city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Heat wave | ചൂടിനെ നേരിടാൻ എല്ലായിടത്തും 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; സംഭാരവും തണുത്ത വെള്ളവുമടക്കം നൽകും; തുക ദുരന്ത പ്രതികരണ നിധിയില്‍ നിന്ന്

തിരുവനന്തപുരം: (www.kasargodvartha.com) ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
  
Heat wave | ചൂടിനെ നേരിടാൻ എല്ലായിടത്തും 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; സംഭാരവും തണുത്ത വെള്ളവുമടക്കം നൽകും; തുക ദുരന്ത പ്രതികരണ നിധിയില്‍ നിന്ന്

തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓആര്‍എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ, മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.

വ്യാപാരികളുടെ സഹകരണം ഇതിൽ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാവുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗരേഖയിൽ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തണം. ഇത്തരം ക്യാമ്പയിൻ 'ഈ ചൂടിനെ നമുക്ക് നേരിടാം' എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിൻ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഫയർ ഓഡിറ്റ് നടത്തണം. അഗ്നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കും.

ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാവുന്നതാണ്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ഷോർട്ട് സർക്യൂട്ടുകൾ തീപിടുത്തങ്ങൾക്ക് കാരണമാകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

മേൽ പ്രവർത്തനങ്ങൾക്കായി ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന തലത്തിൽ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം. ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത്‌ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത്‌ പ്രകാരം മുൻകൂട്ടിയുള്ള കർമ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നൽകാൻ സാധിക്കണം. എസ്ഡിഎംഎ സ്ഥാപിച്ചിട്ടുള്ള 5000 വാട്ടർ കിയോസ്കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം.

വാട്ടർ കിയോസ്കുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ അവ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ പതിനായിരം രൂപ ഒരു കിയോസ്കിന് എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കും. ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകൾ നടപ്പിലാക്കണം. ആരോഗ്യ പ്രവർത്തകർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നൽകുക. എല്ലാ പി.എച്ച് സി, സി എച്ച് സികളിലും ഉൾപ്പെടെ ഒ. ആർ. എസ് ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാൽ മാനസിക പിരിമുറുക്കം കൂടുതൽ ഉണ്ടാവും. ഹീറ്റ് സ്‌ട്രെസ്സ് അത്‌ വർധിപ്പിക്കും. പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം.പോലീസ് അഗ്നി സുരക്ഷാ വകുപ്പിന്‍റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാര്‍ഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങള്‍ നടത്താൻ നിർദേശം നൽകും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിര്‍മ്മാണ/ശൂക്ഷിപ്പ് ശാലകള്‍ നിര്‍ബന്ധമായി പരിശോധിച്ച് അഗ്നി സുരക്ഷാ ഉറപ്പ് വരുത്തണം. വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ പരമാവധി ജലം സംഭരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുണ്ടാവണം. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തണം. പ്രദേശികമായ പ്രായോഗിക മോഡലുകൾ ഇതിനായി വികസിപ്പിക്കാൻ സാധിക്കണം. ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിനായി ഇത് വളർത്തണം.

ചൂട് ഭാവിയിലും വർധിക്കും എന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ഷൻ പ്ലാനിലൂടെ നിർദേശിച്ചിട്ടുള്ള 'കൂൾ റൂഫ്' ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കണം. കേരളത്തിലെ എല്ലാ നഗരങ്ങൾക്കും ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Water, Pinarayi-Vijayan, Chief Minister's instructions to start 'Tanneer Pandals'.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia