ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് മജിസ്‌ട്രേറ്റിന് അസ്‌റീനയുടെ മൊഴി; ഭര്‍ത്താവ് പിടിയില്‍
Sep 9, 2016, 13:30 IST
ശരീരത്തില്‍ 95 ശതമാനവും പൊള്ളലേറ്റ അസ്‌റീന ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. അസ്‌റീനയുടെ പരാതിയില്‍ നഫീസിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നഫീസിനെ വെള്ളിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ അപേക്ഷ പ്രകാരം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് അസ്‌റീനയുടെ മൊഴിയെടുത്തത്. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശികളാണ് നഫീസും അസ്‌റീനയും. ഇവര്‍ ആറ് മാസം മുമ്പാണ് വിവാഹിതരായത്. ഒരുമാസം മുമ്പാണ് വിദ്യാനഗര്‍ ചാലയിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.
തയ്യല്‍ക്കാരനായ നഫീസ് അസ്‌റീനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പരിസരവാസികള്‍ പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നത് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് തീ ആളിക്കത്തുന്നത് കണ്ടത്.
തീയണച്ച് അസ്‌റീനയെ ഉടന്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്ന് അസ്‌റീന ഡോക്ടറോടും പിന്നീട് മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും വെളിപ്പെടുത്തിയിരുന്നു. നിലഗുരുതരമായതിനാല്‍ അസ്‌റീനയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod, Custody, Hospital, Kerosene, Case, Family, Police, Fire, Mangalore, Tailor.