ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; സിറ്റൗടില്‍ വച്ചിരുന്ന സൈനികന്റെ ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി, അസുഖബാധിതനായി കിടപ്പിലായ പിതാവുമായി സംസാരിച്ചു
തൃശ്ശൂര്‍: (www.kasargodvartha.com 31.12.2021) ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസെര്‍ എ പ്രദീപിന്റെ (JWO Pradeep) പുത്തൂര്‍ പൊന്നൂക്കരയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയോടെ എത്തിയ മുഖ്യമന്ത്രി സിറ്റൗടില്‍ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണനെ ചേര്‍ത്തുപിടിച്ച് സംസാരിച്ചു.
വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജന്‍ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛന്‍ ജനാര്‍ദനന്‍, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി കെ രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ റെവന്യൂവകുപ്പില്‍ ജോലി നല്‍കുന്ന നടപടി ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ രാധാകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എം എല്‍ എ തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.
പ്രദീപിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്ന ചിത്രങ്ങളും പങ്കുവച്ചു.
ഡിസംബര്‍ 8ന് കുനൂരില്‍ സൈനിക ഹെലികോപ്‌റ്റെര്‍ തകര്‍ന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത് ഉള്‍പെടെ 14 പേരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഹെലികോപ്‌റ്റെറിന്റെ ഫ്‌ലൈറ്റ് ഗണെറായിരുന്നു പ്രദീപ്.