city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലില്ലിപ്പുട്ടിലെ ജീവിതങ്ങള്‍

നോവല്‍ / അതിജീവനം / അധ്യായം 34

ഇന്ദ്രജിത്ത്

(www.kasargodvartha.com 05.02.2021)
'എനിക്ക് വട്ടാണത്രെ'

ലൈനില്‍ കയറിയപ്പോള്‍ പോക്കര്‍ കേട്ടത് മൈക്രോബയോളജി പ്രൊഫസറുടെ പ്രസ്താവനയാണ്.

പീസിയിലെ ഇന്‍റര്‍നെറ്റ് കണക്ഷന് എന്തോ പ്രശ്നമുണ്ട്. ഇടയ്ക്ക് കട്ടാവുന്നു. ഒരു കട്ടിനുശേഷം വീണ്ടും കയറിയപ്പോള്‍ കേട്ടത് ഓഫ്താല്‍മോളജി അസോസിയേറ്റ് പ്രൊഫസറുടെ ശബ്ദമാണ്,

'സ്നെല്ലന്‍ ചാര്‍ട്ടിനെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടും മാറിവരുന്നു'

പോക്കറിന് ഒന്നും മനസ്സിലായില്ല. ഒരാള്‍ പറയുന്നത് വട്ടിനെക്കുറിച്ചാണ്; മറ്റേയാളുടെ സംസാരമാവട്ടെ സ്നെല്ലന്‍ ചാര്‍ട്ടിനെക്കുറിച്ചും. ഏതോ ചര്‍ച്ച പാതിവഴിയിലായപ്പോഴാണ് താന്‍ കയറിയത് എന്നതിനപ്പുറം ഒന്നും തലയില്‍ കയറുന്നില്ല. എന്താണെന്നന്വേഷിക്കാതെ തന്നെ ലൈനില്‍ തുടരാമെന്ന തീരുമാനത്തിലാണ് അവസാനമെത്തിയത്. ഈ രീതിയില്‍ കാര്യം കണ്ടെത്തുന്നതില്‍ ഒരു ത്രില്ലുണ്ട്; അല്പം സമയമെടുക്കുമെങ്കിലും.

കോവിഡും ലോക്ക്ഡൗണുമൊക്കെയായി ബന്ധപ്പെട്ട അടിയന്തിരസാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രിന്‍സിപ്പാള്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിംഗാണ്. ഡ്രൈവറില്ലാതെ വണ്ടിയോടില്ലല്ലോ. ഐടി സെല്ലിലുള്ളവര്‍ കൃത്യസമയത്ത് മീറ്റിംഗ് തുടങ്ങിയെങ്കിലും സാങ്കേതികകാരണങ്ങളാല്‍ പ്രിന്‍സിപ്പാള്‍ കയറാന്‍ വൈകി. അതിനിടയില്‍ ആദ്യം കയറിയവര്‍ നാട്ടുവര്‍ത്തമാനം തുടങ്ങിയതാണ്‌. അല്പം കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു കുടംബവഴക്കാണ് പ്രധാനവിഷയമെന്ന് മനസ്സിലായി.

ലില്ലിപ്പുട്ടിലെ ജീവിതങ്ങള്‍



മൈക്രോബയോളജി പ്രൊഫസറുടെ ഭാര്യ വൈദ്യവൃത്തത്തിന് പുറത്തുള്ളയാളാണ്.

'ഭാര്യയുമായി കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം സാര്‍... അല്ലെങ്കില്‍ സമ്മല്‍വീസായി മരിക്കേണ്ടിവരും,'

കമ്യൂണിറ്റി മെഡിസിന്‍ എച്ചോഡിയാണ് ഇടയ്ക്കുകയറി പറഞ്ഞത്.

'സമ്മവീസാണോ സെമ്മല്‍വെയ്സാണോ?',

കമ്യൂണിറ്റി മെഡിസിനിലെ തന്നെ അസിസ്റ്റന്‍റ്പ്രൊഫസറുടെതാണ് ചോദ്യം.

'ഹാ... എന്തെങ്കിലുമാവട്ടെ മനസ്സിലായല്ലോ'

പല പേരുകളും സായിപ്പിന്‍റെ ഭാഷയിലെഴുതുമ്പോൾ അങ്ങനെയാണ്. പല തരത്തിലുള്ള ഉച്ചാരണം. സ്കൂളില്‍ മലയാളം മീഡിയത്തി ല്‍ പഠിച്ചയാളാണ് കമ്യൂണിറ്റി മെഡിസിന്‍ എച്ചോഡി. അസിസ്റ്റന്‍റ് പ്രൊഫസറാവട്ടെ കിന്റർ ഗാർട്ടൻ സന്തതിയാണ്.

ഇഗ്‌നാസ് സമ്മൽവീസ്; ഹംഗേറിയക്കാരന്‍, ഡോക്ടര്‍ സര്‍വോപരി, കൈകഴുകല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. നവജാതശിശുക്കളുടെ മരണകാരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അന്വേഷണം അവസാനം എത്തിയത് ഓപ്പറേഷനുമുമ്പ് ക്ലോറിനേറ്റഡ് ലൈം ലായനിയില്‍ കൈകഴുകുകയെന്ന പ്രതിവിധിയിലായിരുന്നു.

ആന്‍റിസെപ്റ്റിക് പ്രക്രിയകളുടെ ആദ്യകാലത്തെ പ്രചാരകനായ സമ്മല്‍ വെയ്സിന് അമ്മമാരുടെ രക്ഷകൻ എന്ന വിശേഷണമാണ് കൂടുതലായി ചേരുന്നത്. ഒബ്സ്റ്റട്രിക്സ് ക്ലിനിക്കുകളിലും പ്രസവവാര്‍ഡുകളിലും ശുചിത്വം പാലിക്കുന്നതിലൂടെ പ്യൂർപെറൽ ഫീവര്‍ ഗണ്യമായി കുറയ്ക്കാമെന്ന് അദ്ദേഹം കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ആശുപത്രികളിൽ പ്യൂർപെറൽ പനി സാധാരണമായിരുന്നു, പലപ്പോഴും മാരകവുമായിരുന്നു.

വിയന്ന ജനറൽ ഹോസ്പിറ്റലിലെ ഫസ്റ്റ് ഒബ്സ്റ്റട്രിക്കൽ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ മനസ്സ് പുതിയ നിഗമനങ്ങളിലേക്ക് നീങ്ങിയത്. പ്രൊഫസർ ജോഹാൻ ക്ലീന്റെ സഹായിയായാണ് അവിടെ നിയമനം ലഭിച്ചത്. ഓരോ ദിവസവും രാവിലെ പ്രൊഫസറുടെ റൗണ്ടുകൾക്കായി രോഗികളെ പരിശോധിക്കുക, ബുദ്ധിമുട്ടുള്ള പ്രസവങ്ങൾക്ക് മേൽനോട്ടം വഹിക്കുക, പ്രസവചികിത്സയെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുക, റെക്കോർഡുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയായിരുന്നു ചുമതലകൾ. അവിടെ ഡോക്ടർമാരുടെ വാർഡുകളിൽ മരണനിരക്ക് മിഡ്‌വൈഫുകളുടെ വാർഡുകളുടേതിന്‍റെ മൂന്നിരട്ടിയാണെന്ന വസ്തുത അദ്ദേഹത്തെ ഞെട്ടിച്ചു.

വിയന്ന ജനറല്‍ ആശുപത്രിയുടെ കീഴില്‍ രണ്ട് പ്രസവ ക്ലിനിക്കുകളാണ് ഉണ്ടായിരുന്നത്. പ്യൂർപെറൽ പനി മൂലം ആദ്യത്തെ ക്ലിനിക്കിൽ ശരാശരി പത്തുശതമാനം മാതൃ മരണനിരക്ക് ഉണ്ടായിരുന്നു. രണ്ടാമത്തെ ക്ലിനിക്കിലാവട്ടെ നിരക്ക് വളരെക്കുറവ്, ശരാശരി നാലുശതമാനത്തിൽ താഴെ, ആയിരുന്നു. ഈ വസ്തുത ആശുപത്രിക്ക് പുറത്ത് അങ്ങാടിപ്പാട്ടാണ്. ഒന്നാമത്തെ ക്ലിനിക്കിൽ പ്രവേശിപ്പിക്കരുതെന്ന് മുട്ടുകുത്തി യാചിക്കുന്ന നിരാശരായ സ്ത്രീകളെ സെമെൽവീസ് കണ്ടു. ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഒന്നാമത്തെ ക്ലിനിക്കിനെ അവര്‍ അത്രയധികം ഭയപ്പെട്ടിരുന്നു. ആശുപത്രിയില്‍ പ്രസവിച്ചവര്‍ക്കായിരുന്നു ശിശുസംരക്ഷണാനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. 

നിയമവിരുദ്ധമായ ശിശുഹത്യ തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്കിയിരുന്നത്. ശിശുക്കളെ പരിപാലിക്കാൻ സാമ്പത്തികസാഹായങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതോടുകൂടി ലൈംഗികത്തൊഴിലാളികള്‍ ഉൾപ്പെടെയുള്ള നിരാലംബരായ സ്ത്രീകള്‍ക്കിടയില്‍ കുട്ടികളെ കൊല്ലുന്ന പ്രവണത കുറഞ്ഞുവന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന നിബന്ധന വെക്കാന്‍ മറ്റൊരു കാരണമുണ്ട്. മെഡിക്കല്‍, മിഡ്-വൈഫറി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് ഒബ്സ്റ്റട്രിക് കെയ്സുകള്‍ വേണം.സമ്പന്നരില്‍ പരിശീലനം നടത്താനാവില്ലല്ലോ. പക്ഷേ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഒന്നാമത്തെ ക്ലിനിക്കിലെ മരണനിരക്കിനെക്കുറിച്ചുള്ള ഭയം തെരുവില്‍ പ്രസവിച്ചതിനുശേഷം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെട്ടെന്ന് പ്രസവം നടന്നതായി കള്ളം പറയുന്നതിനുവരെ സ്ത്രീകളെ പ്രേരിപ്പിച്ചു. തെരുവില്‍ പ്രസവിക്കുന്ന സ്ത്രീകളിൽ പ്യൂർപെറൽ പനി വിരളമാണെന്ന കാര്യമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നതെന്ന സത്യം തെല്ലൊന്ന് അമ്പരപ്പോടെ സെമ്മൽവെയ്സ് മനസ്സിലാക്കി. ക്ലിനിക്കിന് പുറത്ത് പ്രസവിച്ചവരെ ഇത്തരം മരണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന ഘടകം എതാണെന്ന ആകാംക്ഷ അദ്ദേഹത്തിന്‍റെ ഉറക്കംകെടുത്തി.

'മെഡിക്കല്‍ പ്രൊഫഷനുപുറത്ത് ജീവിതപങ്കാളിയെ അന്വേഷിച്ചാല്‍ ഇത്തരത്തിലുള്ള ചില ബുദ്ധിമുട്ടുകളൊക്കെ സഹിക്കേണ്ടിവരും',

ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറുടെ ഈ കമന്‍റിന് മറുപടി പറഞ്ഞത് ഓഫ്താല്‍മോളജി അസോസിയേറ്റ് പ്രൊഫസറാണ്,

'മാഡം സംസാരിക്കുന്നത് സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണല്ലോ'

'സംസ്കൃതത്തിലുള്ള ചില തെറിവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നുവെന്നതൊഴിച്ചുനിര്‍ത്തിയാല്‍ എനിക്ക് വലിയ പ്രശ്നമില്ല'

'സംസ്കൃതമല്ലേ, കുഴപ്പമില്ല'

'ശരിക്കുപറഞ്ഞാല്‍ ജ്യോതിഷ് സാറിന്‍റെ ഭാര്യയുടെ പക്ഷത്തും ശരിയുണ്ട്'

'അതാണ്‌ സ്നെല്ലന്‍ ചാര്‍ട്ടിന്‍റെ ഉദാഹരണത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്.'

'എന്തുദാഹരണം?'

'മുമ്പൊക്കെ രോഗികളുടെ കണ്ണുപരിശോധിക്കുമ്പോള്‍ ഞാന്‍ കരുതും, ചില വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ ഇവരുടെ കാഴ്ചയ്ക്കപ്പുറത്താണല്ലോയെന്ന്. എന്നാല്‍ ഇപ്പോള്‍ നാല്പതുകളിലെത്തിയപ്പോള്‍ മസ്സിലായി എന്‍റെ കണ്ണിനും അതൊക്കെ ബാധകമാണെന്ന്, ഏത് പ്രായത്തിലുള്ളവരായാലും മനുഷ്യരുടെ കാഴ്ചയ്ക്കപ്പുറത്തുള്ള ചില കാര്യങ്ങളുണ്ട്. ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ ബാക്ടീരിയുടെയും വൈറസ്സിന്‍റെയുമൊക്കെ സാന്നിധ്യത്തെക്കുറിച്ച് നാം ബോധവാന്മാരാണ്'

'അതെ, ബാക്ടീരിയയും വൈറസും ഇല്ലെന്നുപറയുന്ന പച്ചിലവൈദ്യന്‍റെ യൂട്യൂബ് ചാനലിന് സബ്സ്ക്രിപ്ഷന്‍ കുമിഞ്ഞുകൂടുന്ന നാടാണല്ലോ ഇത്'

'സബ്സ്ക്രൈബ് ചെയ്യുന്നവരില്‍ പലരും നമ്മെപ്പോലെ അയാള്‍ എന്ത്‌ പറയുന്നുവെന്നറിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും'

'ചികിത്സയ്ക്കായി അയാളുടെ ഗെയ്റ്റിനുമുമ്പില്‍ തടിച്ചുകൂടുന്നവരോ?'

'നിപ്പക്കാലത്ത് വവ്വാല്‍കടിച്ച പഴം കഴിച്ച് അയാള്‍ക്കൊന്നും സംഭവിച്ചില്ലല്ലോയെന്നാണ് ജനങ്ങള്‍ പറയുന്നത്'

'സൂക്ഷ്മജീവികള്‍ ഇല്ലെന്നുതെളിയിക്കാന്‍വവ്വാല്‍ കടിച്ചതാണെന്നുപറഞ്ഞ് എവിടന്നോ ഒരു പഴം കൊണ്ടുവന്ന് കഴിക്കുക. അയാള്‍ പറയുന്നത് വിശ്വസിക്കാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്ന ജ്യോതിഷ് സാറിന്‍റെ ഭാര്യയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ!'

സംഭാഷണം ഇത്രയായപ്പോള്‍ മൈക്രോബയോളജി പ്രൊഫസറുടെ ഭാര്യയും സമ്മല്‍ വീസും സ്നെല്ലന്‍ ചാര്‍ട്ടും തമ്മിലുള്ള ബന്ധം പോക്കറിന്‍റെ മനസ്സില്‍ ചെറുതായി കയറാന്‍ തുടങ്ങി.

പ്രൊഫസരുടെ സോപ്പ് പതപ്പിക്കലിന്‍റെയും കൈകഴികലിന്‍റെയും യുക്തി ഭാര്യയ്ക്ക് പിടികിട്ടുന്നില്ല. കൂരിരുത്തില്‍ ശത്രുവിനെ പ്രതിരോധിക്കുന്നതുപോലെയാണ് അവസ്ഥ. പുറത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളിൽ ഏതിലെങ്കിലും വൈറസ് ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് എല്ലാ വസ്തുക്കളും കഴുകുന്നു. അവയില്‍ വൈറസ് ഉണ്ടാവാതിരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പ്രൊഫസര്‍ക്കറിയാം. പക്ഷേ, ഏതിലെങ്കിലും വൈറസ് ഉണ്ടായാലോ? ഡോക്ടര്‍മാര്‍ സര്‍ജറി തിയേറ്ററില്‍ പുലര്‍ത്തുന്ന ജാഗ്രത നിത്യജീവിതത്തില്‍ മുഴുവന്‍ പുലര്‍ത്തേണ്ടിവരുന്ന അവസ്ഥ. വീട്ടിലെത്തിയാല്‍ വാരിപ്പുണരാന്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍. അവരെയെല്ലാം മാറ്റിനിര്‍ത്തി കൈകഴുകാന്‍ തുടങ്ങുന്നു. സര്‍ജറി തിയേറ്ററിലെ പ്രവര്ത്തനങ്ങള്‍ക്ക് സ്ഥാപനവത്കരിക്കപ്പെട്ട ഒരു ക്രമമുണ്ട്; ജീവനക്കാരുണ്ട്. സര്‍ജറി തുടങ്ങുന്നതിന് മുമ്പുതന്നെ സ്റ്റെരിലൈസ് ചെയ്ത ഉപകരണങ്ങള്‍ റെഡിയായിരിക്കും. ഓപ്പറേഷനിടയില്‍ കൈകാണിച്ചാല്‍ ആവശ്യമായ ഉപകരണമെത്തും. 

എന്നാല്‍ വീട്ടില്‍ അതൊന്നുമില്ല. രാവിലെ വന്ന് ജോലികളെല്ലാം ചെയ്ത് തിരിച്ചുപോയിരുന്ന വേലക്കാരിയെ കൊറോണക്കാലമായത്തോടെ പിരിച്ചുവിട്ടു. അതിന്‍റെ അമര്‍ഷം ഭാര്യയ്ക്കുണ്ട്. ജോലിഭാരം കൂടിയിരിക്കുകയാണ്. അതിനിടയില്‍ ഭര്‍ത്താവിന്‍റെ ഒടുങ്ങാത്ത കൈകഴുകലും. സഹികെട്ട അവര്‍ പറഞ്ഞു,

'വട്ട്... മുഴുത്ത വട്ട്'

ഇതുതന്നെയാണ് സമ്മല്‍വീസിന്‍റെ സഹപ്രവര്‍ത്തകരും പറഞ്ഞത്. ജ്യോതിഷ് സാറിന്‍റെ ഭാര്യയെപ്പോലെയല്ല, അവര്‍ ഡോക്ടര്‍മാരായിരുന്നു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്ങള്‍ക്ക് ചുറ്റും ലില്ലിപ്പുട്ടുകള്‍ ഉണ്ടെന്ന് ശാസ്ത്രലോകം ഉറപ്പിക്കുന്നതിനുമുമ്പ് ഡോക്ടര്‍മാരാവാന്‍ വിധിക്കപ്പെട്ടവരായുരുന്നുവല്ലോ അവര്‍. സ്വന്തം കണ്ണില്‍ വെള്ളെഴുത്ത് തുടങ്ങുന്നതുവരെ ഓഫ്താല്‍മോളജി അസോസിയേറ്റ് പ്രൊഫസര്‍ കരുതിയത് രോഗികള്‍ക്ക് മാത്രമാണ് സ്നെല്ലന്‍ ചാര്‍ട്ടിലെ ചില അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റാതിരിക്കുന്നതെന്നാണ്.

പ്രസവത്തിനായി ഡോക്ടര്‍മാരുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകള്‍ എന്തുകൊണ്ട് കൂടുതലായി മരിക്കുന്നുവെന്നതിന്‍റെ കാരണം പിടികിട്ടാതെ സെമ്മല്‍വെയ്സിന്‍റെ മനസ്സ് അലയുന്നതിനിടയിലാണ് പ്രിയസുഹൃത്ത് ജാക്കോബ് കൊല്ലറ്റ്ഷ്ക മരണപ്പെടുന്നത്. ഒരു പോസ്റ്റ്‌ മോര്‍ട്ടം പരിശോധനയ്ക്കിടയില്‍ കുനിഞ്ഞുകൊണ്ട് വിദ്യാര്‍ഥികളോട് എന്തോ വിവരിക്കുകയായിരുന്നു. പെട്ടെന്ന് തല പുറകോട്ട് തിരിച്ചതും പിന്നില്‍ നില്ക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ കൈയിലുണ്ടായിരുന്ന സ്കാല്‍പെല്‍ തലയില്‍ തറച്ചതും ഒന്നിച്ചായിരുന്നു. മുറിവ് പഴുത്ത് മരണം സംഭവിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. പോസ്റ്റ്‌മോര്‍ട്ടം എക്സാമിനേഷനില്‍ പ്യൂര്‍പെറല്‍ ഫീവര്‍ ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടേതിന് സമാനമായ രോഗാവസ്ഥയാണ് കണ്ടത്. സെമ്മല്‍വീസിന്‍റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുയരാന്‍ ഇത് കാരണമായി. 

താനും മെഡിക്കൽ വിദ്യാർത്ഥികളും പോസ്റ്റ്‌മോർട്ടം മുറിയിൽ നിന്നാണ് ആദ്യത്തെ ഒബ്സ്റ്റട്രിക്കൽ ക്ലിനിക്കിലേക്ക് വരുന്നത്. അതേ ക്ലിനിക്കിലെ സ്ത്രീകളാണ് പ്യൂര്‍പെറല്‍ പനി ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും. ഒരു പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശവശരീരം കീറിമുറിക്കാനുപയോഗിച്ച സകാല്‍പെല്‍ അബദ്ധത്തില്‍ തലയില്‍ തറച്ച ജാക്കോബ് കൊല്ലറ്റ്ഷ്കയുടെ മൃതദേഹ പരിശോധനയില്‍ കണ്ടതും പ്രസവമുറികളില്‍ മരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളില്‍ കാണുന്നതും ഒരേ തരത്തിലുള്ള രോഗാവസ്ഥ. തെരുവുകളിലും മിഡ്-വൈഫുമാര്‍ കൈകാര്യം ചെയ്യുന്ന ക്ലിനിക്കുകളിലും പ്രസവിക്കുന്നവരില്‍ ഈ പ്രശ്നം കുറവാണ്. എന്തോ ഒന്ന് ഇവിടെയുണ്ട്. ഏറെ താമാസിയാതെ സെമ്മല്‍വീസ് ഒരു തീരുമാനത്തിലത്തി. 

പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ് തിരിച്ചുവരുന്നവര്‍ ക്ലോറിനേറ്റഡ് ലൈം ലായനി എന്ന കാൽസ്യം ഹൈപ്പോക്ലോറൈറ്റ് ലായനിയില്‍ കൈകഴുകിയാതിനുശേഷം മാത്രം പ്രസവം അറ്റന്‍റ് ചെയ്യുക. രോഗം ബാധിച്ച പോസ്റ്റ്‌മോർട്ടം ടിഷ്യുവിന്‍റെ ദുർഗന്ധം നീക്കം ചെയ്യുന്നതിന് ഈ ക്ലോറിനേറ്റഡ് ലായനി ഏറ്റവും നന്നായി പ്രവർത്തിക്കുന്നുവെന്ന അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്.

നിര്‍ദേശം കുറെയാളുകള്‍ അനുസരിച്ചു; ഗണ്യമായ മാറ്റം ഉണ്ടായി. ആദ്യത്തെ ക്ലിനിക്കിലെ മരണനിരക്ക് തൊണ്ണൂറുശതമാനം കുറഞ്ഞു; തുടർന്ന് രണ്ടാമത്തെ ക്ലിനിക്കുമായി താരതമ്യപ്പെടുത്തിക്കൊണ്ട്ഗവേഷണഫലം പ്രസിദ്ധീകരിച്ചു. ക്ലോറിനേറ്റഡ് ലൈം ലായനിയില്‍ കൈകഴുകുകയെന്ന തീരുമാനം സാര്‍വത്രികമാക്കാന്‍ തീരുമാനിച്ചു. പക്ഷേ സമല്‍വീസിന്‍റെ ആശയങ്ങൾ മെഡിക്കൽ സമൂഹം നിരസിച്ചു. അജ്ഞാതമായ കഡാവെറിക് മെറ്റീരിയല്‍ രോഗകാരണമായി ഭവിക്കുന്നുവെന്ന നിഗമനത്തിനപ്പുറം തന്‍റെ കണ്ടെത്തലുകൾക്ക് സ്വീകാര്യമായ ശാസ്ത്രീയവിശദീകരണം നല്കാന്‍ അദ്ദേഹത്തിനായില്ല.

ചില ഡോക്ടർമാർ കൈകഴുകണമെന്ന നിർദ്ദേശത്തിൽ പ്രകോപിതരായി. സെമ്മല്‍വീസിലും എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. ശുചിത്വപാലനത്തിന്‍റെ കാര്യത്തിലുള്ള വൈദ്യസമൂഹത്തിന്‍റെ നിസ്സംഗതയിൽ അദ്ദേഹം പ്രകോപിതനായി യൂറോപ്പിലെ പ്രമുഖരായ പ്രസവ ചികിത്സകർക്ക് തുറന്നതും കൂടുതൽ പ്രകോപന പരവുമായ കത്തുകൾ എഴുതിത്തുടങ്ങി, കൈകഴുകാന്‍ മടിച്ചുകൊണ്ട് രോഗികളുടെ മരണത്തിന് കാരണമാവുന്നവരെ 'നിരുത്തരവാദപരമായി പെരുമാറുന്ന കൊലപാതകി'കള്‍ എന്നുവരെ വിളിച്ചു. സഹപ്രവര്‍ത്തകരും ഭാര്യയുമുൾപ്പെടെയുള്ളവര്‍ അദ്ദേഹത്തിന്‍റെ മനോനില അവതാളത്തിലാവുന്നുവെന്ന് വിശ്വസിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടായി. ചിലര്‍ അദ്ദേഹത്തെ സൂത്രത്തില്‍ ഒരു ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കാവൽക്കാരാല്‍ തല്ലിച്ചതയ്ക്കപ്പെട്ട നിലയില്‍ മരിച്ചു.

'അല്ല, എനിക്കെങ്ങാനും ഒബ്സസ്സീവ് കംപല്‍സീവ് ന്യൂറോസിസ് പിടിപെട്ടതാവുമോ?', മൈക്രോബയോളജി പ്രൊഫസര്‍ സംശയം പ്രകടിപ്പിച്ചു.

'സാറേ എല്ലാവരും ഒബ്സസ്സീവ് കംപല്‍സീവ് ന്യൂറോസിസ് പരിശീലിക്കുന്ന കാലമാണിത്', ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'ഒബ്സസ്സീവ് കംപല്‍സീവ് ന്യൂറോസിസ് പരിശീലിക്കുക?!'

'അതെ സാര്‍... ട്രെയിന്‍ഡ് അഥവാ കണ്ടീഷന്‍ഡ് ഒബ്സസ്സീവ് കംപല്‍സീവ് ന്യൂറോസിസ്', അങ്ങനെയല്ലാതെ രക്ഷയില്ല.. കൊറോണയ്ക്കുമുമ്പ് മറ്റൊരു കാര്യത്തില്‍ ഞാനത് പരീക്ഷിച്ചതായിരുന്നു. ഭര്‍ത്താവ് ഇവിടെയില്ലാതിരിക്കുമ്പോള്‍ ഞാനാണ് അവസാനം വീട്ടില്‍ നിന്നിറങ്ങുക. കുട്ടികളുടെ സ്കൂള്‍ വണ്ടി നേരത്തെ വരും. ഇറങ്ങുന്നതിടയിലായിരിക്കും മൊബൈലില്‍ ഏതെങ്കിലും പോലീസ് ഓഫീസാറോ വക്കീലോ വിളിക്കുക. അവരോട് സംസാരിച്ചു സംസാരിച്ച് വീടിന്‍റെ വാതില്‍ പൂട്ടാതെ വണ്ടിയെടുത്ത് പോവും. പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചപ്പോള്‍ ഞാനൊരു കാര്യം തീരുമാനിച്ചു; പൂട്ടിയെന്ന് ഉറപ്പുണ്ടെങ്കിലും ഒന്നുകൂടി പൂട്ടിയോ എന്നുനോക്കുക. ഇപ്പോള്‍ കൈകഴുകലിന്‍റെ കാര്യത്തിലും അതുതന്നെയാണ് ചെയ്യുന്നത്'

'ഭാര്യ ഭ്രാന്തെന്ന് മുദ്രകുത്തിയെന്നുവെച്ച് സാര്‍ കൈകഴുകല്‍ നിര്‍ത്തരുത്, കൊറോണ പിടിപെട്ട് ചാവും കേട്ടോ', ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറാണ് ഇടയ്ക്കുകയറി ഉപദേശിച്ചത്.

'കൊറോണപിടിപെട്ട് ചാവരുത്, ഭാര്യയുടെ അടിയേറ്റ് ചാവണം എന്നാണോ?' ഒഫ്താല്‍മോളജി അസോസിയേറ്റ് പ്രൊഫസറുടെ മറുചോദ്യം.

'ആരെങ്കിലും ബുദ്ധിമുട്ടനുഭവിക്കാതെ സമൂഹം മുന്നോട്ടുപോവില്ലല്ലോ. സമ്മല്‍വീസിന് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നത് അക്കാലത്ത് സൂക്ഷ്മ ജീവികളെക്കുറിച്ച് അറിയാഞ്ഞതിനാലാണ്. ലൂയി പാസ്ചര്‍ ജേം തിയറി കൊണ്ടുവന്നതിനുശേഷം കാര്‍ബോളിക് ആസിഡ് കൊണ്ട് കൈകഴുകുന്ന രീതി വലിയ എതിര്‍പ്പില്ലാതെ നടപ്പിലാക്കാന്‍ ജോസഫ് ലിസ്റ്റര്‍ക്കായില്ലേ?'

'അതാണ് പളുങ്കുകട്ടയുടെ നേട്ടം'

'പളുങ്കുകട്ട?'

'അതെ, പളുങ്കിന്‍റെ,ഗ്ലാസ്സിന്‍റെ , കട്ട. സ്ഫടികം കണ്ടുപിടിച്ച കാലത്ത് മനുഷ്യന്‍ അത് തനിക്ക് കാണാത്ത ലോകം കാണിച്ചുമെന്ന് മനസ്സിലാക്കിയിരുന്നോയെന്നറിയില്ല.'

പോക്കര്‍ ഏറെക്കുറെ ട്രാക്കിലായിക്കഴിഞ്ഞു. ചര്‍ച്ച ഇപ്പോള്‍ മനസ്സിലാവുന്നുണ്ട് . പെട്ടെന്നോര്‍ത്തത് സുനീഷ് സാറിന്‍റെ ക്ലാസ്സാണ്,

'പല ഘട്ടങ്ങൾ താണ്ടിയാണ് സൂഷ്മജീവികൾ മനുഷ്യന്റെ മനസ്സില്‍ കയറിപ്പറ്റുന്നത്. മൂവായിരം വർഷം പഴക്കമുള്ള നിമ്രൂദ് ലെൻസ്, ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന രാജ്യത്ത് സ്ഥിതി ചെയ്യുന്ന നിമ്രൂദിലെ അസീറിയൻ കൊട്ടാരത്തിൽ നിന്ന് കണ്ടെത്തി. സൂര്യപ്രകാശം ഒരിടത്തേക്ക് കേന്ദ്രീകരിച്ച് തീയുണ്ടാക്കാനോ മാഗ്‌നിഫൈയിംഗ് ഗ്ലാസായോ ഇതുപയോഗിച്ചിരിക്കാം; അല്ലെങ്കിൽ വെറും അലങ്കാരത്തിനുവേണ്ടിയുള്ള പളുങ്കുകട്ടയാവാം. പക്ഷേ സൂക്ഷ്മജീവികളെ അക്കാലത്ത് കണ്ടതിന് തെളിവില്ല. പടിപടിയായാണ് അവ മനുഷ്യന്‍റെ ബോധമണ്ഡലത്തില്‍ കയറുന്നത്'

ശരിയാണ്. സുനീഷ് സാറിന്‍റെ വാക്കുകള്‍ എവിടെയും തൊടാതെ ആകാശത്തില്‍ തൂങ്ങിനില്ക്കുകയല്ല ചെയ്യുന്നത്. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ പഠിച്ച പാഠങ്ങളുമായി അത് കെട്ടുപിണഞ്ഞുകിടക്കുന്നു. ആരോഗ്യസര്‍വകലാശാലയുടെ കോഴ്സില്‍ തന്നെ മറ്റുള്ളവര്‍ പഠിപ്പിച്ച കാര്യങ്ങളുമായി അതിന് കുറുക്കുവഴി ബന്ധങ്ങളുണ്ട്. ഇന്ത്യന്‍ ഫിലോസഫിയെക്കുറിച്ചുള്ള ക്ലാസ്സ്. വസ്ത്രധാരണത്തില്‍ പോലും അഹിംസ മുറുകെപ്പിടിച്ച ജൈനചിന്തകര്‍. ശ്വേതാംബരന്മാര്‍ എന്നും ദിഗംബരന്മാര്‍ എന്നും അവര്‍ രണ്ടായി പിരിഞ്ഞു. ദിഗംബരന്മാര്‍ വസ്ത്രം ധരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത ജീവികളുണ്ടാവാനും അവ വസ്ത്രങ്ങളില്‍ കുടുങ്ങി ചത്തുപോകാനുമുള്ള സാധ്യതയാണ് ഇതിന് കാരണമായി പറഞ്ഞത്. തൊടുന്നതിലൂടെയും ഇരിപ്പിടങ്ങളും ശയ്യയുമൊക്കെ പങ്കുവെക്കുന്നതിലൂടെയും ചില അസുഖങ്ങൾ പകരാമെന്ന് ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. 

കൃമികളെക്കുറിച്ച് പറയുമ്പോൾ ചില തരത്തിലുള്ള കൃമികൾ കണ്ണുകൊണ്ട് കാണില്ലെന്ന്പറയുന്നുമുണ്ട്... പക്ഷേ, രാജയക്ഷ്മാവെന്ന ക്ഷയരോഗത്തിന്‍റെ കാരണങ്ങളില്‍ സൂക്ഷജീവികള്‍ക്ക് പ്രാധാന്യം നല്കിയില്ല. കാലം മാറിക്കൊണ്ടേയിരുന്നു. മധ്യകാലഘട്ടത്തിലെത്തുമ്പോള്‍ കുറച്ചുകൂടി വെളിച്ചമുണ്ടായി. അബൂബക്കര്‍ മുഹമ്മദ്‌ സക്കരിയ്യ റാസി, ബഗ്ദാദില്‍ അല്‍ മുഅ്തദിദ്‌ ഹോസ്പിറ്റല്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയത് നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ വെച്ച ഇറച്ചി ക്കഷണങ്ങളില്‍ എവിടെ വെച്ചതാണ് ഏറ്റവുംകുറച്ച് ജീര്‍ണിച്ചത് എന്നുനോക്കിയാണ്. ഇബ്നു സുഹര്‍ കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്ത ജീവികളെക്കുറിച്ച് പറഞ്ഞു. ഇബ്നു സീന പകര്‍ച്ച വ്യാധികളെക്കുറിച്ച് കൃത്യമായ വിവരണം നല്കി.

കമ്പ്യൂട്ടറിലെ നെറ്റ്കണക്ഷന്‍ വീണ്ടും ദുര്‍ബലമായി വരികയാണ്. ശബ്ദമോ ദൃശ്യമോ ഇല്ല. ചക്രം വട്ടം കറങ്ങുന്നു. വിന്‍ഡോസിന്‍റെ ആദ്യത്തെ വേര്‍ഷനുകളില്‍ കമ്പ്യൂട്ടറിന് പെട്ടെന്ന് ചെയ്തുതീര്‍ക്കാനാവാത്ത പണിയെല്പിച്ചാല്‍ അവര്‍ ഗ്ലാസസ് തലകുത്തി മറിയുകയാണ് ചെയ്തിരുന്നത് . പക്ഷേ അന്നൊന്നും ഓണ്‍ലൈന്‍ മീറ്റിംഗുകളുടെ ആവശ്യമുണ്ടായിരുന്നില്ല . പിന്നീടത് ചക്രമായി. കാലത്തെ ചക്രം കൊണ്ട് പ്രതിനിധാനം ചെയ്യുന്നതില്‍ പലതുമുണ്ട്. ഒന്നാമതായി അതൊരു പ്രതീക്ഷയാണ്. ഋതുക്കളെപ്പോലെ എല്ലാം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ. പക്ഷേ, പല പ്രതീക്ഷകളും അസ്ഥാനത്താണെന്ന് മനസ്സിലാവുന്നതോടെ, കിഡ്നിക്കും ലിവറിനും കേടില്ലാത്ത മരുന്നെഴുതിത്തരണമെന്നുപറഞ്ഞ ഹിസ്റ്ററി പ്രൊഫസര്‍ പറഞ്ഞതുപോലെ ജീവിതം വേദനയായി മാറുന്നു. ഭൂതകാലത്തെ മധുരസ്മരണയും വര്‍ത്തമാനത്തെ, ഭാവിയെക്കുറിച്ചുള്ള ആകുലതയുമാക്കുന്ന വേദന.

കറങ്ങുന്ന ചക്രത്തില്‍ കയറി മനസ്സ് എങ്ങോട്ടോ യാത്ര ചെയ്യുന്നതിനിടയിലാണ് പെട്ടെന്നൊരു ആശയം തോന്നിയത്. കമ്പ്യൂട്ടറിലും സെല്‍ ഫോണിലും വെവ്വേറെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളാണ്. സെല്‍ഫോണില്‍ നിന്ന് വൈഫൈ കണക്ഷനിലൂടെ കമ്പ്യൂട്ടറില്‍ നെറ്റെടുക്കാം. അല്ലെങ്കില്‍ തത്കാലം ഫോണില്‍ തന്നെ മീറ്റിംഗ് അറ്റന്‍റ് ചെയ്യുകയുമാവാം.

ഫോണ്‍ കൈയിലെടുത്തപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് അജിത് ‌കുമാറിന്‍റെ വോയ്സ് മെസ്സേജാണ്.

'ഞാനൊരു സ്വപ്നം കണ്ടു. സാന്‍ ഫ്രാന്‍സിസ്കോയിലെ ബെയ്കര്‍ ബീച്ചിലൂടെ നടക്കുകയാണ് ഞാന്‍. നേരം സന്ധ്യ മയങ്ങുന്നു. കാര്‍മേഘം ഉരുണ്ടുകൂടുകയാണ്. അതൊരു ഭീകരജീവിയായി എന്നെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി.'

നോക്കിയപ്പോള്‍ അവന്‍ ഓണ്‍ലൈന്‍ ആണ്. അവിടെ പ്രഭാതമാവുന്നതെയുള്ളൂ. ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതാവണം. അതെല്ലെങ്കില്‍ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല. കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ അവന്‍റെ ഉറക്കമൊക്കെ ഇങ്ങനെയാണ്. ആള്‍ ഓണ്‍ലൈനായിട്ടുള്ള സ്ഥിതിക്ക് ഒരു ലൈവ് വോയ്സ്ചാറ്റാവാം. പ്രിന്‍സിപ്പാള്‍ എത്തി മീറ്റിംഗ് ഔദ്യോഗികസ്വഭാവമാര്‍ജിക്കാന്‍ ഇനിയും സമയമെടുക്കും.

'നീമയാസ്മ തിയറിയെക്കുറിച്ച് റോബര്‍ട്ട് സേയ്മര്‍ വരച്ച ചിത്രംകണ്ടിരുന്നോ?'

'മയാസ്മ തിയറിയോ മിയാസ്മ തിയറിയോ?'

'ഇന്ന് കേള്‍ക്കേണ്ടിവരുന്നത് മുഴുവന്‍ ഫൊണറ്റിക്സാണല്ലോ. കോളേജിലെ മീറ്റിംഗില്‍ സമ്മല്‍വീസിന്‍റെ ഉച്ചാരണഭേദങ്ങലെക്കുറിച്ചുള്ള ചര്‍ച്ച. ഇവിടെയാവട്ടെ, മയാസ്മയും മിയാസ്മയും തമ്മിലുള്ള സംഘര്‍ഷം. എന്തെങ്കിലുമാവട്ടെ നിനക്ക് മനസ്സിലായല്ലോ'

'തീര്‍ന്നില്ല, മിയാസ്മയെന്നും മിയാസമെന്നും പറയുന്നവരുണ്ട്. അതല്ല, ഇവിടെ അതുപറയാന്‍ കാരണം?'

'നിന്‍റെ സ്വപ്നം തന്നെ?'

'എന്‍റെ സ്വപ്നം?'

'സാന്‍ ഫ്രാന്‍സിസ്കോയിലെ ബേക്കര്‍ ബീച്ചില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘത്തെക്കുറിച്ചുള്ള ആ പേക്കിനാവിന് സേയ്മറുടെ ചിത്രവുമായി നല്ല സാമ്യതയുണ്ട്'

'മിയാസ്മ വരിഞ്ഞുമുറുക്കുമോ'
മയാസ്മയുടെ ചരിത്രവഴികള്‍ പലതാണ്. തനിക്കുചുറ്റുമുള്ള സൂക്ഷ്മജീവികളുടെ ലോകം മനുഷ്യന്‍റെ ബോധമണ്ഡലത്തിലെത്തിയത് പല തരത്തിലാണ്. മയാസ്മ സിദ്ധാന്തത്തില്‍ നേരിന്‍റെ അംശമുണ്ട്. ദുഷിച്ച അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ, ആ ബോധത്തില്‍ പിന്നീടെപ്പോഴോ വായു മേധാവിത്വം പുലര്‍ത്തുകയും പരിസ്ഥിതി ദുഷിക്കാനുള്ള മറ്റുള്ള കാരണങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു. വായു കൊടുങ്കാറ്റായും കൊടുങ്കാറ്റിലൂടെ സഞ്ചരിക്കുന്ന കാര്‍മേഘമായും മനുഷ്യന്‍റെ സ്വൈരം കെടുത്തി. മൂടൽമഞ്ഞിന്‍റെ സാന്നിധ്യം മിയാസ്മയുടെ സാന്നിധ്യമായി ജനങ്ങള്‍ വിലയിരുത്തി. പുകയോ മൂടൽമഞ്ഞോ പോലെ മയാസ്മ മനുഷ്യനെ ഭീതിപ്പെടുത്തി. വായു പ്രവാഹത്തില്‍ അത് വീശിയടിച്ച് രോഗം വിതയ്ക്കുമെന്ന് ആളുകള്‍ വിശ്വസിച്ചു. മിയാസ്മ മാന്ത്രികമാണ് മയാസ്മയെന്നു വരെ വിശ്വസിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു.'

'വെള്ളവും പ്രശ്നമാകുമെന്ന് ജോണ്‍ സ്നോ കണ്ടെത്തുന്നതുവരെ. അല്ലേ?'

'അതെ, ലോകത്തെ നടുക്കിയ മഹാമാരി; കോളറ. മരണമെന്ന കറുത്ത ഭൂതത്തെ കെട്ടഴിച്ചുവിട്ട അതിനെ കറുത്ത മരണമെന്ന് മനുഷ്യര്‍ വിളിച്ചു. പകര്‍ച്ചവ്യാധികളെ മുഴുവന്‍ അന്തരീക്ഷവായുവില്‍ കെട്ടിയിട്ട മയാസ്മ തിയരിക്കപ്പുറം വൈദ്യസമൂഹത്തിന് ചിന്തിക്കാനാവാതിരുന്ന കാലം. അങ്ങനെയിരിക്കെയാണ് ബ്രോഡ് സ്ട്രീറ്റ് കോളറ ഔട്ട്‌ബ്രെയ്കുണ്ടാവുന്നത്. ലണ്ടന്‍ നഗരത്തില്‍ കോളറ പടര്‍ന്നുപിടിച്ചു.

ലണ്ടൻ സെൻസസിന്‍റെ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഡോ. വില്യം ഫാർമിയാസ്മ സിദ്ധാന്തത്തിന്‍റെ പ്രധാനപ്പെട്ട പിന്തുണക്കാരനായിരുന്നു. കോളറ വായുവിലൂടെയാണ് പകരുന്നതെന്നും തേംസ്നദിക്കരയിൽ മിയാസ് മാറ്റയുടെ മാരകമായ സാന്ദ്രതയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ പൊതുവെ വായുവിന്‍റെ ഗുണനിലവാരം കുറയുന്നതിനാല്‍ അത്തരത്തിലുള്ള വിശ്വാസം ചോദ്യം ചെയ്യപ്പെട്ടില്ല. പക്ഷേ ജലവിതരണത്തിലെ പ്രശ്നമാണെന്ന് ജോണ്‍ സ്നോ കണ്ടെത്തിയതോടെ അവസ്ഥ മാറാന്‍ തുടങ്ങി.'

'ജോണ്‍ സ്നോയുടെ സ്മാരകമായി സോഹോയില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ പമ്പ് കഴിഞ്ഞ ലണ്ടന്‍ ടൂറില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ സ്ഥാപിച്ച പമ്പ് നഗര വികസത്തിന്‍റെ ഭാഗമായി രണ്ടായിരത്തി പതിനഞ്ചില്‍ പൊളിച്ചു മാറ്റുകയായിരുന്നു. രണ്ടായിരത്തി പതിനെട്ടില്‍ പുനഃസ്ഥാപിച്ചു.'

'ഞാന്‍ പീസിയിലെ നെറ്റ് കണക്ഷന്‍ വീക്കായപ്പോള്‍ കോളേജിലെ ഒരു മീറ്റിംഗില്‍ നിന്ന് ഇറങ്ങിവന്നതാണ്. തിരിച്ചുകയറേണ്ടതുണ്ട്. മരുന്നും ഭക്ഷണവുമൊക്കെ ശരിക്ക് കഴിക്കണം, കേട്ടോ. മീറ്റിംഗ് കഴിഞ്ഞ് വീണ്ടും ചാറ്റില്‍ വരാം.'

'എന്താണ് മീറ്റിംഗിന്‍റെ അജണ്ട?'

'ഔദ്യോഗികമായ അജണ്ടയിലേക്കുകടന്നിട്ടില്ല. ഒരു സാറിന്‍റെ കുടുംബപ്രശ്നം പരിഹരിക്കുകയെന്ന അണ്‍ ഒഫീഷ്യല്‍ അജണ്ടയിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. കൊറോണക്കാലത്ത് സാറ് കൈകഴികുന്നതിനെക്കുറിച്ച് ഭാര്യയ്ക്ക് പരിഭവം. സമ്മല്‍വീസിന്‍റെ ഗതി വരുമെന്ന് ഒരു വിഭാഗം. സമ്മല്‍വീസിന്‍റെ യാത്ര ബുദ്ധിമുട്ട് ലിസ്റ്റര്‍ അനുഭവിക്കേണ്ടി വന്നില്ലല്ലോയെന്ന ചോദ്യം മറ്റൊരു കൂട്ടര്‍ ഉയര്‍ത്തുന്നു.'

'ആ ചോദ്യത്തില്‍ കാര്യമുണ്ട്. ഇഗ്നാസ് സമ്മല്‍വീസിന്‍റെ കാലം കഴിഞ്ഞാണല്ലോ ജോസഫ് ലിസ്റ്റര്‍ ജനിക്കുന്നത്. ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവരുടെ യുദ്ധാശുപത്രികളിലും കൈകഴുകല്‍ നടപ്പിലാക്കിയിരുന്നു. അതൊക്കെകഴിഞ്ഞ് ഇന്നത്തെ കാലത്ത് ജീവിക്കുന്ന ആ സാറിന്‍റെ ബുദ്ധിമുട്ട് പിന്നെയും കുറയണമല്ലോ'

'പക്ഷേ, എല്ലാറ്റിനും ഒരു നിയോഗമുണ്ട്. ലെന്‍സുകള്‍ പണ്ടേയുണ്ടായിരുന്നു. എന്നാല്‍ അവയില്‍ രണ്ടെണ്ണമെടുത്ത് ഒരു കുഴലിന്‍റെ രണ്ടറ്റങ്ങളില്‍ വെച്ചുനോക്കണമെന്ന തോന്നല്‍ ആര്‍ക്കുമുണ്ടായില്ല. പിന്നീടങ്ങനെ ചെയ്തപ്പോള്‍ മിറാക്കിള്‍സ് സംഭവിച്ചു. ഗലീലിയോ വിദൂരലോകം കണ്ടപ്പോള്‍ തലതിരിച്ചു പിടിച്ച റോബര്‍ട്ട് ഹുക്കും ല്യുവന്‍ ഹുക്കും കണ്ടത് സൂക്ഷ്മലോകമാണ്. രണ്ടായാലും കണ്ണുകള്‍ കൊണ്ട് സാധാരണഗതിയില്‍ കാണാന്‍ പറ്റാത്ത ലോകം.'

'പക്ഷേ കാര്യങ്ങള്‍ സംശയമില്ലാത്ത വിധത്തില്‍ തെളിഞ്ഞു വരാന്‍ പിന്നെയും വൈകിയില്ലേ? മത്തിയാസ്ശ്ലീഡനും തിയോഡോര്‍ശ്വാനും സെല്‍ തിയറിയും ലൂയി പാസ്ചര്‍ ജേം തിയറിയും കൊണ്ടുവരുന്നതുവരെയെങ്കിലും'

'അതാണ്‌ ഞാന്‍ പറഞ്ഞത് എല്ലാറ്റിനും ഒരു നിയോഗം വേണമെന്ന്. പലരുടെയും നിഗമനങ്ങള്‍ സ്വന്തമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാറ്റുരച്ച് ലൂയി പാസ്ചര്‍രോഗാണു സിദ്ധാന്തം ആവിഷ്കരിച്ചതും ഫെര്‍ഡിനന്റ് ല്യൂങ്കെ കണ്ടെത്തിയ കാര്‍ബോളിക് ആസിഡിന്‍റെ ഗുണഗണങ്ങള്‍ തെളിഞ്ഞുവന്നതുമൊക്കെ ജോസഫ് ലിസ്റ്റര്‍ക്ക് ആന്‍റി സെപ്റ്റിക് സര്‍ജറിയില്‍ മുന്നേറാന്‍ സഹായകമായി. ശസ്ത്രക്രിയ മൂലമുള്ള പഴുപ്പ്, കാർബോളിക് ആസിഡ് ഉപയോഗിച്ച് കഴുകുന്നതിലൂടെ ഒഴിവാക്കാമെന്ന അദ്ദേഹത്തിന്‍റെ കണ്ടെത്തലിന് വലിയ എതിര്‍പ്പുണ്ടായില്ല . 

'ഓപ്പറേഷൻ തിയേറ്ററും ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളുമൊക്കെ അണുവിമുക്തമാക്കാന്‍ തുടങ്ങി'

'ഇഗ്നാസ് സെമല്‍വെയ്സിന്‍റെ ക്ലോറിനേറ്റഡ് ലൈം ലായനിക്കും ജോസഫ് ലിസ്റ്റര്‍ ഉപയോഗിച്ച കാര്‍ബോളിക് ആസിഡിനും പൊതുവായി ഒന്നുണ്ടായിരുന്നു, നാറ്റം അകറ്റാനുള്ള കഴിവ്'

'അതെ, പലതും മനുഷ്യന്‍ മനസ്സിലാക്കിയത് അങ്ങനെയാണ്; മൂത്രത്തില്‍ ഉറുമ്പരിക്കുന്നതില്‍ നിന്ന് പ്രമേഹം മനസ്സിലാക്കിയ പ്രാചീനകാലത്തെ വൈദ്യന്മാരെപ്പോലെ'

'പക്ഷേ, നാറ്റം ആദ്യകാലത്ത് ചെറുതായി വഴിതെറ്റിച്ചിട്ടുമുണ്ട്'

'അതൊക്കെ സ്വാഭാവികമാണ്. ദുര്‍ഗന്ധം രോഗകാരണമെന്ന്, അതിനും കാരണമായ രോഗാണുവിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് തോന്നി. അത് മയാസ്മ തിയറിയുടെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളിലെത്തിച്ചു.'

'അതെ, കൃത്യമായ വിവരങ്ങളില്ലാതെ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചവരെയാണ് നാം അപ്രീഷിയേറ്റ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ എമിലിറോക്സുമായി ചേര്‍ന്നുകൊണ്ട് ലൂയി പാസ്ചര്‍ ഡവലപ്പ് ചെയ്ത റാബീസ്‌ വാക്സിനേഷനേക്കാള്‍ വാല്യു എഡ്വേര്‍ഡ് ജന്നറിന്‍റെ സ്മോള്‍ പോക്സ് വാക്സിനേഷനാണ്'

'പൂര്‍ണമായും അങ്ങനെ പറയാനാവില്ല. എഡ്വേര്‍ഡ് ജന്നറിനും മുമ്പ് അനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഇനോക്കുലേഷന്‍ രീതി ആവിഷ്കരിച്ച ജനവിഭാഗങ്ങളെ നാം ആദരിക്കെണ്ടതല്ലേ? മാത്രമല്ല, ബാക്ടീരിയയെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും വൈറസ്സിന്റെ കാര്യത്തില്‍ ലൂയി പാസ്ചര്‍ റാബീസ്‌ വികസിപ്പിക്കുന്ന കാലത്ത് വലിയ അറിവുണ്ടായിരുന്നില്ല. പ്രീഡിഗ്രി ക്ലാസ്സില്‍ ബോട്ടണിട്ടീച്ചര്‍ പറഞ്ഞ ദിമിത്രി ഇവാനോവ്സ്കിയുടെ കഥ ഓര്‍ക്കുന്നില്ലേ? മാര്‍ട്ടിനസ്ബെയ്ജറിന്‍ക്, വിഷം ദ്രാവകം എന്നര്‍ഥമുള്ള ലാറ്റിന്‍ പദം വൈറസ് ഉപയോഗിക്കുന്നതിന് ആറുവര്‍ഷം മുമ്പ് പുകയിലയിലെ മൊസൈക്രോഗത്തിന്‍റെ പുറകെ പോയ റഷ്യക്കാരനായ ശാസ്ത്രകുതുകി'

'ഈയിടെയായി, മെഡിസിന് ചേര്‍ന്നതിനുശേഷമുള്ള വൈറോളജി ക്ലാസ്സിനെക്കാള്‍ കൂടുതല്‍ ഓര്‍ക്കുന്നത് ആ സംഭവമാണ്. അതിന് കാരണമുണ്ട്. അന്ന് തിരിഞ്ഞു നിന്ന് ബ്ലാക്ക് ബോര്‍ഡില്‍ വൈറസ്സിന്റെ ചിത്രം വരയ്ക്കുകയായിരുന്ന ടീച്ചറിന്‍റെ ബ്ലൗസ്സിലേക്ക് കടലാസ്സുറോക്കറ്റ് പറത്തിവിട്ടവര്‍ ഇന്ന് അറിയപ്പെടുന്ന ബിസിനസ്സുകാരാണ്. അന്ന് നന്നായി പഠിച്ച നമ്മള്‍ രോഗികള്‍ക്കിടയില്‍ വൈറസ്സിനെ പേടിച്ച് പണിയെടുക്കുന്നു.'

'ഇപ്പറഞ്ഞത് പൂര്‍ണമായും ശരിയല്ല. കൊറോണക്കാലം അവരെയും ബാധിച്ചിട്ടുണ്ട്. ബിസിനസ്സൊക്കെ ഡള്ളാണ്. ഫോര്‍ത്ത് ഗ്രൂപ്പിലുണ്ടായിരുന്ന ഫിറോസ്‌ ഈയിടെ വിളിച്ചിരുന്നു. അവനിന്ന് ഏതോ കോളേജിലെ ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ എച്ചോഡിയാണ്. ബിസിനസ്സ് രംഗത്ത് കൊറോണയുടെ ഇംപാക്ടിനെക്കുറിച്ച് കുറേയേറെ സംസാരിച്ചു. രോഗം കൊണ്ടുള്ള മരണത്തെക്കാള്‍ ഭയക്കേണ്ടത് ലോക്ക് ഡൗണിനെ തുടര്‍ന്ന്ഉണ്ടാവാന്‍ പോകുന്ന പട്ടിണിമരണത്തെയാണെന്നും പറഞ്ഞു'

'അതല്ല, നിന്‍റെ മീറ്റിംഗിന് സമയമായില്ലേ?'

'ഹാ... ശരിയാണ്'

മീറ്റിംഗില്‍ കയറിയപ്പോള്‍ പ്രിന്‍സിപ്പാളിന്‍റെ ക്ഷമാപണമാണ് കേട്ടത്. വൈസ് ചാന്‍സലര്‍ വിളിച്ചുചേര്‍ത്ത അഫിലിയേറ്റഡ് കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ മീറ്റിംഗ് അപ്രതീക്ഷിതമായി നീണ്ടുപോയതാണത്രെ.

ഫോറന്‍സിക് മെഡിസിന്‍ എച്ചോഡി സമാധാനിപിക്കുന്നുണ്ടായിരുന്നു,

'സാരമില്ല സാറേ, തിരക്കുള്ളവരൊക്കെ മീറ്റിംഗ് തുടങ്ങുമ്പോള്‍ അറിയിക്കണമെന്നുപറഞ്ഞ് ഔട്ടായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ കുടുംബകാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ലൈനില്‍ കുത്തിയിരുന്നുള്ളൂ'

മീറ്റീംഗ് കഴിഞ്ഞ് കോൺഫറൻസ് ആപ്പിൽ നിന്ന് പുറത്തിറങ്ങി മറ്റുള്ള ആപ്പുകളിൽ അലയുന്നതിനിടയിൽ ജ്യേഷ്ഠന്റെ വാട്സ് ആപ്പ് സന്ദേശം,

'ചെറിയമ്മാവൻ പറമ്പിൽ കാൽ തെറ്റി വീണു. കാസർക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണിപ്പോൾ; പിന്നീട് വിളിക്കാം.'

Also read:

നോഹയുടെ പ്രവചനം (അധ്യായം നാല്)

കന്നിമൂലയും നിഖാബും പിന്നെ നെഗറ്റീവ് എനര്‍ജിയും (അധ്യായം അഞ്ച്)

'ഡാര്‍വിനും മാല്‍ത്തൂസും' (അധ്യായം ആറ്)

അള്‍ത്താരയും ക്ലീവേജുകളും (അധ്യായം ഏഴ്)

ബ്ലാക്ക് ഫോറസ്റ്റ് (അധ്യായം എട്ട്)

ഹിറ്റ്‌ലറുടെ മകന്‍ (അധ്യായം ഒമ്പത്)

കൊറോണാദേവി (അധ്യായം പത്ത്)

ഹേര്‍ഡ് ഇമ്യൂണിറ്റി  (അധ്യായം 11)

അഗ്നിമീളേ പുരോഹിതം... (അധ്യായം 12)

ദജ്ജാലിന്റെ കയറ്  (അധ്യായം13)

ഡിങ്കസഹസ്രനാമം  (
അധ്യായം 14)

ഡാര്‍വിന്‍റെ ബോധിവൃക്ഷം(അധ്യായം 15
)

അപൂര്‍വവൈദ്യനും ഹലാല്‍ ചിക്കനും അധ്യായം 16

സിംബയോസിസ് 
അധ്യായം 17

സംക്രാന്തികള്‍ അധ്യായം 18

ആയിരയൊന്ന് രാവുകള്‍ത്തി അധ്യായം 19

സാനിറ്റൈസര്‍ ട്രാജഡിഅധ്യായം 20

ക്വാറന്റൈന്റെ ഇതിഹാസംഅധ്യായം 21

സ്‌പെയിനിലെ വസന്തംഅധ്യായം 22

കഴുകന്റെ സുവിശേഷം23

തോറയും താല്‍മുദും24

ക്ലിയോപാട്രയുടെ മൂക്ക്25


മൊണാലിസയുടെ  കാമുകന്‍ 27









Keywords: Athijeevanam Malayalam Novel, Indrajith, Corona, Covid 19, Survival, Pandemic, Homo sapiens, Livings in Lilliput.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia