city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചവിട്ടുനാടകവും വ്യാജരേഖാ നാടകവും: വിവാദം കനക്കുന്നതിനിടെ സ്‌കൂളിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഉദുമ: (www.kasargodvartha.com 05/02/2015) ചവിട്ടുനാടക മത്സരത്തില്‍ ജില്ലയില്‍ അയോഗ്യരാക്കിയ ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ സംസ്ഥാന തലത്തില്‍ മത്സരിപ്പിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

കുറ്റകൃത്യത്തിനു കൂട്ടുനിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും  നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സ്‌കൂളിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞത് ഉന്തിനും തള്ളിനും വഴിവെച്ചു. ഉദുമ ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തിന് സമീപം ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞപ്പോഴാണ് ഉന്തും തളളുമുണ്ടായത്.

എം. ഗിരീഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, വാസു മാങ്ങാട്, ഗീത കൃഷ്ണന്‍, സുകുമാരി ശ്രീധരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ചന്ദ്രന്‍ കരിച്ചേരി, നോയല്‍ ടോം ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രഭാകരന്‍, അരവിന്ദന്‍, പ്രദീപന്‍, ഗോപി ബാര, അന്‍വര്‍ മാങ്ങാട്, രഞ്ജിത്ത് ആര്യടുക്കം, രാമകൃഷ്ണന്‍ നാലാംവാതുക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചവിട്ടു നാടക മത്സരത്തില്‍ ജില്ലാതലത്തില്‍ ഉദുമ സ്‌കൂളിനു ഒന്നാം സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും കലോത്സവ ചട്ടം ലംഘിച്ചാണ് അവര്‍ മത്സരിച്ചതെന്നു കണ്ടെത്തി അധികൃതര്‍ സ്‌കൂള്‍ ടീമിനെ അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ജില്ലയില്‍ എ. ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതായി വ്യാജ രേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചു  സ്‌കൂള്‍ സംസ്ഥാന തലത്തില്‍ മത്സരിക്കുകയായിരുന്നു. ഈ വസ്തുത പുറത്താവുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ലോകായുക്ത ബന്ധപ്പെട്ടവരില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.

ഉദുമ മുന്‍ എം.എല്‍.എ.യും, സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി. കുഞ്ഞിരാമനോടും ചവിട്ടുനാടകം അവതരിപ്പിച്ച ടീമിലെ അംഗവും ഉദുമ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ മകളോടും ലോകായുക്തയ്ക്കു മുന്നില്‍ നേരിട്ടുഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നതായും വിവരമുണ്ട്.  നിയമസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകായുക്താ കോടതിയില്‍ ഫെബ്രുവരി 25നു രാവിലെ 10.45നു നേരിട്ടു ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതതെന്നാണ് വിവരം.

മകള്‍ ഉള്‍പെടെയുള്ള ഉദുമ സ്‌കൂള്‍ ടീമിനെ അയോഗ്യതയുണ്ടായിട്ടും സംസ്ഥാന കലോത്സവത്തില്‍ മത്സരിപ്പിക്കാന്‍ കെ.വി. കുഞ്ഞിരാമന്‍ തെറ്റായ രേഖകള്‍ സമര്‍പിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.  ഹരജിയില്‍ രേഖപ്പെടുത്തിയ ഒപ്പുകള്‍ വ്യാജമാണെന്നും ആക്ഷേപമുണ്ട്.

സി.പി.എം. നേതാവായ കെ.വി. കുഞ്ഞിരാമനിലേക്കു ആരോപണങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചിനും ധര്‍ണയ്ക്കും രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുന്നു.

ചവിട്ടുനാടകവും വ്യാജരേഖാ നാടകവും: വിവാദം കനക്കുന്നതിനിടെ സ്‌കൂളിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia