Celebration | മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം; വിസ്ഡം 'സർഗവസന്തം' പരിപാടിയിൽ കലാപ്രതിഭയായി റസ്‌വ സൈനബ്
● മദ്റസ സർഗവസന്തം പരിപാടിയിൽ കാഞ്ഞങ്ങാട് കോംപ്ലക്സ് 505 പോയിൻറ് നേടി ചാമ്പ്യന്മാരായി
● പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി റസ്‌വ സൈനബ് കലാപ്രതിഭയായി.
കാസർകോട്: (KasargodVartha) വിസ്ഡം ജില്ലാ മദ്റസ സർഗവസന്തം പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി റസ്‌വ സൈനബ് കലാപ്രതിഭയായി. ചിൽഡ്രൻസ് വിഭാഗത്തിൽ അറബി പദ്യം ചൊല്ലൽ, അറബി ആംഗ്യ പാട്ട്, ഇസ്‌ലാമിക് ഗാനം മലയാളം എന്നീ വ്യക്തിഗത ഇനങ്ങളിലും മലയാളം സംഘഗാനം, അറബി സംഘഗാനം എന്നിവയിലുമാണ് ഈ അതുല്യ പ്രതിഭ തന്റെ കഴിവുകൾ തെളിയിച്ചത്.
എസ്.പി.നഗർ സലഫി മദ്റസയിൽ പഠിക്കുന്ന റസ്‌വ സൈനബ്, ചെമനാട് സ്വദേശി സി.എൽ ഖലീൽ - ഖദീജത്ത് സക്കിയ ദമ്പതികളുടെ മകളാണ്. സ്കൂൾ കലോത്സവങ്ങളിലും വിവിധ മത്സരങ്ങളിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുള്ള ഈ പ്രതിഭ കുടുംബത്തിനും സ്‌കൂളിനും അഭിമാനമാണ്.
ബദിര പി.ടി എം.എ യു പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന റസ്‌വ സൈനബ് നേരത്തെ സബ്ജില്ല സ്കൂൾ കലോൽസവത്തിൽ അറബിക് പദ്യം ചൊല്ലലിൽ (ജനറൽ വിഭാഗം) ഫസ്റ്റ് എ ഗ്രേഡും, അറബിക് കലോത്സവത്തിൽ അറബിക് ആംഗ്യ പാട്ടിലും, അറബിക് ഗാനത്തിലും, ഗ്രൂപ്പ് അറബിക് ഗാനത്തിലും എ ഗ്രേഡ് നേടിയിരുന്നു. റസ്‌വയുടെ സഹോദരി റുവ ഫാത്തിമയും സർഗവസന്തത്തിലെ വിവിധ മത്സരങ്ങളിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
സർഗവസന്തം: കാഞ്ഞങ്ങാട് കോംപ്ലക്സ് ജേതാക്കൾ
വിസ്ഡം എജുക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്റസ സർഗവസന്തം പരിപാടിയിൽ കാഞ്ഞങ്ങാട് കോംപ്ലക്സ് 505 പോയിൻറ് നേടി ചാമ്പ്യന്മാരായി. 490 പോയിൻറ് നേടിയ കാസർകോട് കോംപ്ലക്സ് രണ്ടാം സ്ഥാനവും, 453 പോയിൻറ് നേടിയ മഞ്ചേശ്വരം കോംപ്ലക്സ് മൂന്നാം സ്ഥാനവും നേടി.
എ.കെ.എം. അഷ്റഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു. ഡോ. ഫാരിസ് മദനി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി അരിമല, ആരിഫ് കടമ്പാർ, സി.എം. മുനീർ, നാസിർ മല്ലം, ഷാഹിദ് സ്വലാഹി, നൂറുൽ ഇംതിയാസ് നായന്മാർമൂല, അഫ്സൽ കൊമ്പനടുക്കം, അസീസ് പാറക്കട്ട, അബ്ദുറഹ്മാൻ ഹൊസങ്കടി എന്നിവർ പങ്കെടുത്തു.
മഞ്ചേശ്വരം, കാസർകോട്, ചെർക്കള, കാഞ്ഞങ്ങാട് എന്നീ നാല് കോംപ്ലക്സുകളിൽ നിന്നായി 350 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഉപ്പള എം.എസ് ഗ്ലോബൽ സ്കൂളിൽ ഏഴ് വേദികളിലായി 110 ഇനങ്ങളിൽ മത്സരം നടന്നു. വിസ്ഡം എജുക്കേഷൻ ബോർഡ് അഞ്ചാം, എട്ടാം ക്ലാസുകളിലെ പൊതു പരീക്ഷയിൽ ജില്ലയിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കും, കുറഞ്ഞ സമയം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ കുട്ടികൾക്കും എ.കെ.എം. അഷ്റഫ് എം.എൽ.എ അവാർഡ് കൈമാറി.
സമാപന സമ്മേളനത്തിൽ അഷ്ക്കർ ഇബ്റാഹിം ഒറ്റപ്പാലം, നൗഫൽ ഒട്ടുമ്മൽ, ഷാഹിദ് സ്വലാഹി എന്നിവർ സംസാരിച്ചു. അബൂബക്കർ ഉപ്പള, അബൂതമാം, നാസിർ മല്ലം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
#CulturalTalent, #Sargavasantham, #RasuSainab, #Kasargod, #FirstPlace, #YouthCompetitions