city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗം പിടിമുറുക്കിയ ഹംസയ്ക്കും മകനും വേണം, കനിവുള്ളവരുടെ കൈത്താങ്ങ്

കാസര്‍കോട്: (www.kasargodvartha.com 08.07.2014) തന്നെയും നാലു വയസുകാരനായ മകനെയും തളര്‍ത്തിയ മാരകരോഗത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് കേണപേക്ഷിക്കുകയാണ് നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലിരുന്ന് 38 കാരനായ ഹംസ. പരിശുദ്ധ റമദാന്‍ നാളില്‍ മനുഷ്യസ്‌നേഹികളുടെ അകമഴിഞ്ഞ സഹായം തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ഹംസ പുലര്‍ത്തുന്നു.

ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഭാവിയും തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതും രോഗാവസ്ഥയിലും ഹംസയെ വീണ്ടും തളര്‍ത്തുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച കുടുംബം തുടര്‍ ചികിത്സയ്ക്കു വഴികാണാതെ കൈ മലര്‍ത്തുന്നു.

മൊഗ്രാല്‍ സ്വദേശിയായ ഹംസയെ രണ്ടു വര്‍ഷം മുമ്പാണ് അസുഖം പിടികൂടുന്നത്. മറവി, തല കറങ്ങി വീഴല്‍, ഛര്‍ദി എന്നിവയായിരുന്നു തുടക്കം. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സ്വകാര്യാശുപത്രികളിലും നടത്തിയ പരിശോധനകളില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടി. അതിനു ശേഷം വിവിധ ഘട്ടങ്ങളിലായി മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജില്‍ ഡോ. രജ്‌നേഷ് മിസ്രയുടെ കീഴില്‍ ആറ് ഓപ്പറേഷനു വിധേയനായി.

ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടര്‍ പറയുന്നത്. ആറു ലക്ഷം രൂപ ഇതിനകം ചെലവായി. കൈയ്യിലുണ്ടായിരുന്നതും കുടുംബാംഗങ്ങളും അയല്‍ക്കാരായ ചിലരും സഹായിച്ചതും കൊണ്ടാണ് അത്രയും തുക കണ്ടെത്തിയത്. ഇനിയുള്ള ഓപ്പറേഷനും തുടര്‍ ചികിത്സയ്ക്കും ആര് സഹായിക്കുമെന്നാണ് ഹംസ ചോദിക്കുന്നത്. അസുഖം ശരീരം പാടേ തളര്‍ത്തിയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും പരസഹായം വേണം.

അതിനിടയ്ക്കാണ് നാലു വയസുകാരനായ മകന്‍ മുഹമ്മദ് ഹൈറാഫിനേയും അസുഖം പിടികൂടിയത്. കുട്ടിക്ക് രക്താര്‍ബുദമാണ്. ഒരു വര്‍ഷം മുമ്പാണ് രോഗ ലക്ഷണം പ്രകടമായത്. കുട്ടിയേയും യേനപ്പോയയില്‍ ചികിത്സിക്കുകയാണ്. ഇപ്പോള്‍ അസുഖം ഭേദമായിട്ടുണ്ടെങ്കിലും തുടര്‍ പരിശോധനകളും മരുന്നു കഴിക്കലും വേണം. ഹംസയുടെ രക്തമാംസ സാമ്പിളുകള്‍ മുംബൈയിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചികിത്സകള്‍ നിര്‍ണയിക്കുകയെന്നുമാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

മൊഗ്രാലിലെ പരേതനായ ഹസൈനാറിന്റെയും ഖൈറുന്നിസയുടെയും മകനായ ഹംസ ഏറെക്കാലം കര്‍ണാടകയിലായിരുന്നു. ലോഡ്ജുകളുടെയും ഹോട്ടലുകളുടെയും നടത്തിപ്പും വാഹന കച്ചവടവും മറ്റും നടത്തി വലിയ അല്ലലില്ലാതെ കഴിയുന്നതിനിടയിലാണ് അസുഖം പിടിമുറുക്കിയത്. തുടര്‍ന്ന് ശാരീരികമായും മാനസികമായും തകര്‍ന്ന സാഹചര്യത്തിലാണ് കാസര്‍കോട്ടേക്ക് താമസം മാറിയത്.

നേരത്തെ നായന്മാര്‍മൂലയില്‍ ഭാര്യാവീട്ടിനടുത്ത മറ്റൊരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇപ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു 2,500 രൂപ മാസ വാടക നല്‍കണം. ഭാര്യ കൗസര്‍ ബാനു പ്രസവ ശുശ്രൂഷയ്ക്കും, വീട്ടു ജോലിക്കും പോകുന്നതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടില്‍ അടുപ്പു പുകയുന്നത്. കുടുംബത്തിന്റെ ദുഃസ്ഥിതിയില്‍ കരളുരുകുന്ന ഹംസ ആരോഗ്യം അനുവദിക്കുമായിരുന്നുവെങ്കില്‍ താനും പണിക്കു പോകുമായിരുന്നുവെന്ന് പറഞ്ഞ് കണ്ണീരൊഴുക്കുന്നു.

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിയാസ്, ഫാത്വിമത്ത് ഫലക് എന്നിവരാണ് മറ്റു മക്കള്‍. മുഹമ്മദ് നിയാസ് പനി ബാധിച്ച് കിടപ്പിലാണ്. ഒറ്റ മുറി ക്വാര്‍ട്ടേഴ്‌സില്‍ രോഗങ്ങളോടും ദുരിതങ്ങളോടും മല്ലടിക്കുമ്പോഴും റമദാന്‍ വ്രതാനുഷ്ഠാനത്തിലും അചഞ്ചലമായ ദൈവവിശ്വാസത്തിലും മുഴുകി ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഹംസയും കുടുംബവും.

8129306928 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹംസയ്ക്ക് സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

രോഗം പിടിമുറുക്കിയ ഹംസയ്ക്കും മകനും വേണം, കനിവുള്ളവരുടെ കൈത്താങ്ങ്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia