city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: ആസൂത്രണവും, കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതും ദുബൈയില്‍ നിന്ന്; പണം പിന്‍വലിച്ചത് ഇന്ത്യയില്‍ നിന്ന്

കാസര്‍കോട്: (www.kasargodvartha.com 13/08/2016) വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ പോലീസിന്റെ പിടിയിലായ സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തതും ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയതും ദുബൈയില്‍ നിന്നുമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ദുബൈയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിലെ മുഖ്യസൂത്രധാരന്‍ തളങ്കരയില്‍ താമസക്കാരനായ നുഅമാന്‍ (32) തട്ടിപ്പ് ആസൂത്രണം ചെയ്തത്. സൂപ്പര്‍ മാര്‍ക്കറ്റിലെ സ്വിപ്പിംഗ് മെഷീനോട് കണക്ട് ചെയ്ത് മറ്റൊരു മെഷീന്‍ ഘടിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങളെല്ലാം ചോര്‍ത്തുകയായിരുന്നു.

ഈ വിവരങ്ങളടങ്ങിയ മെഷീന്‍ ഇന്ത്യയിലേക്കെത്തിച്ച് ബംഗളൂരുവില്‍ നിന്നും ബള്‍ക്കായി ബ്ലാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങി ഇതിലേക്ക് വിവരങ്ങള്‍ പകര്‍ത്തിയാണ് വ്യാജക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതു പോലെ വ്യാജമായി ഉണ്ടാക്കിയ നൂറുകണക്കിന് ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രതികളില്‍ നിന്നും പിടികൂടിയിട്ടുള്ളത്. പൂനെയിലെ ആഡംബര ഹോട്ടലില്‍ താമസിച്ചാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ജ്വല്ലറികള്‍, പെട്രോള്‍ പമ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങി വന്‍കിട സ്ഥാപനങ്ങളിലാണ് ഇവരുടെ തട്ടിപ്പ് അരങ്ങേറിയത്.

കൊച്ചി കടവന്ത്രയില്‍ നുഅമാന്റെ ബന്ധുവായ മുഹമ്മദ് സാബിദ് (29) അറസ്റ്റിലായതോടെയാണ് വ്യാജക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. കാസര്‍കോട് സി.പി.സി.ആര്‍.ഐയ്ക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വിപ് ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് പ്രതിയാണ് കടവന്ത്രയില്‍ പിടിയിലായതെന്ന് പെട്രോള്‍ പമ്പുടമ തിരിച്ചറിഞ്ഞതോടെ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട് വാര്‍ത്തയുള്‍പെടെയുള്ള മാധ്യമങ്ങളില്‍ സാബിദിന്റെ ഫോട്ടോ കണ്ടാണ് ഇയാളെ പമ്പ് ഉടമ തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘം പൂനെയിലെ ആഡംബര ഹോട്ടലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. പിന്നീട് പൂനെയിലെ പോലീസിന് വിവരം കൈമാറി പ്രതികളായ നുഅ്മാനെയും, തളങ്കരയിലെ ഇര്‍ഫാന്‍ (28), അജ്മല്‍ (26) എന്നിവരെയും പിടികൂടിയത്. പ്രതികളെ പൂനെയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം കാസര്‍കോട്ടേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതിനിടെ പൂനെയില്‍ പിടിയിലായ സംഘത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളായ കര്‍ണാടക ബണ്ട്വാള്‍ വിട്‌ല സ്വദേശികളും വിദ്യാനഗര്‍ കോപ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ ബി ബഷീര്‍(36), എന്‍ ഹംസ (32) എന്നിവരെ പിടികൂടുകയുമായിരുന്നു. ഇവരാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കാന്‍ സഹായിച്ചത്. യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേന 'ഡിസ്‌കവര്‍' എന്ന പേരിലാണ് സംഘം ക്രെഡിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.

അതിനിടെ കൊച്ചിയിലെ കേസന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി അസി. പോലീസ് കമ്മീഷണറുടെ നേൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രിയോടെ കാസര്‍കോട്ടെത്തും. കാസര്‍കോട്ടും പൂനെയിലും പിടിയിലായ പ്രതികളെ അസി. കമ്മീഷണര്‍ ചോദ്യം ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: ആസൂത്രണവും, കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതും ദുബൈയില്‍ നിന്ന്; പണം പിന്‍വലിച്ചത് ഇന്ത്യയില്‍ നിന്ന്

Related News:
ഹൈടെക്ക് തട്ടിപ്പ്: രണ്ടരമാസം കൊണ്ട് നുഅ്മാനും സംഘവും വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയത് രണ്ടര കോടിരൂപ; പൂനെ ഹോട്ടലില്‍ ആഡംബര ജീവിതം

വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയുള്‍പെട്ട നാലംഗ സംഘം പൂനെയിലും രണ്ടു പേര്‍ കാസര്‍കോട്ടും പിടിയില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാസര്‍കോട്ടെ പെട്രോള്‍ പമ്പില്‍ നിന്നും 10,000 രൂപയുടെ ഇന്ധനം നിറച്ച് മുങ്ങിയത് എറണാകുളത്ത് പിടിയിലായ ചെങ്കള സ്വദേശിയും കൂട്ടാളികളും

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍


Keywords:  Kasaragod, Kerala, Dubai, Credit-card, Cheating, case, Accuse, arrest, Credit card cheating: planning from Dubai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia