കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
Sep 28, 2015, 15:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ട ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയ ബാങ്കിന്റെ സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങുന്നതുപോലുള്ള ശബ്ദംകേട്ടതായി സമീപത്തെ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ വെളിപ്പെടുത്തി.
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
വിജയ ബാങ്കിന്റെ തെക്കുഭാഗത്തുള്ള ചെറുവത്തൂര്‍ ഫാര്‍മേര്‍സ് സഹകരണ ബാങ്ക് ഹാളില്‍ ശനിയാഴ്ച ഒരു വിവാഹ നിശ്ചയം നടന്നിരുന്നു. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ നിരവധി കാറുകള്‍ ഈ ഭാഗത്തെ റോഡിലും മറ്റുമായി പാര്‍ക്ക് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടതടവില്ലാതെ അലറാം മുഴങ്ങുന്നതുപോലുള്ള ശബ്ദം കേട്ടിരുന്നതായി തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ സുകുമാരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ശബ്ദം കേട്ട് അന്വേഷിച്ചപ്പോള്‍ വിവാഹ നിശ്ചയത്തിന് വന്ന കാറുകളുടെ ഹോണടികളും റിവേഴ്‌സ് മ്യൂസിക്കുകളും മറ്റുമാണ് കേട്ടതെന്നും സുകുമാരന്‍ പറഞ്ഞു. തൊട്ടടുത്ത കടകളിലെ ജീവനക്കാരും അലറാം ശബ്ദം കേട്ടിരുന്നു. വാഹനങ്ങളുടെ ബഹളത്തില്‍ എവിടെനിന്നാണ് ഈ ശബ്ദം വരുന്നതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത റെഡിമെയ്ഡ് കട പെരുന്നാളോടനുബന്ധിച്ച് നാല് ദിവസം തുറന്നിരുന്നില്ല.
അതേസമയം ബാങ്കിന്റെ ലോക്കര്‍ സൂക്ഷിച്ച മുറയിലേക്കുള്ള ഡോറില്‍മാത്രമേ അലറാം സംവിധാനമുള്ളുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സ്ലാബ് തുരന്ന് മോഷ്ടാക്കള്‍ അകത്തുകടന്നതിനാല്‍ അലറാം മുഴങ്ങിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അലറാം ശബ്ദം വളരെ ഉച്ചത്തിലുള്ളതാണെന്നും ഇത് പോലീസ് സ്‌റ്റേഷനിലും ബാങ്കിന്റെ മാനേജര്‍ക്കും അറിയാന്‍ കഴിയുമെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
Related News:
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
Keywords: Vijaya Bank, Bank robbery in Cheruvathur, Robbery, Bank, Cheruvathur, Kasaragod, Bank robbery: Siren alarmed?, Fashion Gold