BJP | ബിജെപിയുടെ തിരഞ്ഞെടുപ്പ് ശിൽപശാല അലങ്കോലമാക്കിയ ജില്ലാ കമിറ്റി അംഗങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം; വിഷയം കോർ കമിറ്റി ചർച്ച ചെയ്യും; പാർടി പരിപാടി വീണ്ടും തടസപ്പെടുത്തിയാൽ നേരിടാനും തീരുമാനം
Mar 20, 2024, 17:45 IST
മഞ്ചേശ്വരം: (KasargodVartha) കുഞ്ചത്തൂർ മാടയിൽ കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി എം എൽ അശ്വിനിയുടെ തിരഞ്ഞെടുപ്പ് ശിൽപശാല അലങ്കോലമാക്കിയ ജില്ലാ കമിറ്റി അംഗങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയർന്നു. വിഷയം ചർച്ച ചെയ്യാൻ ബിജെപി ജില്ലാ കോർ കമിറ്റി യോഗം വ്യാഴാഴ്ച ചേരും. ജില്ലാ കമിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവർക്കെതിരെയുള്ള നടപടിയാണ് കോർ കമിറ്റി ചർച്ച ചെയ്യുക.
ഇരുവരും ബുധനാഴ്ച ജില്ലാ നേതൃത്വത്തിന് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയതായി അറിയുന്നു. പരിപാടി അലങ്കോലമാക്കിയ മറ്റ് 19 ഓളം പേർ ഭാരവാഹിത്വമൊന്നും ഇല്ലാത്തവരാണെന്നും പാർടി നേതൃത്വവുമായി ബന്ധപ്പെട്ടവർ പറയുന്നു. പ്രശ്നമുണ്ടാക്കിയ ജില്ലാ കമിറ്റി അംഗങ്ങൾ ഉൾപെടെയുള്ളവർ പാർടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും നിരുപാധികമായി പാർടി പ്രവർത്തനത്തിൽ വരുന്നുണ്ടെങ്കിൽ സഹകരിപ്പിക്കാമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പാർടി പ്രാദേശിക നേതൃത്വത്തെ കൂടി അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ പ്രവർത്തിക്കട്ടെയെന്നും പാർടിയെ വെല്ലുവിളിച്ച് ഇനി പ്രവർത്തനം തടസപ്പെടുത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും മണ്ഡലം നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർടിയെ സ്ഥിരമായി അപമാനിക്കുന്ന ആൾക്കാരുമായി മണ്ഡലം നേതൃത്വം ഒരു തരത്തിലുള്ള അനുരഞ്ജത്തിനും ഇല്ലെന്നും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് ജില്ലാ നേതൃത്വത്തിന്റെ അനുരഞ്ജന നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.
നേരത്തെ ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനു കൊലകേസില്‍ പ്രതിയായിരുന്ന കൊഗ്ഗുവിനെ കുമ്പള പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനായി നിയമിക്കാൻ സിപിഎമുമായി സഹകരിച്ചതിന്റെ പേരിൽ വലിയ കോളിളക്കമാണ് ബിജെപിക്കകത്ത് ഉണ്ടായത്. കേസിൽ ശിക്ഷിക്കപ്പെട്ട കൊഗ്ഗുവിന് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാൻ സ്ഥാനവും പഞ്ചായത് മെമ്പർ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ബിജെപിയിലെ ചില നേതാക്കൾ സിപിഎമുമായി രഹസ്യ ബന്ധമുണ്ടാക്കി പാർടിക്ക് തന്നെ കളങ്കമുണ്ടാക്കിയെന്നായിരുന്നു പ്രധാന പരാതി.
ബിജെപിക്ക് വേണ്ടി രംഗത്തുണ്ടായിരുന്ന കാസർകോട് ജെ പി കോളനിയിലെ ജ്യോതിഷ് ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ടും നേതൃത്വത്തിനെതിരെ പ്രവർത്തകരിൽ ഒരു വിഭാഗം സംഘടിച്ചിരുന്നു. ജ്യോതിഷിനെ പാർടി സഹായിച്ചില്ലെന്നും മരണത്തിലേക്ക് നയിച്ചെന്നുമായിരുന്നു പരാതി. ബിജെപി ജില്ലാ കമിറ്റി ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയ മഞ്ചേശ്വരം മണ്ഡലത്തിലെ ചിലരാണ് ഇപ്പോൾ പാർടിക്കെതിരെ പടപ്പുറപ്പാടുമായി വന്നിട്ടുള്ളത്.
ഈ പ്രശ്‌നം ആർഎസ്എസും സംഘപരിവാറും ബിജെപി നേതാക്കളും സംസാരിച്ച് തീർത്തതാണെന്നും അച്ചടക്ക നടപടി സ്വീകരിച്ച 19 പേരെയും അതേപദവി നൽകിക്കൊണ്ട് പാർടിയിൽ തിരിച്ചെടുത്തതാണെന്നും പ്രശ്‌നം പരിഹരിച്ചിട്ടും വീണ്ടും ഈ വിഷയം ഉന്നയിച്ച് രംഗത്ത് വരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് ഒരു പ്രമുഖ മണ്ഡലം നേതാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.