കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയ സംഭവം; ക്രൂരതകൾ അരങ്ങേറിയത് കുറ്റിക്കാടുകൾക്ക് നടുവിൽ ദുരൂഹതകൾ നിറഞ്ഞ ഈ വീട്ടിൽ; കണ്ണടയും ബിയർകുപ്പികളും പൊലീസ് കണ്ടെടുത്തു
കാസർകോട്: (www.kasaragodvartha.com 17.12.2021) പാർക് കാണാനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കോളജ് വിദ്യാർഥിനിയെ മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിച്ച് മദ്യം നൽകിയ ശേഷം കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മടിക്കേരിയിൽ പെൺകുട്ടിയെ താമസിപ്പിച്ച വീട് പൊലീസ് കണ്ടെത്തി. പ്രതികൾ കൊണ്ടുവന്ന ആറ് ബിയർകുപ്പികളും മുറിയിൽ നിന്ന് വിദ്യാർഥിനിയുടെ കണ്ണടയും പൊലീസിന് ലഭിച്ചു.
ദുരൂഹതകൾ നിറഞ്ഞ വീടാണ് ഇതെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുറ്റിക്കാടുകൾക്ക് നടുവിലായി അൻഡർ ഗ്രൗൻഡ് മുറികളും നമ്പറുമില്ലാത്ത ഇരുനില വീടാണിത്. ആൾതാമസം ഉണ്ടായിരുന്നില്ല ഇവിടെ. മൈസുറു ദേശീയപാതയിൽ നിന്ന് മാറി ഒരു കിലോമീറ്റർ ഉള്ളിലായാണ് വീട് സ്ഥതി ചെയ്യുന്നത്.
ദേശീയപാതയ്ക്കരികിലെ ഹോടെൽ ജീവനക്കാരാണ് ഈ വീട് പ്രതികൾക്ക് കാട്ടിക്കൊടുത്തത്. കുടുംബസമേതം വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീടിന്റെ താക്കോൽ സ്വന്തമാക്കിയതെന്ന് കർണാടക സ്വദേശി ഇസ്മാഈൽ പറഞ്ഞു. കാർ അകലെ നിർത്തിയാണ് മൂന്ന് യുവാക്കൾ വീട് നോക്കാൻ വന്നതെന്നും ഇയാൾ അറിയിച്ചു.
കേസിൽ പ്രതിയായ അഖിലേഷ് ചന്ദ്രശേഖറാണ് വീട് വാങ്ങിയത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസാണ് രേഖയായി നൽകിയത്. വാടകയായി 3000 രൂപ ഒന്നാംപ്രതി സന്ദീപ് സുന്ദരൻ ഗൂഗിൾ പേ വഴി നൽകുകയായിരുന്നു. പണവും തിരിച്ചറിയൽ രേഖയും ലഭിച്ചതോടെ വീടിന്റെ താക്കോൽ നൽകി. പിന്നീട് ആരും കാണാതെ പെൺകുട്ടികളെ രഹസ്യമായി അകത്ത് കടത്തുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന കാസർകോട് വനിതാ പോലീസ് സ്‌റ്റേഷനിലെ എസ് ഐ അജിതയുടെ നേതൃത്വത്തിലാണ് വീട്ടിൽ പരിശോധന നടന്നത്.
പാർക് കാണാനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കോളജ് വിദ്യാർഥിനിയെ മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയതായി പരാതി; 'നിർബന്ധിപ്പിച്ച് മദ്യം നൽകി; കടന്നുപിടിക്കാനും ശ്രമം'; 5 അംഗ സംഘത്തിനെതിരെ കേസ്
Keywords: Kerala, Kasaragod, Kumbala, News, Top-Headlines, Police, Case, Kidnap, Student, Park, Abduction of college student; Found house in Madikeri.