറബിലിറ്റിയുടെ കാര്യത്തില്‍ പൊതുവെ അങ്ങനെയായാണ് പോക്കറിന്‍റെ അനുഭവം. പൊന്നും വില കൊടുത്ത് ഒരു അബായ വാങ്ങി സന്തുഷ്ടയായി ഭാര്യ കടയുടെ പടിയിറങ്ങി. പശുവിന്‍റെ കൂടെ കയറെന്നതുപോലെ ഒരു നിഖാബ് സൗജന്യമായി കിട്ടി. പോക്കര്‍ തന്‍റെ അതൃപ്തി വാക്കുകളിലൂടെ സൂചിപ്പിച്ചു.

ഭാര്യയുടെ ഭാഗത്തും ന്യായമുണ്ടെന്ന് പോക്കറിനറിയാം. വസ്ത്രം മനുഷ്യന് പലതുമാണ്. ഭൂമിയിലെല്ലായിടത്തും വ്യാപിച്ച അവന് എല്ലാ ഋതുക്കളിലും ക്ലേശമില്ലാതെ ജീവിക്കാന്‍ അതാവശ്യമാണ്. മാത്രമല്ല, നാണം മറയ്ക്കലും സാംസ്കാരിക പരിണാമത്തിന്‍റെ ഭാഗമാണ്. എന്നാല്‍ പിന്നീടത് പലതുമായി മാറി. അന്തസ്സ്, ആഭിജാത്യം, സ്വത്വബോധം അങ്ങനെ പലതിനെയും വസ്ത്രം പ്രതിനിധാനം ചെയ്തു. കോളേജിലും ആശുപത്രിയിലുമൊക്കെ അവിടങ്ങളിലെ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും അനുസരിച്ചുള്ള വസ്ത്രം പോക്കറും ധരിക്കുന്നുണ്ട്. ഭാര്യയ്ക്കും സ്വന്തമായ ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളുമുണ്ട്. നാട്ടില്‍, ബന്ധുക്കള്‍ക്കിടയില്‍, കല്യാണം പോലുള്ള ഒത്തുകൂടലുകളില്‍ സംബന്ധിക്കുമ്പോള്‍ അതാതിടത്തെ പൊതുബോധത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചേ മതിയാകൂ. ആരോഗ്യസര്‍വകലാശാലയിലെ ക്ലാസ്സില്‍ വെച്ചാണ് ഇതിന്‍റെ പ്രാധാന്യം ബോധ്യമായത്.

ക്ലാസ്സുകള്‍ക്കിടയിലുള്ള വൈസ് ചാന്‍സലറുടെ കടന്നുവരവ് വല്ലാത്തൊരു ഉണര്‍വാണ് പ്രദാനം ചെയ്യാറ്. ഉറക്കം തൂങ്ങുന്നവരൊക്കെ ഉണരും. ആ നേരത്ത് ചര്‍ച്ച ചെയ്യുന്ന വിഷയത്തിനനുസരിച്ചുള്ള എന്തെങ്കിലും ചോദ്യം ചോദിക്കും. നഴ്സിംഗ് കോളേജുകളിലെ അധ്യാപരും പ്രിസിപ്പാള്‍മാരുമൊക്കെ ക്ലാസ്സിലുണ്ട്. അവര്‍ക്കിടയിലെ കന്യാസ്ത്രീകളോണ് ചോദ്യങ്ങള്‍ കൂടുതലും ചോദിക്കുക. മെഡിക്കല്‍ ഹ്യുമാനിറ്റീസ് കോഴ്സിന്‍റെ അവിഭാജ്യഘടകമാണ് നഴ്സുമാര്‍. ആതുരസേവനത്തിന്‍റെ മസ്തിഷ്കം ഡോക്ടറും ഹൃദയം നഴ്സുമാണ്. നഴ്സുമാരെ പരിഗണിക്കുകയെന്നത് വൈസ് ചാന്‍സലറുടെ നേതൃപാടവത്തിന്‍റെ ഭാഗമാണ്. പക്ഷേ എല്ലാവരെയും തിരിച്ചറിയണമെന്നില്ല. വൈസ് ചാന്‍സലര്‍ കന്യാസ്ത്രീകളോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കുറിച്ച് ഇടവേളകളില്‍ പഠിതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ വരാറുണ്ട്. വസ്ത്രത്തിലെ സാമ്യതയാണ് കന്യാസ്ത്രീകള്‍ക്ക് വൈസ് ചാന്‍സലറുടെ പരിഗണന കൂടുതലായി ലഭിക്കുന്നതിന്‍റെ കാരണമെന്ന് ഒരാള്‍ പറഞ്ഞു. പല തരത്തിലുള്ള വാഗ്വാദങ്ങള്‍ക്ക് ഇത് കാരണമായി.

കന്യാസ്ത്രീകള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നതിന്‍റെ കാരണം അവരുടെ സ്ഥാനവസ്ത്രം തന്നെയാണ്. പൊതുവസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് തിരിച്ചറിയുന്നത്. ഈ തിരിച്ചറിയല്‍ പല തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.

സുള്ല്യ കേവീജിയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ പൊതുവെ മാന്യന്മാരുടെ കൂടാരങ്ങളായിരുന്നു. അതിനിടയില്‍ എന്‍ജിനീയറിംഗ് കോളേജിലേക്ക് കോട്ടയത്തു പഠിച്ച ഒരു മലയാളി വന്നു. അവരുടെ ഹോസ്റ്റലിനടുത്ത് ഒരു കന്യാസ്ത്രീമഠം ഉണ്ടായിരുന്നുവത്രെ. അവിടെ നിന്ന് സിസ്റ്റര്‍മാര്‍ പുറത്തിറങ്ങുമ്പോഴൊക്കെ ഹോസ്റ്റലില്‍ നിന്ന് തെറിപ്പാട്ടുകള്‍ ഉയരും. സുള്ല്യയിലെ നഴ്സിംഗ് കോളേജ് ഹോസ്റ്റല്‍ താമസിക്കുന്ന മലയാളികളായ കന്യാസ്ത്രീകള്‍ ആഴ്ചയിലോരിക്കല്‍ രാത്രി കൂടിയിരുന്ന് പ്രാര്‍ഥനാഗാനങ്ങള്‍ പാടാുണ്ട്. അതൊരിക്കല്‍ കേട്ടപ്പോള്‍ കോട്ടയത്തു പഠിച്ച മലയാളി എന്‍ജിനീയര്‍ക്ക് ഭൂതകാലസ്മരണകള്‍ തികട്ടിവരികയും ഉച്ചത്തില്‍ പാടുകയും ചെയ്തു.

'കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതാറുപെറ്റു, കര്‍ത്താവിന്‍റെ കാരുണ്യം കൊണ്ടവയാറും ചത്തു'

ഇതൊരു തെറിപ്പാട്ടാണെന്നറിയാതെ ബാംഗ്ലൂരില്‍ നിന്നും ഗുല്‍ബര്‍ഗയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമൊക്കെ വന്ന എന്‍ജിനീയറിംഗ് കൊളേജധ്യാപകര്‍ ഏറ്റുപാടി, അതൊരു സംഘഗാനമായി അന്തരീക്ഷത്തില്‍ മുഴങ്ങി.പിറ്റേന്നുതന്നെ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നിന്ന് മാനേജ്മെന്‍റിന്‍റെയടുത്ത് പരാതി പോയി.

വസ്ത്രധാരണത്തിലെയും മറ്റും മതപരവും സാമുദായികവുമായ സ്വത്വം മറ്റുള്ളവരിലുണ്ടാക്കുന്നത് പല തരത്തിലുള്ള പ്രതികരണങ്ങളാണ്. പാതിരിമാരും കന്യാസ്ത്രീകളും മാത്രമല്ല, സാധാരണക്കാരായ ക്രൈസ്തവവിശ്വാസികള്‍ പോലും കുരിശടക്കമുള്ള മതപരമായ അടയാളങ്ങള്‍ വെളിവാക്കിനടന്ന ഒരു കാലമുണ്ടായിരുന്നു. രാഷ്ട്രവിഭജനത്തോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ഇരുപക്ഷത്തിന്‍റെ ശത്രുലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണ് തങ്ങളെന്ന് തെളിയിക്കാന്‍ അതാവശ്യമായിരുന്നു. പക്ഷേ ഇത് അധികകാലം നീണ്ടുനിന്നില്ല. ഒറീസ്സയില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് ഗ്രഹാം സ്റ്റെയിന്‍സ് ചുട്ടുകൊല്ലപ്പെട്ടത്.

'ഞാന്‍ അബായ ധരിച്ച് നിങ്ങളുടെ കൂടെ വരുമ്പോള്‍ ഒരു നീചജന്തുവിനെപ്പോലെയാണല്ലോ പെരുമാറിയിരുന്നത്',

ഭാര്യ പഴയ കണക്കുകള്‍ മൊത്തത്തില്‍ തീര്‍ക്കാനുള്ള പുറപ്പാടിലാണെന്നുതോന്നുന്നു.

'അതുപക്ഷേ, നിന്‍റെ വസ്ത്രസ്വാതന്ത്ര്യത്തില്‍ കൈകടത്താനായിരുന്നില്ല'

'കൈകടത്താനല്ലെങ്കില്‍ പിന്നെ കാല്‍ കടത്താനായിരിക്കും'

'അങ്ങനെയല്ല, വലിയ മഹാനല്ലാത്തതിനാല്‍ വീടിന്‍റെയും തൊഴിലിടത്തിന്‍റെയും ചുറ്റുവട്ടങ്ങളില്‍ മാത്രമേ ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുകള്ളൂ. വലിയ യാത്രകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍ മാത്രമാണ് ഞാന്‍'

'അതുകൊണ്ട്?'

'സാമുദായികമായ ഐഡന്‍റിറ്റി വെളിവാക്കിക്കൊണ്ട് നീയെന്‍റെ കൂടെ വരമ്പോള്‍ ആ സമുദായത്തില്‍ പെട്ടയാളാണെന്ന് ആളുകള്‍ മനസ്സിലാക്കും'

'അതുകൊണ്ടെന്താ ആരെങ്കിലും അടിച്ചുക്കൊല്ലുമോ?'

'ആ കാലം വിദൂരമല്ല; ബീഫിന്‍റെ പേരില്‍ എത്ര പേരെയാണ് അടിച്ചുകൊന്നത്?' സാബുമാഷാണ് ഇടയ്ക്കുകയറി മറുപടി പറഞ്ഞത്

'ഇരിക്കൂ മാഷേ ',

കസേരയിലേക്ക് ചൂണ്ടിക്കൊണ്ട് പോക്കര്‍ പറഞ്ഞു

'വേണ്ട കൊറോണക്കാലമല്ലേ; മാത്രമല്ല, എനിക്കല്പം തിരക്കുമുണ്ട്. ഈ ജേണല്‍ തരാനായി വന്നതാണ്. അല്പം മുമ്പ് വന്നതാണെങ്കിലും കൊണ്ടുവരാന്‍ വിചാരിച്ച് മറന്നുപോയതാണ്'

'അഡ്രസ്സ് മാറ്റിക്കൊടുക്കാതെ ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാനാണ്',

കുറ്റപ്പെടുത്തലിന് പുതിയൊരു വിഷയം വീണുകിട്ടിയ ഭാവമാണ് ഭാര്യയ്ക്ക്.

'കുഴപ്പമില്ല, ലോക്ക്ഡൌണില്‍ ട്രെയിന്‍ സര്‍വീസ് മുടങ്ങിയ സ്ഥിക്ക് ഇനി വലിയ തപാലുണ്ടാവണമെന്നില്ല',

സംഘര്‍ഷത്തിന് അയവുവരുത്താനെന്ന തരത്തില്‍ സാബുമാഷ് പറഞ്ഞു.

വീടുണ്ടാക്കിയത്തിനുശേഷം ലാന്‍സെറ്റിന് അഡ്രസ്സ് മാറ്റിക്കൊടുത്തിരുന്നില്ല. വരിസംഖ്യ പുതുക്കുമ്പോള്‍ ചെയ്യാമെന്ന് കരുതിയതായിരുന്നു. ക്വാര്‍ട്ടേഴ്സിലെ പഴയ അഡ്രസ്സില്‍ വരുന്ന ജേണല്‍ ആരെങ്കിലും വീട്ടിലെത്തിക്കും.

സാബുമാഷ് പോയതോടെ ഭാര്യ വീണ്ടും പഴയ കുറ്റവിചാരണയിലേക്ക് കടന്നു. കൊറോണക്കാലം അതിനുപറ്റിയ അവസരമാണെന്ന് അവള്‍ക്കറിയാം.

വ്യാപനശക്തിയാണ് കൊറോണയുടെ വിജയഹേതു. ആശുപത്രി ഡ്യൂട്ടിക്കിടയില്‍ പി പി ഇ കിറ്റെന്ന കവചത്തിനകത്താണെന്ന ചെറിയൊരു സമാധാനമുണ്ട്. പക്ഷേ മാര്‍ക്കറ്റില്‍ അതണിഞ്ഞ് നടക്കാനാവില്ലല്ലോ. കോവിഡ് രോഗികള്‍ എല്ലായിടത്തും ഉണ്ടാകാമെങ്കിലും. വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ വേണമെങ്കില്‍ മാര്‍ക്കറ്റില്‍ പോവണം. എന്നാല്‍ ഭാര്യയ്ക്കങ്ങനെയല്ല, അബായയെന്നും പര്‍ദയെന്നും ബുര്‍ഖയെന്നുമൊക്കെ പേരുള്ള ആ മേലാട വലിച്ചിട്ടാല്‍ ഏതാണ്ട്പി പി ഇ കിറ്റണിഞ്ഞതുപോലുള്ള സുരക്ഷിതബോധമാണ്. തിരിച്ചുവന്നതിനുശേഷം ഊരിയെടുത്ത് അത്യാവശ്യം പ്രകാശവും വെയിലുമൊക്കെ എല്ക്കുന്ന ഒരിടത്ത് തൂക്കിയിട്ടാല്‍ മതി, അടുത്ത പ്രാവശ്യം മാര്‍ക്കറ്റില്‍ പോവാറാകുമ്പോഴേക്ക്വൈറസ് ഫ്രീയായിട്ടുണ്ടാകും.

'പെണ്ണെന്ന നിലയില്‍ നിനക്ക് നിനക്ക് ചില പ്രിവിലേജുകള്‍ ഉണ്ട്. പി പി ഇ കിറ്റണിഞ്ഞ് ഞാന്‍ മാര്‍ക്കറ്റില്‍ പോയാല്‍ ആളുകള്‍ ഭ്രാന്തനെന്നു വിളിക്കും. എന്നാല്‍ പര്‍ദയണിഞ്ഞ് അവിടെപ്പോകുന്ന നിനക്ക് അത്തരത്തിലുള്ള ഒരു വിളിയും കേള്‍ക്കേണ്ടിവരില്ല'.

'പ്രിവിലേജ്... അതൊക്കെ കൊറോണ വന്ന് വാതിലില്‍ മുട്ടിയപ്പോള്‍ ഉണ്ടായതല്ലേ. സ്ത്രീകളെ സ്വന്തമായ തീരുമാനശക്തിയുള്ളവരായി നിങ്ങള്‍ പുരുഷവര്‍ഗം എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?'

ആ ചോദ്യം എവിടെയോ ചെന്നുതറച്ചതായി പോക്കറിന് തോന്നി. കൂടുതലൊന്നുമറിറിയില്ലെങ്കിലും സ്വന്തം തൊഴില്‍ രംഗത്ത്, മെഡിക്കല്‍ പ്രൊഫഷനില്‍, അങ്ങനെയാണെന്നുറപ്പാണ്.

റുഫൈദ അല്‍ അസ്ലമിയ്യ എന്ന പേര് ആദ്യമായി കേട്ടത് ആരോഗ്യ സര്‍വകലാശാലയില്‍ സുനീഷ് സാറിന്‍റെ ക്ലാസ്സിലാണ്. യുദ്ധങ്ങളില്‍ മുഹമ്മദ്‌ നബിയുടെ പക്ഷത്ത് പരിക്കേറ്റവരെ ചികിത്സിച്ചവരില്‍ പ്രധാനി. അന്നത്തെ യുദ്ധങ്ങളില്‍ ഫിസിഷ്യനും സര്‍ജനും നഴ്സും മെഡിക്കല്‍ സോഷ്യല്‍വര്‍ക്കറും എല്ലാം സ്ത്രീകളായിരുന്നു. പക്ഷേ അതൊരു വലിയ കാര്യമല്ല. 

സ്പെഷ്യലൈസേസന്‍ നിലവില്‍ വരാത്ത കാലത്ത് എല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുക സ്വാഭാവികമാണ്. പലവിജ്ഞാനശാഖകളുടെയും പിതാവായി കണക്കാക്കുന്നത് അരിസ്റ്റോട്ടിലിനെയാണല്ലോ. പക്ഷേ സ്പെഷ്യലൈസേഷനുണ്ടായപ്പോള്‍ നല്ല മേഖലകളൊക്കെ പുരുഷന്‍ കൈയേറി. ഈ കൈയേറ്റം യൂറോപ്പില്‍ നെല്ലിപ്പടി കണ്ടു.

സ്ത്രീകള്‍ക്ക് ഡോക്ടര്‍മാരാവാന്‍ പറ്റിയിരുന്നില്ലെന്ന് മാത്രമല്ല, ആതുര സേവന മേഖലയില്‍ പേറ്റിച്ചി, വയറ്റാട്ടി തുടങ്ങിയ പേരുകള്‍ക്കപ്പുറത്തുള്ള സ്ഥാനത്തേക്ക് എത്തിനോക്കാന്‍ പോലും അര്‍ക്കാവില്ലായിരുന്നു. എല്ലായ്‌പ്പോഴും അനുബന്ധവേഷങ്ങളിലും മിഡ്‌വൈഫുകളായും അവിദഗ്ധരായ രോഗശാന്തിക്കാരായും സേവനമനുഷ്ഠിക്കുകയാണവര്‍ ചെയ്തത്. വൈദ്യശാസ്ത്രത്തിന്‍റെ പ്രൊഫഷണലൈസേഷൻ അവരെ കൂടുതൽ കൂടുതൽ അരികുകളിലേക്കുതള്ളി . ആശുപത്രികൾ പെരുകിയപ്പോഴും അവര്‍ പാര്‍ശ്വവത്കൃത സമൂഹമായി തുടര്‍ന്നു.

കര്‍ത്താവിന്‍റെ തിരുമണവാട്ടികള്‍ എന്ന സേവന മേഖലയാണ് സ്ത്രീകളുടെ മുമ്പില്‍ ആകെയുണ്ടായിരുന്നത്. റോമൻ കത്തോലിക്കാ കന്യാസ്ത്രീ-മഠങ്ങളുടെയും ജർമ്മൻ പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ സഭാനേതൃത്വങ്ങളുടെയുമൊക്കെ ഉത്തരവുകളനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. വൈദ്യശാസ്ത്രത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ശാരീരിക പരിചരണത്തിന്‍റെ പരമ്പരാഗത രീതികളിലാണ് അവർക്ക് പരിശീലനം ലഭിച്ചത്.

അങ്ങനെയിരിക്കുമ്പോഴാണ് ആ വാനമ്പാടി പറന്നുവരുന്നത്. ഇറ്റലിയില്‍ താമസിക്കുന്ന ബ്രിട്ടീഷ് ദമ്പതിമാരുടെ മകളായാണ് അവള്‍ ജനിച്ചത്. നല്ലൊരു സ്റ്റാറ്റിസ്റ്റിഷ്യനായിരുന്നു. ആ പാരമ്പര്യം കിട്ടിയിട്ടാണോയെന്നറിയില്ല നഴ്സിംഗ് കോളേജുകളില്‍ നിന്നുവരുന്നവര്‍ ആരോഗ്യ സര്‍വകലാശാലയില്‍ സ്റ്റാറ്റിക്സില്‍ നല്ല മികവ് പുലര്‍ത്താറുണ്ട്. നന്നായി എഴുതും. അവളുടെ രചനകള്‍ പല മേഖലകളെ തൊട്ടു. അവയില്‍ പലതും വൈദ്യപരിജ്ഞാനം പ്രചരിപ്പിക്കുന്നവയായിരുന്നു. ചിലലഘുലേഖകൾ ലളിതമായ ഇംഗ്ലീഷിലാണ്എഴുതിയത് എന്നതിനാല്‍ തന്നെ സാഹിത്യഭാഷ അറിയാത്തവര്‍ക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയുടെ ഗ്രാഫിക്കൽ അവതരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ഇൻഫോഗ്രാഫിക്സിലൂടെ ഡാറ്റവിഷ്വലൈസേഷന്‍റെ മുൻ‌നിരക്കാരിയായി അവള്‍ മാറി. പല രചനകളും മരണാനന്തരം മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ.

ബോസ്റ്റോറസിന്‍റെ ഏഷ്യാറ്റിക് ഭാഗത്തുള്ളസൈനികാശുപത്രിയിൽ, കോൺസ്റ്റാന്റിനോപ്പിളിന്തി എതിർവശത്തുള്ള സ്കുട്ടാരിയിൽ പരിക്കേറ്റവരുടെ ഭീകരമായ അവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ വാനമ്പാടിക്ക് അടങ്ങിയിരിക്കാനായില്ല. ക്രിമിയൻ യുദ്ധമുഖത്തേക്ക് പറന്നെത്തി. സ്കുട്ടാരിയിലെ സെലിമിയേബാരാക്കിലെത്തിയ അവള്‍ മുറിവേറ്റസൈനികർക്ക്പരിചരണം നൽകുന്നതില്‍ വ്യാപൃതയായി .

നഴ്സിംഗ് മേഖലയെ അവള്‍ സമൂലം പരിഷ്കരിച്ചു. വൈദ്യശാസ്ത്രത്തിലെ നൂതനമായ അറിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണലൈസേഷന് നേതൃത്വം നൽകി. ജോലി ചെയ്തിരുന്ന യുദ്ധാശുപത്രിയിൽ കൈകഴുകലും മറ്റ് ശുചിത്വരീതികളും നടപ്പാക്കി. സ്ത്രീകള്‍, അവരില്‍ തന്നെ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തവര്‍, കേവലം പേറ്റിച്ചികളോ വയറ്റാട്ടികളോ ആയിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. ആ വാനമ്പാടിയുടെ , നൈറ്റിംഗേലിന്‍റെ, പേരിന്‍റെ ആദ്യത്തെ ഭാഗം, ജനിച്ച സ്ഥലത്തെ സൂചിപ്പിക്കുന്ന ഫ്ലോറന്‍സ് എന്നായിരുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ചുകൊണ്ട് പരിക്കേറ്റ പട്ടാളക്കാരെ പരിചരിച്ച അവര്‍, വിളക്കേന്തിയ വനിതയായി ചരിത്രത്തിലിടം നേടി.

'ഞാനന്ന് അബായയും നകാബും വാങ്ങിയിട്ടില്ലായിരുന്നുവെങ്കില്‍ ഈ കൊറോണക്കാലത്ത് എന്തുചെയ്യുമായിരുന്നു ?', ഭാര്യയുടെ ചോദ്യം.

ചെറിയൊരു സോപ്പിംഗിലൂടെ മാത്രമേ വഴക്ക് അവസാനിക്കുകയുള്ളൂവെന്ന് മനസ്സിലാക്കിയ പോക്കര്‍ അവസാനത്തെ യുദ്ധമുറയിലേക്ക് പ്രവേശിച്ചു,

'നീ മാത്രമല്ല, ഞങ്ങളുടെ വൈസ് ചാന്‍സലറും പര്‍ദ ധരിക്കാറുണ്ട്'

ആരോഗ്യസര്‍വകലാശാലയുടെ ക്ലാസ്സിനിടയിലെ വാഗ്വാദം അവസാനിച്ചത് പ്രിന്‍സിപ്പാള്‍ ധരിച്ച സ്യൂട്ടും കന്യാസ്ത്രീകളുടെ സ്ഥാനവസ്ത്രവും പര്‍ദയുമൊക്കെ ഒന്നാണെന്ന നിഗമനത്തിലാണ്. പുറത്തിറങ്ങുമ്പോള്‍ മേല്‍വസ്ത്രം ധരിക്കുകയെന്നത് ആഭിജാത്യത്തിന്‍റെ അടയാളമാണ്. ഉഷ്ണമേഖലയിലായതിനാലാവാം അതില്ലാതായത്.

'പക്ഷേ നകാബ് മതവിരുദ്ധമാണെന്ന ആ ഖത്തീബിന്‍റെ അഭിപ്രായത്തെ തലയിലേറ്റി നടക്കുന്ന ആളല്ലേ നിങ്ങള്‍?'

'നമസ്കാരത്തിലും ഹജ്ജിലും മുഖം മറക്കാന്‍ പാടില്ലാത്തതിനാല്‍ നകാബ് മതവിരുദ്ധമാണെന്ന് മന്‍സൂര്‍ ഖുത്തുബയില്‍ പറഞ്ഞത് ശരിയാണ്. പക്ഷേ കാലം മാറിയില്ലേ?'

'നിങ്ങളുടെ അഭിപ്രായവും മാറിയോ?'

കൊറോണക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ നകാബ് വേണം.... നികലോ നബേനകാബ്..... സമാനാ ഖറാബ് ഹൈ

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തി അധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ  കാമുകന്‍ 27






Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival , Pandemic, Homo sapiens, Niklonabenaqaab, Don’t go out without wearing the veil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia