കാണാതായ മത്സ്യബന്ധന ബോട്ടിലെ 10 തൊഴിലാളികളെയും രക്ഷപെടുത്തി
Oct 6, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/10/2015) തിങ്കളാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ടിലെ പുഞ്ചാവി കടപ്പുറത്തെ 10 തൊഴിലാളികളേയും കോസ്റ്റുഗാര്‍ഡും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപെടുത്തി. തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനം നടത്തി തിരിച്ചെത്തി വൈകുന്നേരം മൂന്ന് മണിയോടെ വീണ്ടും മത്സ്യബന്ധനത്തിനു പോയ കാഞ്ഞങ്ങാട് പുഞ്ചാവിയിലെ 'ഓംകാരം' ബോട്ടിലെ തൊഴിലാളികളാണ് കാറ്റിലും കോളിലുംപെട്ട് അപകടത്തില്‍പെട്ടത്.
ബോട്ട് ഉടമ കാഞ്ഞങ്ങാട് കൊത്തിക്കാല്‍ കടപ്പുറത്തെ ചന്ദ്രന്‍ (58), പുഞ്ചാവി സ്വദേശികളായ മണി (26), ബാലകൃഷ്ണന്‍ (28), പ്രവീണ്‍ (30), മുകേഷ് (30), ഷാജി (30), മണി (28), അജേഷ് (30), രാജേഷ് (28) കൊല്‍ക്കൊത്ത സ്വദേശി ഒലീവ് റഹ്്മന്‍ (28) എന്നിവരാണ് അപകടത്തില്‍പെട്ടത്. ചെറുവത്തൂര്‍ അഴീത്തലയില്‍ നിന്നും 17 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് അപകടത്തില്‍പെട്ടത്. പിന്നീട് ഒരു രാത്രി മുഴുവന്‍ തൊഴിലാളികള്‍ ജീവന്‍ പണയംവച്ച് ബോട്ടിനു പുറത്തു പിടിച്ചു തൂങ്ങി കിടക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രി 2.30 മണിയോടെയ നിര്‍ത്തിയ തിരച്ചില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കോസ്റ്റുഗാര്‍ഡിന്റെയും നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍ ഫോര്‍ട്ട് എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ പുനരാരംഭിക്കുകയായിരുന്നു.
ഇതിനിടെയാണ് ബോട്ട് മറിഞ്ഞു ഒഴുകിനടക്കുന്നത് തിരച്ചില്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. രാവിലെ എട്ട് മണിയോടെ തൈക്കടപ്പുറം മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികളെ എത്തിക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് അവിടെയെത്തിയത്. അവശരായ മത്സ്യതൊഴിലാളികളെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Fish Boat Held, Nileshwaram, Boat, Missing, Kanhangad, Kasaragod, Kerala, Police, Natives, Fishermen,