ജ്വലറിയിൽ നിന്ന് അസി. സെയിൽസ് മാനജർ കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു; 'വരാമെന്ന് പറഞ്ഞ് സ്റ്റോക് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പുറത്തുപോയി; പിന്നീട് വന്നില്ല'
Dec 1, 2021, 20:14 IST
കാസർകോട്: (www.kasargodvartha.com 01.12.2021) അസിസ്റ്റന്റ് സെയിൽസ് മാനജർ ജ്വലറിയിൽ നിന്നും കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന സുൽത്വാൻ ജ്വലറി അധികൃതരുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ജ്വലറിയുടെ പവർ ഓഫ് അറ്റോണി നൽകിയ പരാതിയിലാണ് എഫ് ഐ ആർ റെജിസ്റ്റർ ചെയ്തത്. നേരത്തെ നൽകിയ പരാതിയിൽ കൂടുതൽ വ്യക്തത വേണമെന്ന് പൊലീസ് ജ്വലറി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിയ ശേഷമാണ് പൊലീസ് ബുധനാഴ്ച ഉച്ചയോടെ കേസ് റെജിസ്റ്റർ ചെയ്തത്. പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
സുൽത്വാൻ ജ്വലറിയുടെ കാസർകോട് ഷോറൂമിലെ വജ്രാഭരണങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റ അസിസ്റ്റന്റ് സെയിൽസ് മാനജറായ മംഗ്ളുറു ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫാറൂഖിന് എതിരെയാണ് ജ്വലറി അധികൃതർ പരാതി നൽകിയിരിക്കുന്നത്. 2,88,64,153 രൂപയുടെ വജ്രാഭരണങ്ങൾ കടത്തിയെന്നാണ് പരാതി. കോവിഡ് കാരണം ജ്വലറിയിൽ ഒന്നര വർഷത്തിലധികമായി സ്റ്റോകെടുപ്പ് നടത്തിയിരുന്നില്ലെന്നും ഇത് മുതലാക്കി അതിസമർഥമായാണ് ഇയാൾ തട്ടിപ്പ് നടത്തി മുങ്ങിയതെന്നുമാണ് ജ്വലറി അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ച സ്റ്റോക് എടുക്കാൻ നിശ്ചയിച്ചപ്പോൾ അതിന്റെ ഒരു മണിക്കൂർ മുമ്പ് ഒരു കാരണം പറഞ്ഞു ഫാറൂഖ് പുറത്ത് പോയതായും പിറ്റേദിവസം വരാമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരം ആയിട്ടും ഇയാൾ വന്നില്ലെന്നും ജ്വലറിയുമായി ബന്ധപ്പെട്ടവർ പറയുന്നു. തുടർന്ന് വജ്രാഭരണ വിഭാഗത്തിൽ ഫാറൂഖിനൊപ്പം ചുമതലയിൽ ഉണ്ടായിരുന്ന മറ്റൊരാളെ വെച്ച് സ്റ്റോക് എടുക്കുകയും ഇതിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അധികൃതർ അറിഞ്ഞതെന്നും ഉടമകൾ വ്യക്തമാക്കുന്നു.
അഞ്ച് വർഷമായി സുൽത്വാൻ ജ്വലറിയിൽ ജോലി ചെയ്തുവരികയായിരുന്നു ഫാറൂഖ്. അതിന് മുമ്പ് ഗൾഫിലടക്കം ഇയാൾ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നാണ് വിവരം. അതിനിടെ ജ്വലറി അധികൃതർ ജീവനക്കാരനെ കണ്ടെത്താൻ സ്വന്തം നിലയ്ക്ക് ലുകൗട് നോടീസ് ഇറക്കി. വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മംഗ്ളൂറിലെ ജ്വലറിയുടെ ഫ്‌ലാറ്റിൽ കുടുംബസമേതമാണ് അസി.സെയിൽസ് മാനജർ താമസിച്ചു വന്നിരുന്നത്. മകനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് മംഗ്ളുറു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ജ്വലറി ഉടമകൾ പ്രതീക്ഷിക്കുന്നത്.
ALSO READ:
Keywords: Kerala, News, Kasaragod, Gold, Jewellery, Top-Headlines, Robbery, Police, Case, Complaint, Diamond theft complaint; Police case registered.
< !- START disable copy paste -->