city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ മണല്‍പാസ് ഡിസൈന്‍ ചെയ്തത് ബേഡകത്തെ മിഥുന്‍; മാധ്യമങ്ങളേയും പോലീസിനേയും വെല്ലുവിളിച്ച് സൂത്രധാരന്‍

കാസര്‍കോട്: (www.kasargodvartha.com 18/02/2015) കാസര്‍കോട്ടെ മാധ്യമങ്ങളേയും പോലീസിനേയും ഒരുപോലെ വെല്ലുവിളിച്ച് വ്യാജ മണല്‍ പാസ് കേസിലെ സൂത്രധാരന്റെ ചാനല്‍ ഇന്റര്‍വ്യൂ. കാസര്‍കോട്ടെ വെബ്‌സൈറ്റ് നടത്തിപ്പിന് മുമ്പ് മുതലാളിമാരെ സുഖിപ്പിക്കുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടികളുടെ അവതാരകനായി എത്തിയിരുന്ന അതേ കേബിള്‍ ചാനലിലാണ് വ്യാജ മണല്‍ പാസ് കേസിലെ സൂത്രധാരന്റെ 'ഒരുപാട് വെളിപ്പെടുത്തല്‍' എന്ന പേരില്‍ ഇന്റര്‍വ്യൂ പ്രഹസനം നടന്നത്.

താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും വ്യാജ മണല്‍ പാസ് കേസില്‍ മാത്രം പ്രതിയല്ലെന്നാണ് ഇയാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. തനിക്കെതിരെ ഇതുവരെ കേരളത്തില്‍ ഒരിടത്തും ഒരു പെറ്റിക്കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇന്റര്‍വ്യൂവില്‍ ഇയാളുടെ വാദം. ഏറ്റവും ഒടുവില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയായിരുന്ന റഷീദ് ബെളിഞ്ചം നല്‍കിയ അപകീര്‍ത്തി സംബന്ധിച്ച പരാതിയില്‍ ഐ.ടി. ആക്ട് പ്രകാരമുള്ള കേസില്‍ പ്രതിയാണെന്ന കാര്യം മറച്ചുവെച്ചാണ് ഈ വാദം. ബദിയടുക്ക പഞ്ചായത്തില്‍ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെയും മറ്റു കൂട്ടാളികള്‍ക്കെതിരെയും അന്വേഷണം നടക്കുകയാണ്.

അതിനിടെ വ്യാജ മണല്‍ പാസ് ഡിസൈന്‍ ചെയ്ത് കൊടുത്തത് ബേഡകത്തെ മിഥുന്‍ എന്ന യുവാവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കാസര്‍കോട്‌വാര്‍ത്തയോട് വെളിപ്പെടുത്തി. കേസില്‍ നാലാം പ്രതിയായ മിഥുന്‍ ഇപ്പോള്‍ ഒളിവിലാണ്. തന്നെ മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സൂത്രധാരന്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നത്. തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ബ്ലാക്ക് മെയില്‍ പത്രങ്ങളെന്നാണ് വിശേഷിപ്പിച്ചത്. 'നിരപരാധിയായ' ഇയാളെ അറസ്റ്റുചെയ്തതിന്റെ വാര്‍ത്ത ഇയാള്‍ ചെയര്‍മാനായ വെബ്‌സൈറ്റിനുപോലും നല്‍കേണ്ടിവന്നിരുന്നുവെന്ന വസ്തുത പോലും ഇന്റര്‍വ്യൂവില്‍ വിസ്മരിക്കുന്നു.

തന്റെ സ്ഥാപനത്തില്‍ നിന്നും മൂന്ന് തവണ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇന്റര്‍വ്യൂവില്‍ പറയുന്നത്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് വെബ്‌സൈറ്റ് ഓഫീസില്‍ നിന്നും വ്യാജ മണല്‍ പാസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ ഒരു വെഹിക്കിള്‍ പെര്‍മിറ്റും മൂന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തുവെന്നാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നറിയാന്‍ സര്‍വകലാശാലകളിലേക്ക് പരിശോധനയ്ക്കായി അയച്ചുകൊടുത്തിട്ടുണ്ടെന്നും ഇതിന്റെ മറുപടി വന്നാല്‍ മാത്രമേ കേസ് അന്വേഷണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും പോലീസ് പറയുന്നു. വെബ്‌സൈറ്റ് ഓഫീസില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് ഒരു കടലാസ് കാട്ടി ഇന്റര്‍വ്യൂവില്‍ ഇയാള്‍ ചാനല്‍ പ്രതിനിധിയോട് പലവട്ടം സമര്‍ത്ഥിക്കുന്നുണ്ട്.

രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ പേരിലാണ് താന്‍ പ്രതിയാക്കപ്പെട്ടതെന്ന രീതിയിലാണ് ഇന്റര്‍വ്യൂവിലെ മറ്റൊരു വെളിപ്പെടുത്തല്‍. എന്നാല്‍ പോലീസുകാര്‍ തമ്മിലുള്ള ഈഗോ ക്ലാഷില്‍ മറ്റാരും പ്രതിയാകാതെ ഇയാള്‍ മാത്രം പ്രതിയാകുന്നതിന്റെ കാരണം ചോദിച്ചാല്‍ മറുപടിയുമില്ല. അതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മോഷ്ടാക്കളെ പിടികൂടുന്നതിലോ, നീതിനിര്‍വഹണം നടപ്പാക്കുന്നതിലോ മറ്റോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നത്. വ്യാജ മണല്‍ പാസുമായി ബന്ധപ്പെട്ട് ഒട്ടേറെ അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്ന മുസ്ലി ലീഗിനെ ഇന്റര്‍വ്യൂവിലൂടെ വീണ്ടും വലിച്ചിഴച്ചത് മുസ്ലിം ലീഗ് നേതൃത്വത്തേയും പ്രകോപിതരാക്കിയിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കള്‍ ആരുംതന്നെ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ഇടപെട്ടിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളെ സൂത്രധാരന്റെ കൂട്ടുകച്ചവടക്കാരും മണല്‍ ലോബിയില്‍പെട്ട ചിലരും കേസുമായി ബന്ധപ്പെട്ട കാര്യത്തിന് സമീപിച്ചതിനുള്ള തെളിവുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

താന്‍ ഒമാനിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടതിനെകുറിച്ചും ഇന്റര്‍വ്യൂവില്‍ ഇയാള്‍ വാചാലനാകുന്നുണ്ട്. വേണമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിക്കാമെന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്. പ്രൊഫൈല്‍ ലോഗിന്‍ ചെയ്താല്‍ അവരവരുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മാര്‍ക്ക് സൂക്കര്‍ ബെര്‍ഗ് പണ്ടേ സൗകര്യം ഒരുക്കിയ കാര്യം മറച്ചുവെച്ചാണ് സൂത്രധാരന്‍ കാഴ്ചക്കാരെ കബളിപ്പിക്കുന്നത്.

കാസര്‍കോട്ടുകാരനായ പ്രതി തൊട്ടടുത്ത മംഗളൂരു, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ ഒഴിവാക്കി നെടുമ്പാശേരിയില്‍ നിന്നും തന്റെ ഗള്‍ഫ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനം കയറാന്‍ ഒരുങ്ങവെയാണ് പിടിയിലായതെന്നാണ് മറ്റൊരു തമാശ. തങ്ങളുടെ 'ഇംപാക്ട് വാര്‍ത്തകള്‍' മൂലം പെട്ടെന്ന് തന്നെ വളര്‍ന്നു പന്തലിച്ച സൈറ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ തന്റെ പേരില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയ കാര്യം അറിയില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നുമില്ല. ഖാസിയുടെ കേസിലും മെഡിക്കല്‍ കോളജ് വിഷയത്തിലും, ചെങ്കളയിലെ ആമിനയുടെ കാര്യത്തിലും ഭയങ്കര ഇംപാക്ടാണ് ഉണ്ടായതെന്ന് പറയുന്നുവെങ്കിലും എന്ത് ഇംപാക്ടാണ് ഉണ്ടായതെന്ന കാര്യം വ്യക്തമാക്കുന്നില്ല.

കോടതിയുടെ പരിഗണനയിലുള്ള ഖാസി കേസിന്റെ തുടരന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണ്. മെഡിക്കല്‍ കോളജ് വിഷയമാകട്ടെ നാട്ടിലെ സര്‍വ മാധ്യമങ്ങളും ഏറ്റെടുത്ത വിഷയവും. മാസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് വാര്‍ത്ത പുറത്തുകൊണ്ടുവെന്ന ആമിനയുടെ കണ്ണീര്‍ കഥ ചന്ദ്രിക ദിന പത്രമാണ് വിശദമായ ചര്‍ച്ചയ്ക്കുള്ള അവസരം പിന്നീട് ഉണ്ടാക്കിയത്. ആമിനയെ ഉദാരമതികള്‍ സഹായിക്കാനെത്തിയ കാര്യം വളരെ പ്രധാന്യത്തോടെ തുടക്കം മുതലേ കാസര്‍കോട് വാര്‍ത്തയാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. മഅ്ദനിക്ക് ജാമ്യം കിട്ടിയ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത് തങ്ങളുടെ വെബ്‌സൈറ്റാണെന്ന അവകാശവാദവും നേരത്തെ ഇവര്‍ മുഴക്കിയിരുന്നു. അഥവാ ഡല്‍ഹി സുപ്രീം കോടതിയില്‍ വിധി വന്ന ഉടന്‍ ഡല്‍ഹിയിലെ മലയാളം ചാനല്‍ ഉള്‍പെടെയുള്ള മറ്റു മാധ്യമങ്ങളൊന്നും അറിയാതെ അഭിഭാഷകന്‍ ഇവരുടെ ഓഫീസില്‍ നേരിട്ട് വിളിച്ചറിയിച്ചുവെന്നാണ് സാരം.

പോലീസ് വെബ്‌സൈറ്റ് ഓഫീസ് റെയ്ഡ് നടത്തുമ്പോഴും, പിന്നീടും താന്‍ ഇവിടെയൊക്കെ ചുറ്റിപ്പറ്റിതന്നെ ഉണ്ടായിരുന്നുവെന്ന് പറയുന്ന സൂത്രധാരന്‍ അറസ്റ്റ് പേടിച്ച് ഒരുമാസത്തോളം വെബ്‌സൈറ്റിന്റെ ഓഫീസിന്റെ പടിചവിട്ടിയിട്ടില്ലെന്ന് അവരുടെ ഡയറക്ടര്‍മാര്‍ തന്നെ പറയുന്നു. തന്റെ വീട്ടില്‍ നിന്നും പോലീസ് സര്‍ക്കാര്‍ മുദ്രയോട് കൂടിയ വ്യാജ സീല്‍ കണ്ടെടുത്തു എന്ന് പറയുന്ന ഇയാള്‍ തന്നെ, ഇത് ആരോ തന്റെ വീട്ടില്‍ കൊണ്ടുവെച്ചതാണെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ താങ്കളുടെ വീട്ടില്‍ ആരാണ് ഇത് കൊണ്ടുവെക്കുന്നത് എന്ന ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി ഇല്ല.

വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പോലീസ് സര്‍ക്കാര്‍ മുദ്രയുള്ള സീല്‍ ഇയാളുടെ ബദിയടുക്ക ബീജിയന്തടുക്കയിലെ വീട്ടില്‍നിന്നും പിടിച്ചെടുത്തത്. ഇതിന് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നെ സാക്ഷിയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പച്ചക്കള്ളം പടച്ചുവിട്ടത്. കാസര്‍കോട്ടെ പാവപ്പെട്ട ജനങ്ങളെയടക്കം കബളിപ്പിച്ചുകൊണ്ട് ലക്ഷങ്ങളുടെ മണല്‍ പാസ് അച്ചടിച്ച് കൊള്ള നടത്തിയ ഒരു ക്രിമിനലിനെതിരെ പൊതു സമൂഹത്തില്‍ ഇതിനകം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ആയിരക്കണക്കിന് ആളുകള്‍ ഇ- മണലിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാറിനേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചുകൊണ്ട് ഇയാളും കൂട്ടരും വ്യാജ മണല്‍ പാസിലൂടെ ലക്ഷങ്ങളുടെ മണല്‍ മറച്ചുവിറ്റ് തടിച്ചുകൊഴുത്തത്.

ഇതിന്റെ പങ്കുകച്ചവടക്കാരെ കണ്ടെത്തുന്നതില്‍ പോലീസ് വിജയിച്ചിട്ടില്ലെങ്കിലും സൂത്രധാരനും കൂട്ടര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

കാസര്‍കോട്ടെ നിരവധി പേര്‍ക്ക് വ്യാജ ഡോക്ടറേറ്റും ഇല്ലാത്ത അവാര്‍ഡുകളും ഒപ്പിച്ചുനല്‍കുന്ന ആളാണല്ലോ താങ്കള്‍ എന്ന ചാനല്‍ അവതാരകന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഇതെല്ലാം സമ്മതിക്കുന്ന രീതിയിലുള്ള ഒരുചിരിയാണ് ഇയാളുടെ മറുപടി. താന്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്ന ഇയാള്‍, വ്യാജ ഡോക്ടറേറ്റ് കൊടുക്കുന്ന ചിലര്‍ കാസര്‍കോട്ടുണ്ടെന്നും എല്ലാം സമയമാകുമ്പോള്‍ പറയാമെന്നും അറിയിച്ചാണ് ഇന്റര്‍വ്യൂ അവസാനിപ്പിക്കുന്നത്.

ചാനല്‍ ഇന്റര്‍വ്യൂവില്‍ പോലീസിനെയും മാധ്യമങ്ങളെയും ഒരുപോലെ കുറ്റപ്പെടുത്തി, കോടതിയില്‍ 'സത്യം' തെളിയിക്കുമെന്ന് പറയുമ്പോള്‍, ഇയാളുടെ വെബ്‌സൈറ്റ് ഇതേ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മൂന്ന് ബ്ലാക്ക്‌മെയില്‍ മാധ്യമങ്ങളാണ് തന്നെ കുടുക്കിയത് എന്നാണ് കുറ്റപ്പെടുത്തുന്നത്. 'കുടുക്കിയവരുടെ' പട്ടികയില്‍ നിന്നും പോലീസിനെയും മറ്റു മാധ്യമങ്ങളെയും വെബ്‌സൈറ്റ് ഒഴിവാക്കിയിട്ടുണ്ട്.

വ്യാജമണല്‍ പാസ് കേസില്‍ പുറത്തിറങ്ങിയ സൂത്രധാരന്റെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഇയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെയും പോലീസ് നിരീക്ഷിക്കുന്നതായാണ് അറിയുന്നത്.

കാസര്‍കോട് എസ്.പി. തോംസണ്‍ ജോസാണ് വന്‍ സമ്മര്‍ദമുണ്ടായിട്ടും സൂത്രധാരന്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദേശം നല്‍കിയത്. വ്യാജ മണല്‍ പാസ് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന സി.ഐ ടി.പി സുമേഷ് വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറ്റപ്പെടുകയും എസ്.പി. തോംസണ്‍ ജോസ് സ്ഥലം മാറിയതായുള്ള വിവരം അറിഞ്ഞതോടെയുമാണ് സൂത്രധാരന്‍ ഇപ്പോള്‍ മാളത്തില്‍നിന്നും ഇറങ്ങി ചാനലില്‍ ഇന്റര്‍വ്യൂവുമായി തലപൊക്കിയിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വ്യാജ മണല്‍പാസ് ഡിസൈന്‍ ചെയ്തത് ബേഡകത്തെ മിഥുന്‍; മാധ്യമങ്ങളേയും പോലീസിനേയും വെല്ലുവിളിച്ച് സൂത്രധാരന്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia