Inspection | കാസർകോട്ടെ അടക്കം വടക്കൻ കേരളത്തിലെ കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന; പലയിടത്തും അപാകതകൾ; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
● വടക്കൻ കേരളത്തിലെ 186 കാറ്ററിംഗ് യൂണിറ്റുകൾ പരിശോധിച്ചു
● 10 യൂണിറ്റുകൾ ലൈസൻസ് ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തി
കാസർകോട്: (KasargodVartha) ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ അടക്കം വടക്കൻ കേരളത്തിലെ കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലായി 186 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയതെന്നും മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ ഈ പരിശോധനയിൽ നിരവധി അപാകതകൾ കണ്ടെത്തി.
പരിശോധനയിൽ ലൈസൻസ് ഇല്ലാത്തതും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 10 സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. കൂടാതെ 45 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും ആറ് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കാറ്ററിംഗ് യൂണിറ്റുകളിലെ ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്‌പോർട്ട് ചെയ്യുന്ന രീതികൾ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. 24 സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.