വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല, മകന് നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്ടര്‍ തിരിച്ചുപിടിച്ചു
Dec 12, 2015, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 12/12/2015) വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെന്ന പരാതിയില്‍ മകന് അവര്‍ ദാനാധാരമായി നല്‍കിയ 1.80 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കളക്ടറുടെ ഉത്തരവ്. 2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമത്തിലെ 23-ാം വകുപ്പ് പ്രകാരമാണ് നടപടി. സ്ഥലത്തിന്റെ അവകാശം വൃദ്ധദമ്പതിമാര്‍ക്ക് തന്നെയാണെന്നും കളക്ടര്‍ ഉത്തരവിട്ടു.
കാസര്‍കോട് പാലാവയല്‍ മലാങ്കടവിലെ പനന്താനത്ത് ഏലിയാമ്മയുടെ മകന്‍ കെ.എം അബ്രഹാമിനെതിരെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായുള്ള അപ്പലേറ്റ് ട്രെബ്യൂണലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഏലിയാമ്മയും ഭര്‍ത്താവ് ആഗസ്തി കാരക്കാട്ടും, തങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പില്‍ മകനായ കെ.എം അബ്രഹാമിന് പാലാവയല്‍ വില്ലേജിലെ 1.80 ഏക്കര്‍ ഭൂമി ദാനാധാരപ്രകാരം 2012-ല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് അബ്രഹാം തങ്ങളെ സംരക്ഷിച്ചില്ലെന്ന് മാതാപിതാക്കള്‍ ആര്‍.ഡി.ഒ യ്ക്ക് പരാതി നല്‍കി. സംരക്ഷണച്ചെലവ് നല്‍കാനാണ് ആര്‍.ഡി.ഒ ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കി അപ്പീല്‍ അധികാരിയായ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
മകന്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും ഒരുമിച്ച് താമസിക്കാന്‍ സാധിക്കുകയില്ലെന്നും മാതാപിതാക്കള്‍ ആര്‍.ഡി.ഒ യെ അറിയിച്ചിരുന്നു. മകന് നല്‍കിയ സ്വത്തുക്കള്‍ തിരികെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിചാരണയ്ക്കിടെ സംരക്ഷണത്തിന് തയ്യാറാണെന്ന് മകന്‍ അബ്രഹാം അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംബന്ധിച്ച നിയമം വന്നശേഷം ദാനമായോ അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും അത് ലഭിച്ചയാള്‍ സംരക്ഷണം നല്‍കാതിരിക്കുകയും അത്തരം കൈമാറ്റങ്ങള്‍ക്ക് നിയമപ്രാബല്യം ഉണ്ടാവില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.പരാതിക്കാരിക്കു വേണ്ടി അഡ്വ.ഷാജി കമ്മാടമാണ് ഹാജരായത്.
Keywords: Parents, son, District Collector, kasaragod, Kerala, complaint, Old age, Order, Couple, Senior citizen, Appellate tribunal, R.D.O, Registered, Assets, law, Advocate, Advocate Shaji Kammadam