Regulations | ഇനി പാട്ടുവെച്ച് കസറേണ്ട; കണ്ണൂരിൽ ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പൂർണമായും അഴിച്ചുമാറ്റണമെന്ന് ആർടിഒ
● നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴ ഈടാക്കും.
● യാത്രക്കാരുടെ പരാതികളെ തുടർന്നാണ് നടപടി.
● ഓട്ടോറിക്ഷകളിലെ മീറ്റർ പ്രശ്നങ്ങളും പരിശോധിക്കും.
കണ്ണൂർ: (KasargodVartha) ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം. റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
എന്നിട്ടും ജില്ലയിലെ പല ബസുകളിലും ഇവ വെച്ചുപിടിപ്പിച്ച് അതീവ ഉച്ചത്തിൽ പാട്ടുവെക്കുന്നതായും, അതിന്റെ ശബ്ദം കുറക്കാൻ പറഞ്ഞാൽ പോലും കുറക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്റെ പേരിൽ യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. സീറ്റിന്റെ അടിയിൽ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാൽ നീട്ടിവച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്.
പരിശോധനകളിലോ പരാതിയിലോ ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു. അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്.
കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളിൽ മീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും ആർ.ടി.ഒ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
The Kannur RTO has ordered the removal of all audio and video systems from route buses within two days. This action follows numerous complaints from passengers about excessive noise levels and disruptive behavior. Violators face fines up to ₹10,000 and potential permit cancellation. The RTO will also be cracking down on auto-rickshaws operating without functioning meters.
#KannurBuses #NoisePollution #TrafficRegulations #PassengerSafety #RTOAction #KeralaTransport