Accident| നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് അപകടം; 3 യുവാക്കളെ പുറത്തെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
May 3, 2022, 18:20 IST
ബേക്കല്‍: (www.kasargodvartha.com) നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കിണറിലേക്ക് മറിഞ്ഞ് അപകടം. കാറിനകത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്തു. ഇരുചക്ര വാഹനത്തിലിടിച്ച ശേഷം കാർ 15 മീറ്ററോളം ആഴമുളള കിണറിലേക്ക് വീഴുകയായിരുന്നു. ഉദുമ സ്വദേശി അബ്ദുൽ നാസർ, മക്കളായ മുഹമ്മദ് മിദ്ലാജ്, അജ്മൽ, വാഹിദ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇരു ചക്ര വാഹനം ഓടിച്ച ഫസീല (29), ബന്ധുക്കളായ അസ്മില (14 ), അൻസിൽ (ഒമ്പത്) എന്നിവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഫസീലയുടെ പരിക്ക് അൽപം ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൂച്ചക്കാട് പള്ളിക്ക് സമീപത്തെ കിണറിലാണ് കാര്‍ നിയന്ത്രം വിട്ട് മറിഞ്ഞത്. കാറില്‍ കുടുങ്ങിയവരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് മറിഞ്ഞുവീണത്. കിണർ ഇടിയാൻ സാധ്യതയുള്ളത് കൊണ്ട് സംഭവം അറിഞ്ഞ് ഓടി കൂടിയ നൂറ് കണക്കിന് ആളുകളെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു.
അപകടം കണ്ടയുടൻ നാട്ടുകാരായ രാമചന്ദ്രൻ , അയ്യപ്പൻ, ബാബു എന്നിവർ കിണറ്റിൽ ഇറങ്ങി രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചു. വടം കെട്ടിയിറങ്ങി സാഹസീകമായാണ് ഇവർ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാഞ്ഞങ്ങാട് നിന്ന് സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയിലെ ഇ വി ലിനേഷ്, എച് നിഖിൽ കിണറ്റിൽ ഇറങ്ങിയാണ് നസീറിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അഗ്നിരക്ഷാ സേനയിലെ ഓഫീസർമാരായ കെ വി മനോഹരൻ, രാജൻ തൈവളപ്പിൽ, ശരത് ലാൽ, ഹോംഗാർഡുമാരായ യു രമേശൻ, പി രവീന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, അബ്ദുൽ സലാം, രതീഷ്, പുറമെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
(Updated)
Keywords: Kasaragod, News, Kerala, Top-Headlines, Accident, Car, Bekal, Road, Car went out of control and overturned into a well.