കുട്ടികളെ ഐസ് ക്രീം നല്‍കാമെന്ന് പറഞ്ഞ് വിവാഹ ഹാളില്‍ നിന്നും കൊണ്ടുപോയി മാല കവര്‍ന്ന 3 പേര് പിടിയില്‍
Nov 14, 2014, 15:37 IST
തലപ്പാടി: (www.kasargodvartha.com 14.11.2014) വിവാഹ ഹാളില്‍ നിന്നും ഐസ് ക്രീം നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടികൊണ്ടുപോയി മാല കവര്‍ന്ന മൂന്ന് പേരെ ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തു. മംഗലാപുരം കൊണാജയിലെ ശ്രീജിത്ത് (19) മംഗലാപുരത്തെ സച്ചിന് (19), മുഡുഷെഡ്ഡെയിലെ ആകാശ് (19) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
15 ദിവസം മുമ്പാണ് തലപ്പാടിയിലെ വിവാഹ ഹാളില്‍ നിന്നും വിവാഹം നടന്നുകൊണ്ടിരിക്കേയാണ് സ്വര്‍ണമാല കവര്‍ന്നത്. വരന്റെ ബന്ധുക്കളാണെന്ന് പറഞ്ഞ് രണ്ട് സ്ത്രീകളുമായി സൗഹൃദം നടിച്ച യുവാക്കള്‍ ഇവരുടെ കുട്ടികളെ കളിപ്പിക്കുകയും പിന്നീട് കടയില്‍നിന്നും ഐസ് ക്രീം വാങ്ങിത്തരമാമെന്ന് പറഞ്ഞ് ഇവരുടെ മൂന്നര വയസുള്ള കുട്ടിയെ ഒക്കത്തിരുത്തിയും ആറുവയസുകാരന്റെ കൈപിടിച്ചും യുവാക്കള്‍ പുറത്തുപോവുകയായിരുന്നു.
പിന്നീട് റോഡരികില്‍നിന്ന് കുട്ടികള്‍ നിലവിളിക്കുന്നത് കേട്ട് വിവാഹത്തിനെത്തിയവര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികളുടെ മാലകവര്‍ന്ന വിവരം അറിഞ്ഞത്. കുട്ടികളുമായി പോകുമ്പോള്‍ പ്രതികളില്‍ ഒരാളെ വിവാഹത്തിനെത്തിയ ആള് തിരിച്ചറിഞ്ഞതാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണം. മാല നഷ്ടപ്പെട്ട കുട്ടികളുടെ മാതാവ് തലപ്പാടി കൊല്ല്യ സ്വദേശിയാണ്. ആദ്യം മഞ്ചേശ്വരം പോലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്നത് ഉള്ളാള്‍ സ്റ്റേഷന് പരിധിയിലായതിനാല്‍ സ്ത്രീകള്‍ ഉള്ളാള്‍ പോലീസിലും പരാതി നല്കി.
ലാപ്ടോപ്പ് മോഷണക്കേസില്‍ നേരത്തെ പ്രതിയായിരുന്ന ശ്രീജിത്തിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേരെകുറിച്ചുള്ള വിവരം ലഭിച്ചത്.
Keywords : Police, arrest, Thalappady, Manjeshwaram, Kerala, Robbery, Theft, 3 arrested for snatching gold chain.