ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍
Apr 28, 2015, 20:48 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2015) ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും വിനോദ യാത്രയ്ക്ക് നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളിലാണ് ആയിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പം ഉണ്ടായതെന്ന് ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട ഡോ. അഭിന്‍ സൂരി വ്യക്തമാക്കുന്നു. ഇര്‍ഷാദിന്റെ ബന്ധുക്കളോടാണ് അഭിന്‍ സൂരി ഇക്കാര്യം സൂചിപ്പിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ബസ് മാര്‍ഗം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയത്. രാവിലെ 10.30 മണിയോടെയാണ് നേപ്പാളിലെത്തിയത്. കാഠ്മണ്ഡുവില്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഡോ. അഭിന്‍ സൂരി സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയിരുന്നു. തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ താമസിച്ച ഹോട്ടല്‍ ഭൂകമ്പത്തില്‍ നിമിഷ നേരം കൊണ്ട് നിലംപൊത്തിയത്.
പുറത്തുപോയിരുന്ന അഭിന്‍ സൂരിക്കും ഭൂകമ്പത്തില്‍ പരിക്കേറ്റിരുന്നു. ഇയാളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നതിന്റെ ചിത്രം ഒരു വെബ്സൈറ്റില്‍ കണ്ടാണ് ഇവര്‍ അപകടത്തില്‍ പെട്ടതായി ബന്ധുക്കള്‍ക്ക് ബോധ്യമായത്. പിന്നീട് അഭിന്‍ സൂരിക്ക് അവിടെ ചികിത്സ നല്‍കുകയും ഡല്‍ഹിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. അപ്പോഴും ഉറ്റ സുഹൃത്തുക്കളായ ഇര്‍ഷാദിനെ കുറിച്ചോ, ദീപകിനെ കുറിച്ചോ അഭിന്‍ സൂരിക്ക് കൂടുതലൊന്നും അറിഞ്ഞിരുന്നില്ല.
നേപ്പാളിലേക്കുള്ള യാത്രക്കിടെ പ്രതുശ്രുത വധു ലുലു ഫാത്വിമയെ ഇര്‍ഷാദ് ഫോണില്‍ വിളിച്ചിരുന്നു. ഇതായിരുന്നു നാട്ടിലേക്കുള്ള അവസാനത്തെ ഫോണ്‍കോള്‍. പിന്നീട് നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ വിവരം അറിഞ്ഞതോടെ ഫാത്വിമ ഇര്‍ഷാദിനെ തിരിച്ചു വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഇര്‍ഷാദ് ഭൂകമ്പത്തില്‍ പെട്ടതായി വീട്ടുകാര്‍ സംശയിച്ചത്. അഭിന്‍ സൂരിയെ പരിക്കുകളോടെ കണ്ടെത്തിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ഡോ. ഇര്‍ഷാദും, ഡോ. ദീപക് തോമസും കാഠ്മണ്ഡുവിലെ റോയല്‍ പാലസിന് സമീപത്തെ റെഡ്ക്രോസ് ക്യാമ്പില്‍ കഴിയുന്നതായാണ് ആദ്യം വിവരം ലഭിച്ചത്. ദുരിതാശ്വാസ പ്രവര്ത്തനത്തിലേര്പെട്ട ഇന്ത്യന്‍ സൈനികന് രവി ശര്‍മയാണ് ഈ വിവരം അറിയിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നാട്ടില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് ഫലം കാണാതെ വന്നതോടെയാണ് ദുബൈയിലുള്ള സഹോദരന് ലിയാഖത്ത് അലി നേരെ ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തുകയും പിന്നീട് ഉച്ചയോടെ നേപ്പാളിലേക്ക് പുറപ്പെടുകയും ചെയ്തത്. ദീപകിന്റെ ബന്ധുവും കൂടെയുണ്ടായിരുന്നു.
അതിനിടെ ഇരുവരും നേപ്പാളിലെ പ്രശസ്തമായ ത്രിഭുവന്‍ മെഡിക്കല്‍ ടീച്ചിംഗ് കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഈസമയം കാസര്‍കോട് വാര്‍ത്ത ആശുപത്രിയില്‍ ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്നവരുടെ ലിസ്റ്റില്‍ ഇരുവരുടെയും പേരില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
ത്രിഭുവന്‍ മെഡിക്കല്‍ ടീച്ചിംഗ് കോളജ് മോര്‍ച്ചറിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയ സഹോദരനും മറ്റും ചികിത്സയില്‍ കഴിയുന്നവരെയെല്ലാം കണ്ടെങ്കിലും ഇര്‍ഷാദിനെയും ദീപകിനെയും അക്കൂട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയില്‍ അന്വേഷണം നടത്തിയത്. തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇര്‍ഷാദിന്റെയും ദീപക് തോമസിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇരുവരുടെയും മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡും മൃതദേഹം തിരിച്ചറിയാന്‍ സഹായകമായി.
Related News:
എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും
Keywords : Kasaragod, Kerala, Death, Doctor, Accident, Friend, Dr. Irshad, Dr. Deepak Thomas, Nepal, Earthquake, Fathima, Phone Call.