Documentary | കുമരനല്ലൂരിലെ കുളങ്ങൾ: എം ടിയുടെ ആകുലതകളും എം എ റഹ്‌മാന്റെ ദൃശ്യാവിഷ്കാരവും
● എം.ടി.യുടെ ഓർമകളിലൂടെ നിളയുടെ കഥ പറയുന്നു.
● പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.
● എം.എ. റഹ്മാന്റെ ശക്തമായ പരിസ്ഥിതി ഇടപെടൽ.
● പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നു.
ഹമീദ് കാവിൽ
(KasargodVartha) മനുഷ്യമനസ്സിന്റെ വികാര വിചാര വൈരികളെ ഘനമാർന്ന വാക്കിലൂടെ കോറിയിട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ആകുലതകൾ ഒപ്പിയെടുത്ത മാനോഹര കാവ്യം പോലെയാണ് 'കുമരനല്ലൂരിലെ കുളങ്ങൾ' എന്ന ഡോക്യുഫിക്ഷൻ കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പ്രൊഫ. എം എ റഹ്മാൻ ഒരുക്കിയിരിക്കുന്നത്.
'അറിയാത്ത അത്ഭുതങ്ങളെ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്', എന്ന് ഡോക്യുഫിക്ഷന്റെ തുടക്കത്തിൽ ഭാരതപ്പുഴയുടെ മണൽ തട്ടിലിരുന്ന് എം ടി ലോകത്തോട് പറയുന്നുണ്ട്. നിളാനദി വലിയൊരു റഫറൻസ് ഗ്രന്ഥമാണ് എന്ന് എംടി വിലയിരുത്തുന്നു. അതെ, കുമരനല്ലൂരിലെ കുളങ്ങൾ എന്ന ഡോക്യുഫിക്ഷൻ കണ്ട് കൊണ്ടിരിക്കുമ്പോൾ നമ്മളുടെ മനസ്സിലേക്കും ആകുലതകളും, വ്യാകുലതകളും പടരുന്നതായ് നമുക്ക് അനുഭവപ്പെടുന്നു.
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ. അതേസമയം, പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു
ഒരു സംസ്കാരമായി ഒഴുകി കൊണ്ടിരുന്ന, സുന്ദരമായി ഒഴുകി പരന്ന നിളാനദിയെ മണൽ മാഫിയയും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കൂടി നശിപ്പിക്കുന്ന നേർചിത്രം നമുക്ക് കാണിച്ച് തരുന്നുണ്ട്.
അസ്വസ്ഥമായി ഉലാത്തുന്ന എം ടിയിലൂടെ ഭാരതപ്പുഴയിലെ മണൽ തട്ടുകളിലെ ചെറിയ കുഴികളിൽ ബാക്കിയായ വെള്ളത്തെ നോക്കി ചോദിക്കുന്നുണ്ട്. മണലെടുത്ത കുഴികളിൽ രണ്ടിറ്റ് കണ്ണീർ പോലെ ബാക്കി വെച്ചതാരാണ് എന്ന ചോദ്യം നമ്മുടെ നാടിന്റെ ഗ്രാമങ്ങളിൽ വരെ നശിപ്പിക്കപ്പെട്ട നദികളെയും കുളങ്ങളെയും ചൂണ്ടിയുള്ള ചോദ്യമാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നദികൾ വഹിക്കുന്ന പങ്കിനെ കുറിച്ച് ബോധ്യമുള്ള വലിയൊരു എഴുത്തുകാരൻ തന്റെ ജീവിതത്തിന്റെ ഭാഗമായ നിളാ നദിയെയും കുമരനല്ലൂരിലെ നിരവധി കുളങ്ങളെ കുറിച്ചും ഡോക്യുഫിക്ഷനിലൂടെ വിവരിച്ച് തരുന്നു. എൻഡോസൾഫാൻ ദുരിതം പെരുമഴയായ് വിതച്ച നാട്ടിൽ അരജീവിതങ്ങളായവർക്ക് വേണ്ടി നിരന്തരം പോരാടി കൊണ്ടിരിക്കുന്ന എം.എ റഹ്മാൻ മാഷിൽ നിന്നും അതിശക്തമായ ഇടപെടലായാണ് ഈ ഡോക്യുഫിക്ഷനിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞത്.
എം ടി വാസുദേവൻ നായരെ പോലെ വിശ്വപ്രസിദ്ധനായ എഴുത്തുകാരനിലൂടെ, അദ്ദേഹത്തിന്റെ നിരീക്ഷണത്തിലൂടെ സാമൂഹികമായ ദീർഘവീക്ഷണത്തോടെ പ്രതിപാദിച്ച ഒരു ഡോക്യുഫിക്ഷനാണ് കുമരനല്ലൂരിലെ കുളങ്ങൾ. മഹാനായ എഴുത്തുകാരൻ നീന്തിത്തുടിച്ച നാടിന്റെ കുളിർമയിലൂടെയാണ് എംടിയുടെ കുമരനെല്ലൂരിലെ കുളങ്ങൾ എന്ന ഡോക്യുഫിക്ഷനിലൂടെ എം എ റഹ്മാൻ അവതരിപ്പിക്കുന്നത്.
മരുപ്പറമ്പായി മാറിയ ആ ജലശയ്യയുടെ വിലാപഗീതം ഈ തിരക്കഥയിൽ വായിക്കാം. എംടി എന്ന എഴുത്തുകാരനിലെ പാരിസ്ഥിതിക കർത്തൃത്വം അന്വേഷിക്കുകയാണ് ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഈ ഡോക്യുമെന്ററി. ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നീ ഡോക്യുമെന്ററികളുടെ സംവിധായകൻ കൂടിയായ എം എ റഹ്മാൻ മാസ്റ്റർ എന്നും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിൽ മുൻനിരയിലാണ്.
#KumaranellurPonds #MTVasudevanNair #Bharathapuzha #Documentary #Kerala #Environment