city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കറന്തക്കാട്ട് ഒരാഴ്ച്ചയ്ക്കിടെ ആറോളം അപകടങ്ങള്‍; പരിക്കേറ്റത് 8 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 13/08/2015) ഫയര്‍ സ്റ്റേഷന് സമീപം കറന്തക്കാട് ഒരാഴ്ച്ചയ്ക്കിടയില്‍ സംഭവിച്ചത് ആറോളം വാഹനാപകടങ്ങള്‍. പരിക്കേറ്റത് എട്ടോളം പേര്‍ക്ക്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഫയര്‍ സ്റ്റേഷന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്നില്‍ ദിവസവും നിരനിരയായി നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

പെട്രോള്‍ അടിച്ചശേഷം വാഹനങ്ങള്‍ അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ഇതുപോലെ ദേശീയപാതയില്‍ ഇരുവശത്തുനിന്നും സിഗ്നല്‍ നല്‍കാതെ വാഹനങ്ങള്‍ അലക്ഷ്യമായി പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതും അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. ഈസമയംവരുന്ന മറ്റുവാഹനങ്ങള്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ അപകടത്തില്‍പെടുകയാണ്. അപകടങ്ങള്‍ തടയുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. ഇതും അപകടത്തിന് ആക്കംകൂട്ടുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച കാസര്‍കോട് ഫയര്‍‌സ്റ്റേഷന് സമീപത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന കുമ്പള പേരാലിലെ അങ്കണ്‍വാടി ജീവനക്കാരിയായ ലളിത (39) കാറിടിച്ച് മരണപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം പെട്രോള്‍ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ചശേഷം ഹൈവേയിലേക്ക് പ്രവേശിച്ച ബൈക്കില്‍ കാറിടിച്ച് ചേരങ്കൈ സ്വദേശി സുനീര്‍ എന്നയുവാവും മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേസ്ഥലത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ വില്ലേജ് ഉദ്യോഗസ്ഥന് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റത്. സ്ഥിരം അപകടമേഖലയായിട്ടും അപകടങ്ങള്‍തടയാന്‍ ബന്ധപ്പെട്ടവരുടെഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല. ബുധനാഴ്ച രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.

ഇവിടെനിന്നും അല്‍പം അകലെ വാഹനഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസിന്റെ മുഴുവന്‍സമയ സേവനം ഉണ്ടെങ്കിലും അപകടങ്ങള്‍ തടയാന്‍ ഇത് പര്യാപ്തമാകുന്നില്ല. അപകടങ്ങള്‍ പതിവായതോടെ കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി നടന്നുപോകുന്നത്. ചുറ്റുവട്ടത്തായി അഞ്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് പോകുന്ന സ്ത്രീകളടക്കമുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
കറന്തക്കാട്ട് ഒരാഴ്ച്ചയ്ക്കിടെ ആറോളം അപകടങ്ങള്‍; പരിക്കേറ്റത് 8 പേര്‍ക്ക്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia